|    Mar 23 Thu, 2017 6:02 am
FLASH NEWS

‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ ഖേദം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

Published : 20th August 2016 | Posted By: SMR

വാഷിങ്ടണ്‍: മുസ്‌ലിം വിരുദ്ധതയും അഭയാര്‍ഥി വിരുദ്ധതയും തുളുമ്പുന്ന വിവാദ പ്രസ്താവനകളില്‍ ഒടുവില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കുറ്റസമ്മതം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ശേഷം ഇതാദ്യമായാണ് ട്രംപിന് മനംമാറ്റമുണ്ടാവുന്നത്.
തന്റെ രൂക്ഷമായ പ്രസ്താവനകള്‍ പലരിലും വേദനയുണ്ടാക്കിയിരിക്കാം. സംവാദങ്ങള്‍ ചൂടുപിടിച്ച അവസരങ്ങളില്‍ താന്‍ പറഞ്ഞുപോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പുപ്രചാരണത്തിനായുള്ള സമിതിയില്‍ അഴിച്ചുപണി നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം. തന്റെ പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചതായും രോഷാകുലരാക്കിയെന്നും തിരിച്ചറിഞ്ഞതായും അത് തിരഞ്ഞെടുപ്പില്‍ തന്നെ ഒറ്റപ്പെടുത്തുന്നതിലേക്ക് നയിച്ചെന്നും ട്രംപ് പറഞ്ഞു.
പ്രചാരണം ചൂടുപിടിച്ചപ്പോള്‍ സംസാരിക്കാന്‍ ശരിയായ വാക്കുകള്‍ തിരഞ്ഞെടുത്തില്ല. തെറ്റായ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്- നോര്‍ത്ത് കാരലൈനയിലെ ഷാര്‍ലറ്റില്‍ ഒരു റാലിയിലാണ് നേരത്തേ തയ്യാറാക്കിയ പ്രസംഗം ട്രംപ് അവതരിപ്പിച്ചത്.
വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനതില്‍ കുറ്റബോധം അറിയിക്കുന്നു. പ്രത്യേകിച്ചു വ്യക്തിപരമായി അത് വേദനയുണ്ടാക്കിയവര്‍ക്ക്. ബുധനാഴ്ചയാണ് പ്രചാരണത്തിന് പുതിയ സമിതിയെ നിയോഗിക്കുന്നതായി ട്രംപ് അറിയിച്ചത്. വിവാദങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് ട്രംപ് ശ്രമം നടത്തുന്നതെന്ന് നേരത്തേ ആരോപണങ്ങളുയര്‍ന്നിരുന്നു.
കഴിഞ്ഞ ആഴ്ചകളിലായി വോട്ടര്‍മാര്‍ക്ക് സ്ഥിരമായ ഒരു സന്ദേശം നല്‍കാന്‍ പോലും ട്രംപിന് സാധിച്ചിരുന്നില്ല. വിവാദങ്ങളില്‍ താന്‍ നേരത്തേ മുന്നോട്ടുവച്ച നയങ്ങള്‍ മുങ്ങിപ്പോവുകയായിരുന്നു. ഇതില്‍ നിന്നും കര കയറാനുള്ള അടവായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാഖ് അധിനിവേശക്കാലത്ത് യുഎസ് സൈന്യത്തില്‍ പ്രവര്‍ത്തിച്ച് പോരാടി മരിച്ച മുസ്‌ലിം സൈനികന്റെ പിതാവ് ട്രംപിനെതിരേ നടത്തിയ പ്രസ്താവനയും അതിനു വളരെ മോശമായ രീതിയില്‍ ട്രംപ് നല്‍കിയ മറുപടിയും ട്രംപിന് ഏറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തു. മല്‍സരബുദ്ധി കുറച്ച് താന്‍ മറന്നുപോയ രാജ്യത്തെ മറ്റു വിഭാഗക്കാരുടെ ഭാവിക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് 81 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ മനംമാറ്റം.
എല്ലാ നിറത്തിലുള്ള കുട്ടികളെയും അമേരിക്കയുടെ സ്വപ്‌നത്തിന്റെ ഭാഗമാക്കുന്നതുവരെ താനിനി വിശ്രമിക്കില്ലെന്നു പറഞ്ഞ ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനു മതഭ്രാന്താണെന്നു പറയാനും മറന്നില്ല. ഹിലരി മതം നോക്കിയാണ് പല നിറത്തിലുള്ളവരെയും വശത്താക്കുന്നതെന്നു പറഞ്ഞതിലൂടെ കറുത്തവര്‍ഗക്കാരെ നേരിട്ടു സ്വാധീനിക്കാനും ട്രംപ് ശ്രമം നടത്തി. അടുത്തിടെ വന്ന അഭിപ്രായസര്‍വേകളില്‍ ട്രംപിന്റെ സാധ്യത കുറഞ്ഞതായി രേഖപ്പെടുത്തിയിരുന്നു.

(Visited 237 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക