|    Apr 26 Thu, 2018 8:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

“വിഷമയം ഡല്‍ഹി”: കടുത്ത പുകമഞ്ഞ്; അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു

Published : 7th November 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: കടുത്ത പുകമഞ്ഞ് മൂലം ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ വായു മലിനീകരണത്തോത് അതിഭീകരമായ അവസ്ഥയില്‍. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയേ ഇനി സ്‌കൂള്‍ പ്രവര്‍ത്തിക്കൂ. ശനിയാഴ്ച നഗരത്തിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഡല്‍ഹിയിലെയും രാജ്യതലസ്ഥാന മേഖലയിലെയും (എന്‍സിആര്‍) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഞ്ചുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ പത്തുദിവസത്തേക്ക് നിരോധിച്ചു. കഴിവിന്റെ പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ ജനങ്ങളോട് അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. പുകയും മഞ്ഞും കലര്‍ന്ന വായുവില്‍ സാധാരണ കാഴ്ചാപരിധി 200 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. അടിയന്തര സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും വിലയിരുത്തി. പരിസ്ഥിതിമന്ത്രാലയം ഡല്‍ഹിയിലെയും അയല്‍സംസ്ഥാനങ്ങളിലെയും പരിസ്ഥിതി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹി ഒരു ഗ്യാസ് ചേംബറായി മാറിയെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദേവ് പറഞ്ഞു.
പരിഹാര നടപടികള്‍ ആലോചിക്കുന്നതിന് ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. പൊടിയും പുകയും മഞ്ഞും കൂടിച്ചേര്‍ന്ന് വൃത്തിഹീനമായ അന്തരീക്ഷംമൂലം ജനജീവിതം ദുസ്സഹമാണ്. ആളുകള്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ശ്വാസതടസ്സം അനുഭവപ്പെടുന്നതായും കണ്ണിന് അസ്വസ്ഥതയുണ്ടാവുന്നതായും പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടു രഞ്ജി മല്‍സരങ്ങള്‍ റദ്ദാക്കുകയുണ്ടായി. 1,800 സ്‌കൂളുകള്‍ പരിസ്ഥിതിപ്രശ്‌നം ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. മലിനീകരണം ഇതേ അളവില്‍ നിലനില്‍ക്കുകയാണെങ്കില്‍ സ്‌കൂളുകളുടെ അവധി തുടരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. സ്‌കൂളുകളും ഓഫിസുകളും എറെക്കാലത്തേക്ക് അടച്ചിടുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ ജനറേറ്ററുകള്‍ നിരോധിച്ചതിനാല്‍ അത് ഉപയോഗിക്കുന്ന അനംഗീകൃത കോളനികളിലേക്ക് വൈദ്യുതി എത്തിക്കും. ബദര്‍പൂരിലെ കല്‍ക്കരി പ്ലാന്റ് പത്തുദിവസത്തേക്ക് അടച്ചിടും. നേരത്തേ വിജയകരമായി നടത്തിയ ഗതാഗത പരിഷ്‌കാരമായ ഒറ്റ, ഇരട്ട രീതിയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്ന രീതി തിരികെ കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം പത്തുമുതല്‍ റോഡുകളില്‍ പൊടിശല്യം കുറയ്ക്കാന്‍ വാക്വംക്ലീനര്‍ ഉപയോഗിക്കും. കൃത്രിമമഴ പെയ്യിച്ച് മലിനീകരണത്തോത് കുറയ്ക്കാനുള്ള സാധ്യതകളും എഎപി സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്.
17 വര്‍ഷത്തിനിടെയുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. വായുവിലെ വിഷാംശത്തിന്റെ അളവ് സുരക്ഷിത പരിധിയും കടന്ന് 13 ഇരട്ടിയാണ് രേഖപ്പെടുത്തിയത്. ഇതു പ്രതിദിനം 20 സിഗരറ്റ് വലിക്കുന്നതുമൂലം ഹൃദയത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യത്തിനു സമാനമാണെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആസ്ത്മ, ഹൃദ്രോഗ രോഗികളും കുട്ടികളും ഏറെ സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. മുഖംമൂടി ധരിച്ചാണ് മിക്കയാളുകളും പുറത്തിറങ്ങുന്നത്. റോഡുകളിലെ പുകമഞ്ഞ് കാരണം വാഹനാപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും കരിമരുന്നുകളും കത്തിച്ചതും വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടങ്ങളില്‍ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് അഗ്‌നിക്കിരയാക്കിയതും മൂലമുള്ള പുകപടലങ്ങളാണ് സ്ഥിതി വഷളാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss