|    Dec 10 Mon, 2018 10:13 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വിശ്വാസികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്

Published : 18th November 2018 | Posted By: kasim kzm

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

ഇന്ത്യയിലെ ക്രൈസ്തവ സഭാവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ സംഭവമായിരുന്നു ആറു കന്യാസ്ത്രീകള്‍ എറണാകുളത്തെ വഞ്ചി സ്‌ക്വയറില്‍ പ്രക്ഷോഭത്തിന് എത്തിയത്. കന്യാസ്ത്രീകള്‍ പൊതുവില്‍ മഠത്തിനുള്ളില്‍ ശുശ്രൂഷകളുമായി ഒതുങ്ങിക്കഴിയുന്നവരാണ്. ലോകപരിചയം കുറവുള്ളവരുമാണ്. സഭാപിതാക്കന്മാരുടെ വാക്കുകള്‍ ദൈവവചനമായി കാണുന്നവരും ഒരര്‍ഥത്തില്‍ അടിമസമാനമായ സാമൂഹിക പദവി അനുഭവിക്കുന്നവരുമാണ്. ഈ മിണ്ടാപ്രാണികള്‍ അവകാശങ്ങള്‍ക്കു വേണ്ടി എഴുന്നേറ്റുനിന്നു വാദിക്കുമെന്ന് ആരും കരുതിയിരുന്നില്ല. കന്യാസ്ത്രീകള്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ജനങ്ങളോട് തുറന്നുപറയുന്നത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവസഭാ വിശ്വാസികള്‍ മനസ്സിലാക്കേണ്ടത് യൂറോപ്പില്‍ സഭ നേരിട്ട പ്രശ്‌നങ്ങളെയാണ്. യൂറോപ്പില്‍ ഇതിനകം സഭ തളര്‍ന്നുകഴിഞ്ഞു. അവിടെ പടുവൃദ്ധരൊഴികെ ആരും ഇപ്പോള്‍ പള്ളികളില്‍ പോവാറില്ല. പള്ളികള്‍ പലതും ഹോട്ടലുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ശ്രീശ്രീ രവിശങ്കര്‍, അമൃതാനന്ദമയി തുടങ്ങി കിഴക്കുനിന്നെത്തുന്ന ആത്മീയാചാര്യന്‍മാര്‍ സത്‌സംഗങ്ങള്‍ നടത്തുന്നത് പലപ്പോഴും വാടകയ്‌ക്കെടുക്കുന്ന പള്ളിക്കെട്ടിടങ്ങളിലാണ്.
അവിടെ ചെറുപ്പക്കാരും സ്ത്രീകളുമൊക്കെ പള്ളിയെ ഉപേക്ഷിച്ചത് സഭ നയിച്ച മെത്രാന്മാരുടെയും കര്‍ദിനാള്‍മാരുടെയുമൊക്കെ ആത്മീയാനുഭവങ്ങളില്‍ സംശയം തോന്നിത്തുടങ്ങിയതുകൊണ്ടാണ്. അവിടെ മെത്രാന്‍മാരുടെ പ്രവൃത്തികള്‍ ജനങ്ങളില്‍ നിന്നു സഭയെ അകറ്റി. വിശ്വാസികളെ പള്ളിയുടെ ശത്രുക്കളാക്കി മാറാനാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചത്. അവരുടെ ജീവിതവും സഭാപ്രഘോഷണങ്ങളും തമ്മില്‍ പൊരുത്തമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ ആത്മീയതയ്ക്കായി സഭയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
സേവനപ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ആനുകൂല്യങ്ങള്‍ ലഭിച്ചുതുടങ്ങുകയും ചെയ്തതോടെ ആനുകൂല്യങ്ങള്‍ക്കായി പൗരസമൂഹത്തിനു പള്ളികളെ ആശ്രയിക്കേണ്ടതില്ലെന്നുവന്നു. പിന്നെ പള്ളിയുടെ ആവശ്യമെന്താണ്? ആത്മീയത തേടിയ യൂറോപ്യന്മാരും അമേരിക്കക്കാരുമൊക്കെ രജനീഷിനെയും ശ്രീശ്രീയെയും അമൃതാനന്ദമയിയെയുമൊക്കെ ആശ്രയിക്കുന്നത് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കു മടുപ്പു തോന്നിയതോടെയാണ്. കിഴക്കുനിന്ന് യോഗയും ധ്യാനവുമൊക്കെ പരിശീലിപ്പിക്കുന്ന ഗുരുക്കന്മാര്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും വലിയ ആശ്രമങ്ങള്‍ ഉണ്ടാക്കി. പതിനായിരക്കണക്കിനു ശിഷ്യഗണങ്ങളെ വിവിധ രാജ്യങ്ങളില്‍ സമാഹരിച്ചെടുത്തു. ക്രിസ്ത്യാനികള്‍ക്ക് വിശ്വാസ്യതയുള്ള ആത്മീയാനുഭവങ്ങള്‍ സഭാനേതൃത്വത്തിനു നല്‍കാനാവുന്നില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായിട്ടുള്ളത്.
കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഇടതുപക്ഷ തീവ്രവാദികള്‍ സഭയ്‌ക്കെതിരേ നടത്തുന്ന പ്രക്ഷോഭമാണെന്ന് നിരന്തരം പ്രചരിപ്പിക്കാനാണ് സഭാനേതൃത്വം ശ്രമിച്ചത്. ക്രിസ്തുവിന്റെ ഏതു സഭാനിയമപ്രകാരമാണ് ഈ സമരം സഭാവിരുദ്ധമായിത്തീരുന്നതെന്ന് അവര്‍ വിശദീകരിക്കേണ്ടതുണ്ട്. ബലാല്‍സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പല തട്ടില്‍ പലര്‍ക്കും പരാതി നല്‍കി. ഒരു പ്രതികരണവുമുണ്ടായില്ല. ഒടുവില്‍ സഹോദരനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഭയപ്പെട്ട അവര്‍ റോമിലേക്ക് ഉത്തരവാദപ്പെട്ടവര്‍ക്കു പരാതി അയച്ചു. ഇതെല്ലാം സഭാനേതൃത്വം അവഗണിച്ചു.
പോലിസില്‍ പരാതിപ്പെട്ടപ്പോള്‍ 80 ദിവസം അനങ്ങാതിരിക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്. ഒടുവില്‍ ജനങ്ങള്‍ക്കിടയില്‍ വരാതെ നിവൃത്തിയില്ലെന്ന് കന്യാസ്ത്രീകള്‍ക്ക് ബോധ്യമായി. അവസാനത്തെ നടപടിയെന്ന നിലയിലാണ് അവര്‍ ഈ സമരം തുടങ്ങിയത്. അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു സമരം. അനീതി പരിഹരിക്കാന്‍ തയ്യാറാവാത്ത സഭാനേതൃത്വത്തിനാണ് ഈ സമരത്തിന്റെ ഉത്തരവാദിത്തം. ഇത്തരമൊരു പരാതി കിട്ടിയിട്ട് അനങ്ങാതിരുന്ന സര്‍ക്കാരിനും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാവില്ല. 164 സ്റ്റേറ്റ്‌മെന്റ് കൊടുത്ത ഒരു കേസില്‍ ബലാല്‍സംഗം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അപൂര്‍വ സംഭവമാണെന്ന് ജ. കമാല്‍പാഷ പ്രതികരിച്ചത് നാം ഓര്‍ക്കണം.
ഇത്തരമൊരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതി ചാനലുകളില്‍ ചര്‍ച്ചയ്‌ക്കെത്തി സ്വന്തം വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും വാദിയെ പ്രലോഭനത്തിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ കേരള സര്‍ക്കാര്‍ നിസ്സംഗമായി കണ്ടുനിന്നു. അന്വേഷണം നീട്ടിക്കൊണ്ടുപോവുകയും പ്രതിയെ രക്ഷിക്കുകയും കേസില്ലാതാക്കിത്തീര്‍ക്കുകയുമായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം.
ജനാധിപത്യ വ്യവസ്ഥയുടെ പരാജയം അരാജകത്വത്തിലേക്കാണ് സമൂഹത്തെ നയിക്കുക. പണമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി വരും. ഈയിടെ മാധ്യമശ്രദ്ധ നേടിയ ഭൂമി കുംഭകോണ കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് തെറ്റു പറ്റിയെന്നതു വ്യക്തമാണ്. ഭൂമി കുംഭകോണം, അഭയ കേസ് എന്നിവയിലെല്ലാം സഭയ്ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പക്ഷേ, തിരുത്താന്‍ എന്തു ചെയ്തു? പണമുള്ളവര്‍ എന്തു തെറ്റു ചെയ്താലും ചോദിക്കാനാളില്ല. 500 രൂപ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലങ്ങളോളം ജയിലില്‍ കിടക്കുന്ന നാട്ടില്‍ കോടികളുടെ കുംഭകോണം നടത്തിയവര്‍ വിലസി നടക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചയാണ് പ്രകടമാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മിണ്ടുന്നില്ല. പാവപ്പെട്ടവന്റെ കാര്യത്തില്‍ അഭിപ്രായമുണ്ട്. പണക്കാരന്റെ കാര്യത്തില്‍ അഭിപ്രായമില്ല. ഇടതിനും വലതിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്.
കന്യാസ്ത്രീകളുടെ പ്രശ്‌നത്തില്‍ സര്‍വത്ര അരാജകത്വം നിലനിന്നപ്പോഴാണ് പൊതുസമൂഹം ഇടപെട്ടത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കുര്‍ബാനയ്ക്കു പള്ളികളില്‍ വരില്ലെന്ന് വിശ്വാസികള്‍ നിലപാടെടുത്തു. സിസ്റ്റര്‍ അനുപമയ്‌ക്കെതിരേ ഭീഷണി വന്നപ്പോള്‍ സിസ്റ്ററെ തൊട്ടാല്‍ തെരുവിലിറങ്ങുമെന്ന് വിശ്വാസികള്‍ ഉറപ്പിച്ചു പറഞ്ഞു. ഇതിന്റെ ആഘാതം എന്തെന്ന് സഭാനേതൃത്വം തിരിച്ചറിയുന്നില്ല.
കന്യാസ്ത്രീകളുടെ പ്രശ്‌നത്തില്‍ സഭയ്ക്കു വേണ്ടി ഡല്‍ഹി ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണിക്കുളങ്ങര പരസ്യമായി മാപ്പു ചോദിച്ചത് ശ്രദ്ധേയമാണ്. ‘ഞങ്ങളുടെ നിശ്ശബ്ദതയാണ് നിങ്ങളെ വേദനിപ്പിച്ചത്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വാസിസമൂഹത്തിനു സന്തോഷം നല്‍കി. അതിലൊരു എതിര്‍ശബ്ദമുണ്ട്. സത്യത്തിനൊപ്പം നിര്‍ഭയം നിലയുറപ്പിക്കുക എന്ന ഈ നിലപാട് വിശ്വാസിസമൂഹത്തിന് ആശ്വാസകരമായിരുന്നു. എന്നാല്‍, പൊതുവില്‍ സഭാനേതൃത്വം ആരോപണവിധേയനായ ബിഷപ്പിനൊപ്പമാണ് ഉറച്ചുനില്‍ക്കുന്നത്.
ഫ്രാങ്കോ ബിഷപ്പിനെ സ്ഥാനത്തുനിന്നു നീക്കം ചെയ്യാന്‍ വത്തിക്കാന്‍ തയ്യാറാവാത്തത്, ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികപീഡന കുറ്റത്തിനെതിരേ നിരന്തരം നടത്തുന്ന ഉദ്‌ബോധനങ്ങളുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. സമ്പത്ത് കുമിഞ്ഞുകൂടിയതിനാല്‍ ജീര്‍ണത ബാധിച്ച സഭയെ ദരിദ്രരുടെ സഭയാക്കണമെന്ന ചിന്തയോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം വിശ്വാസികളും വൈദികരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അണിനിരന്നത്.
ലൈംഗിക അതിക്രമങ്ങള്‍ സഭയിലും സമൂഹത്തിലും ഉണ്ടാവാന്‍ പാടില്ല. അതിനുള്ള സംസ്‌കാരം സമൂഹത്തിനു വേണം. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ മൂടിവയ്ക്കാനും പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗരൂകമായി നിലപാട് എടുക്കണം. ലൈംഗികാതിക്രമം ഇല്ലാതാക്കണമെന്ന് പൗരോഹിത്യത്തോട് സമൂഹം ആവശ്യപ്പെടണം. ഇപ്പോഴത്തേത് കമ്മ്യൂണിസ്റ്റുകാരുടെ ശബ്ദമല്ല. ഈ പുതിയ സമരം വിശ്വാസിസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പാണ്. അധ്വാനിക്കാതെ പണം വരുകയും അതിന്റെ സമ്പന്നതയില്‍ ആറാടുകയും ചെയ്യുന്ന സഭാനേതൃത്വത്തിനെതിരേ ചിന്തിക്കുന്ന വിശ്വാസിസമൂഹം നിശ്ശബ്ദത വെടിയാന്‍ തീരുമാനിച്ചതിന്റെ അടയാളപ്പെടുത്തലാണ് ഈ സമരം.
ഇത് സഭയുടെ നവീകരണത്തിനും നിലനില്‍പിനും വേണ്ടിയുള്ള സമരമാണ്. മുഴുവന്‍ സ്ത്രീമുന്നേറ്റങ്ങള്‍ക്കും മാതൃകയാണിത്. ഇതിലുള്ള സ്ത്രീകളുടെ മുന്‍കൈ അവരുടെ വിജയമായി കാണണം. സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന കൂട്ടായ്മ മുഴുവന്‍ സ്ത്രീസമരങ്ങള്‍ക്കും പിന്തുണ നല്‍കുന്ന വിധത്തില്‍ വളരേണ്ടതുണ്ട്. ലോകത്തെങ്ങും സ്ത്രീമുന്നേറ്റങ്ങള്‍ അധികാരം ഉറപ്പിക്കുമെന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന ‘മീ ടൂ’ മുന്നേറ്റത്തിലുണ്ട്. ഇതു പുതിയ കാലത്തിനു വേണ്ടിയുള്ള സമരമാണ്. ി

(തയ്യാറാക്കിയത്: കെ എസ് ഹരിഹരന്‍)
കടപ്പാട്: മറുവാക്ക്, നവംബര്‍ 2018

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss