വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
Published : 13th April 2016 | Posted By: SMR
കാഞ്ഞങ്ങാട്: പുതിയ കാര്‍ഷിക വര്‍ഷത്തിന്റെ തുടക്കം കുറിക്കുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രാലയങ്ങളിലും തിരക്ക് അധികമായതിനാല്‍ ഷട്ടര്‍ അടച്ചാണ് കച്ചവടം നിയന്ത്രിച്ചത്.
ഹാന്‍വീവ്, ഖാദി സ്റ്റോറുകളില്‍ റിബേറ്റുള്ളതിനാല്‍ വിഷുക്കോടി വാങ്ങാന്‍ വന്‍തിരക്ക് അനുഭവപ്പെടുന്നു. കണിക്കലങ്ങളും കൃഷ്ണവിഗ്രഹങ്ങളുമായി വഴിയോര വാണിഭവും സജീവമായി. നഗരത്തിലെ വഴിവാണിഭം ഒരു കുടക്കീഴിലേക്ക് മാറ്റി സ്ഥാപിച്ചതിനാല്‍ നഗരത്തിലെ ഗതാഗത തടസത്തിന് അല്പം ശമനമുണ്ടായി.
ചക്കയും മാങ്ങാക്കുലയും കണിവെള്ളരിയുമായി പച്ചക്കറിക്കടകള്‍ വിഷുവിന് വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ലോഡുകണക്കിന് പച്ചക്കറികളാണ് കടകളില്‍ സ്ഥാനം പിടിച്ചത്. ഇന്ന് രാവിലെയോടെ കൊന്നപ്പൂക്കളും വിപണിയില്‍ സജീവമാവും.
വില കുറഞ്ഞ വസ്ത്രങ്ങള്‍ വില്‍ക്കുന്ന വഴിയോര കച്ചവട കേന്ദ്രങ്ങളിലാണ് സ്ത്രീകളുടേയും കുട്ടികളുടേയും വന്‍തിരക്ക്. ഇന്നലെ വിഷുത്തിരക്ക് നിയന്ത്രിക്കാന്‍ പോലിസ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. നഗരത്തിലെ പാര്‍ക്കിങ് സൗകര്യം കുറവായതില്‍ വൈകിട്ടോടെ ഗതാഗത തടസം രൂക്ഷമായിരുന്നു. ജില്ലയിലെ കച്ചവട കേന്ദ്രമായ കാഞ്ഞങ്ങാടേക്ക് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങുവാന്‍ മലയോര പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയതോടെ വാഹനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
വിഷുപ്രമാണിച്ച് ഇറച്ചി കോഴിയുടെ വില കുതിച്ചുയരുന്നു. ഒരു മാസം മുമ്പ് കിലോവിന് 90 രൂപയുണ്ടായിരുന്ന ഇറച്ചി കോഴിയുടെ വില ഇന്നലെ 125 രൂപയിലെത്തി. ചൂട് കനത്തതോടെ കാസര്‍കോട്ടെ ഇറച്ചി കോഴിഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നത് കാരണം ഉല്പാദനം കുറഞ്ഞതാണ് ഇറച്ചിക്കോഴികളുടെ വില വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. കാസര്‍കോട്ടെ വിപണിയിലേക്ക് ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇറച്ചി കോഴികള്‍ എത്തുന്നത്.
എന്നാല്‍ ആഘോഷങ്ങള്‍ അടുക്കുമ്പോള്‍ മാത്രം വില കൂട്ടുകയാണ് വ്യാപാരികള്‍ ചെയ്യുന്നതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. നാടന്‍ ആട്ടിറച്ചിയുടെ വില കിലോവിന് 450 രൂപയാണ്. കര്‍ണാടകയില്‍ നിന്നും കൊണ്ടുവരുന്ന ആട്ടിറച്ചിക്ക് 400 രൂപയാണ് കിലോവിന് വില. മാട്ടിറച്ചിക്ക് വില 280 രൂപയാണ്. നല്ല മല്‍സ്യങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റിലെത്തുന്നില്ല. കാസര്‍കോട് നഗരത്തിലും വിഷുവിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോര കച്ചവടവും തകൃതിയായി നടക്കുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.