|    Oct 16 Tue, 2018 12:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിഷം കലര്‍ന്ന മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവം; പ്രതി അറസ്റ്റില്‍

Published : 9th October 2018 | Posted By: kasim kzm

മാനന്തവാടി: വിഷം കലര്‍ന്ന മദ്യം കഴിച്ച് വയനാട്ടില്‍ അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മദ്യത്തില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയ മാനന്തവാടിയിലെ സ്വര്‍ണാഭരണ തൊഴിലാളിയായ ആറാട്ടുതറ പാലത്തിങ്കല്‍ പി പി സന്തോഷി (46)നെയാണ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള കേസുകള്‍ അന്വേഷിക്കുന്ന എസ്എംഎസ് (സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്) ഡിവൈഎസ്പി കെ പി കുബേരന്‍ അറസ്റ്റ് ചെയ്തത്.
സയനൈഡ് കലര്‍ന്ന മദ്യം കഴിച്ച് വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്‌നായി, മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവരാണ് മരിച്ചത്. തിഗ്‌നായിക്ക് മദ്യം നല്‍കിയ മാനന്തവാടി സ്വദേശി സജിത്ത് കുമാറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതി സന്തോഷാണ് സജിത്ത് കുമാറിനു വിഷം കലര്‍ത്തിയ മദ്യം നല്‍കിയത്. സജിത്ത് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, മദ്യത്തില്‍ വിഷം കലര്‍ത്തിയ വിവരം അറിയാതെ സജിത്ത് തിഗ്‌നായിക്ക് നല്‍കി. ഇതു കഴിച്ചാണ് തിഗ്‌നായിയും മകനും ബന്ധുവും മരിച്ചത്.
2014ല്‍ സന്തോഷിന്റെ സഹോദരി ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു.
ഇതിനു കാരണക്കാരന്‍ സജിത്താണെന്ന വിശ്വാസവും ഇപ്പോള്‍ തന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന സംശയവുമാണ് സജിത്തിനെ കൊലപ്പെടുത്താന്‍ സന്തോഷ് തീരുമാനിക്കാന്‍ കാരണമെന്നു പോലിസ് പറഞ്ഞു. സന്തോഷില്‍ നിന്ന് ഇടയ്ക്ക് സജിത്ത് മദ്യം വാങ്ങിച്ചിരുന്നു. സ്വന്തം ഉപയോഗത്തിനാണ് സജിത്ത് മദ്യം വാങ്ങുന്നതെന്നായിരുന്നു സന്തോഷിന്റെ വിശ്വാസം. എന്നാല്‍, സജിത്തിന് മദ്യപാനശീലം ഉണ്ടായിരുന്നില്ല. മറ്റാളുകള്‍ക്ക് നല്‍കുന്നതിനു വേണ്ടിയായിരുന്നു മദ്യം വാങ്ങിച്ചിരുന്നത്.
കഴിഞ്ഞ രണ്ടിനായിരുന്നു വിഷം കലര്‍ന്ന മദ്യം കഴിച്ചുള്ള കൂട്ടമരണം. പൂജാകര്‍മങ്ങള്‍ ചെയ്യുന്ന തിഗ്‌നായിയുടെ കുടുംബവുമായി സജിത്തിന് നേരത്തേ മുതല്‍ ബന്ധമുണ്ട്. മകളുടെ കൈയില്‍ ചരട് കെട്ടാനായി പോയപ്പോഴാണ് മദ്യം നല്‍കിയത്. മദ്യം കഴിച്ച തിഗ്‌നായി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് കരുതിയത്. തിഗ്‌നായിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാത്രിയില്‍ മകന്‍ പ്രമോദും ബന്ധു പ്രസാദും കുപ്പിയില്‍ അവശേഷിച്ചിരുന്ന മദ്യം കഴിക്കുകയും മരിക്കുകയുമായിരുന്നു. അപ്പോഴാണ് മരണകാരണം മദ്യമാണെന്നു മനസ്സിലായത്.
മൃതദേഹങ്ങള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ സയനൈഡ് പോലുള്ള മാരകവിഷം അകത്തുചെന്നാണ് മരണമെന്ന് റിപോര്‍ട്ട് നല്‍കി. പിന്നീട് പോലിസ് ഫോറന്‍സിക് ലാബില്‍ മദ്യത്തിന്റെ സാംപിള്‍ പരിശോധിച്ചതില്‍ മദ്യത്തില്‍ കലര്‍ത്തിയത് പൊട്ടാസ്യം സയനൈഡാണെന്ന് തെളിഞ്ഞു.
സന്തോഷ് പണിയെടുത്തിരുന്ന സ്ഥാപനത്തിന്റെ ഉടമ സ്വര്‍ണപണിക്കായി സൂക്ഷിച്ചിരുന്ന സയനൈഡ് സന്തോഷ് എടുത്തുകൊണ്ടുപോയി വീട്ടില്‍വച്ച് മദ്യത്തില്‍ കലര്‍ത്തുകയായിരുന്നു. നേരത്തേ തമിഴ്‌നാട്ടില്‍ നിന്നു സുഹൃത്ത് വാങ്ങിനല്‍കിയ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പിയില്‍ മാനന്തവാടിയില്‍ നിന്നു മദ്യം വാങ്ങി ഒഴിച്ച് അതിലാണ് സയനൈഡ് കലര്‍ത്തിയത്.
സയനൈഡിന്റെ കുപ്പിയും മാനന്തവാടിയില്‍ നിന്നു മദ്യംവാങ്ങിയ പ്ലാസ്റ്റിക് ബോട്ടിലും അടുപ്പിലിട്ട് കത്തിച്ചു. ഇതിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി പോലിസ് ശേഖരിച്ചിട്ടുണ്ട്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss