|    Sep 19 Wed, 2018 8:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘വിഷമിക്കേണ്ട എല്ലാം ശരിയാവും’ കേരളത്തിന് ആശ്വാസ വാക്കുകളുമായി ബാലിക

Published : 1st September 2018 | Posted By: kasim kzm

കൊച്ചി: ‘വിഷമിക്കേണ്ട എല്ലാം ശരിയാവും’ ഹൈദരാബാദില്‍ നിന്നു കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്കിടയില്‍ ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഹൈദരാബാദിലെ ടൈംസ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മാളവിക അലീക്കലാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കായി വിദ്യാലയത്തില്‍ ശേഖരിച്ച സാധനങ്ങള്‍ക്കൊപ്പം പ്രതീക്ഷയുടെ ഈ കുറിപ്പ് എഴുതിവച്ചത്.
പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിനു പുറത്താണെങ്കിലും ജന്മംകൊണ്ട് മലയാളിയാണ് മാളവിക. കേരളത്തില്‍ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോള്‍ ആകെ വിഷമത്തിലായിരുന്നു. ദുരിതബാധിതര്‍ക്ക് വിദ്യാലയത്തില്‍ നിന്ന് അവശ്യ സാധനങ്ങള്‍ കൊടുക്കാ ന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കുട്ടികളോടും തങ്ങളാല്‍ കഴിയുന്നത് കൊണ്ടുവരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം അമ്മയോട് പറഞ്ഞു തന്റെ കൊച്ചു ബുദ്ധിയില്‍ തോന്നിയ സാധനങ്ങള്‍ വാങ്ങി. വസ്ത്രങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ബിസ്‌കറ്റ്, നോട്ടുബുക്കുകള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങി അതു പായ്ക്കറ്റിലാക്കി സ്‌കൂളില്‍ ഏല്‍പ്പിച്ചു. അതിനൊപ്പം ആശ്വാസവാക്കുകളും അവള്‍ എഴുതിച്ചേര്‍ത്തു. മലയാളം എഴുതാന്‍ അറിയാത്ത അവള്‍ ഡോണ്ട് വറി എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളം അമ്മയോട് ചോദിച്ചു. അമ്മയാണ് അവളുടെ ആവശ്യപ്രകാരം വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നല്‍കിയത്. അതിനു താഴെ തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും അവള്‍ വരച്ചുചേര്‍ത്തു.
നാട്ടില്‍ വെള്ളപ്പൊക്കമാണെന്നു കേട്ടപ്പോള്‍ അവള്‍ ആകെ വിഷമത്തിലായിരുന്നുവെന്നും സ്‌കൂളില്‍ നിന്നു സാധനങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെയാണ് അവള്‍ സാധനങ്ങള്‍ വാങ്ങി സുരക്ഷിതമായി പൊതിഞ്ഞു വിദ്യാലയത്തില്‍ ഏ ല്‍പ്പിച്ചതെന്നും അമ്മ സോണി പറയുന്നു. ഇത്തരമൊരു കുറിപ്പ് തന്നോട് എഴുതിത്തരാന്‍ പറഞ്ഞെങ്കിലും അത് ബോക്‌സിനൊപ്പം വച്ചത് താന്‍ അറിഞ്ഞില്ലെന്നും അമ്മ പറയുന്നു.
ടൈംസ് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നു ശേഖരിച്ച സാധനങ്ങള്‍ ഹൈദരാബാദിലെ ഗൂഞ്ച് ട്രോപ്പിങ് സെന്ററിലാണ് ഏല്‍പ്പിച്ചത്. വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടെ എത്തിയ സാധനങ്ങള്‍ തരംതിരിച്ചു പായ്ക്ക് ചെയ്യുന്നതിനിടയിലാണ് മാളവികയുടെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ആ കുറിപ്പും സാധനങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഹൈദരാബാദില്‍ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മാങ്കാവ് പട്ടേല്‍താഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് മാളവിക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss