|    Dec 16 Sun, 2018 12:22 pm
FLASH NEWS
Home   >  Editpage  >  Article  >  

വിശ്വകര്‍മ സമുദായവും വെല്ലുവിളികളും

Published : 4th September 2018 | Posted By: kasim kzm

പി എ കുട്ടപ്പന്‍

സാമൂഹിക-രാഷ്ട്രീയ നവോത്ഥാന ചരിത്രത്തില്‍ ഒരിക്കലും ഇടംപിടിക്കാത്തവരാണ് വിശ്വകര്‍മ സമുദായം. ഉപനയനങ്ങളിലൂടെ പൂണൂല്‍ ധരിച്ച് സവര്‍ണത്വം സ്വീകരിച്ചുകൊണ്ട് മാനസികമായി അയിത്തം ആചരിക്കുന്നവരുമാണ് ഇക്കൂട്ടര്‍. ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നതിലും അത് അക്ഷരാര്‍ഥത്തില്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കുന്നതിലും വിശ്വകര്‍മ സമുദായം ഒട്ടും പിന്നിലല്ല. എന്നാല്‍, ഹിന്ദുമത ജാതിവ്യവസ്ഥയിലെ അടിക്കണക്കനുസരിച്ചുള്ള അയിത്താചരണപ്രകാരം ബ്രാഹ്മണരില്‍ നിന്ന് 60 അടിയോളം അകലത്തില്‍ മാറിനില്‍ക്കേണ്ടവരാണ് തങ്ങളെന്ന സത്യം സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നവരുമാണ് വിശ്വകര്‍മജര്‍.വിശ്വകര്‍മ സമൂഹം കേരളത്തില്‍ പിന്നാക്ക സമുദായമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗരംഗത്ത് മൂന്നു ശതമാനവും 2015ലെ ഭേദഗതിപ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് രണ്ടു ശതമാനവും സംവരണം അനുവദിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭ്യമായ അവകാശങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ഉല്‍ക്കണ്ഠയോ അന്വേഷണത്വരയോ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷം വിശ്വകര്‍മജരും.കേരള ജനസംഖ്യയില്‍ 28 ലക്ഷത്തോളം വരുന്ന വിശ്വകര്‍മ സമുദായം പിന്തള്ളപ്പെട്ട ഒരു സമൂഹമാണ്. മറ്റുള്ളവര്‍ക്ക് ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കുകയും സ്വന്തമായി ഇരിപ്പിടം ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍. രണ്ടു കാര്യങ്ങള്‍ക്കു മാത്രമാണ് അതീവതാല്‍പര്യത്തോടെ വിശ്വകര്‍മ സമൂഹം മുന്നിട്ടിറങ്ങാറുള്ളത്; ഒന്ന്, ഋഷിപഞ്ചമി. രണ്ട്, വിശ്വകര്‍മ ദിനാഘോഷം. ഇതു രണ്ടും കഴിഞ്ഞാല്‍ അവര്‍ നിശ്ശബ്ദരാവും. ഇതിനിടയില്‍ ക്ലബ്ബുകള്‍ നടത്തുന്നതുപോലെ പുസ്തക വിതരണവും ഒരു തീര്‍ത്ഥാടനയാത്രയും. സമൂഹത്തില്‍ എന്ത് അനീതി നടന്നാലും അതിനോടൊന്നും പ്രതികരിക്കാതെ മാറിനില്‍ക്കുകയാണു പതിവ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയാധികാര മേഖലയില്‍ കയറിപ്പറ്റാന്‍ സാധിക്കാതെ പോവുകയും ചെയ്തു.പൊതുവെ ഇങ്ങനെയൊക്കെയാണെങ്കിലും പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ട് എല്ലാവിഭാഗം ജനങ്ങള്‍ക്കും രാജ്യത്തിനും സേവനം ചെയ്തുപോരുന്നവരാണ് വിശ്വകര്‍മജര്‍. തലമുറകളിലൂടെ നിലനിര്‍ത്തിപ്പോരുന്ന കുലത്തൊഴിലുകളില്‍ നിന്നു ലഭ്യമാവുന്ന നാമമാത്രമായ വരുമാനം മാത്രമാണ് ഉപജീവനമാര്‍ഗം. വിശ്വകര്‍മജര്‍ ബഹുഭൂരിഭാഗവും പരമ്പരാഗത കുലത്തൊഴിലിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. തൊഴില്‍രംഗത്ത് സ്ഥിരമായ ഒരു മുതലാളിയില്ല. സ്ഥിര വരുമാനമോ ബോണസോ മറ്റാനുകൂല്യങ്ങളോ ഒന്നും തന്നെ ലഭ്യമല്ലാത്ത ഒരു സമൂഹമാണ് വിശ്വകര്‍മ സമുദായം.ജനാധിപത്യ രാഷ്ട്രീയസംവിധാനത്തില്‍ രാഷ്ട്രീയാധികാരമില്ലാതെ, വിനീതവിധേയരായി അടിമത്തം നിലനിര്‍ത്തുന്ന ദയനീയാവസ്ഥയിലാണ് വിശ്വകര്‍മജര്‍ ജീവിക്കുന്നത്. എല്ലാതരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിശ്വകര്‍മജരെ കറിവേപ്പില പോലെയാണു കാണുന്നത്. ജാതിപരമായ വിവേചനം പ്രകടമാക്കി അധികാരസ്ഥാനങ്ങളും വിഭവങ്ങളും പങ്കുവയ്ക്കുന്നിടത്ത് വിശ്വകര്‍മ സമുദായത്തെ തീണ്ടാപ്പാടകലെയാണ് നിര്‍ത്തുന്നത്. എന്നിട്ടും വിശ്വകര്‍മ സമുദായം പാഠംപഠിക്കുന്നില്ല. സമ്പത്തും പദവികളും അധികാരങ്ങളും സവര്‍ണര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന മനുസ്മൃതി സിദ്ധാന്തത്തെ ഭയഭക്തിബഹുമാനത്തോടെ നോക്കിക്കാണുന്ന വിധേയത്വ മനോഭാവം അവസാനിപ്പിക്കാന്‍ വിശ്വകര്‍മജര്‍ തയ്യാറാവണം.സാമൂഹികനീതിയുടെയും ജനാധിപത്യ അവകാശത്തിന്റെയും കടക്കല്‍ കത്തിവയ്ക്കുന്ന ജാതിവിവേചനത്തിന്റെ ഇരകളാണ് വിശ്വകര്‍മ സമൂഹം. വ്യവസായം, വിദ്യാഭ്യാസം, ഭൂമി, രാഷ്ട്രീയാധികാരം എന്നീ മേഖലകളില്‍ സമാനതകളില്ലാത്തവിധം വിശ്വകര്‍മ സമുദായം പിന്തള്ളപ്പെട്ടിരിക്കുകയാണ്. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ അന്ധവിശ്വാസവും വര്‍ഗസമരസിദ്ധാന്തത്തിലൂന്നിയ അടിമത്തവും വിശ്വകര്‍മജരെ പുരോഗതിയുടെ പാതയില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നു. സാമൂഹികനീതിക്കും നവോത്ഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ ജീവിതവും വിപ്ലവസമരങ്ങളും നയിച്ച മഹാത്മ അയ്യങ്കാളി, ശ്രീനാരായണഗുരു, ഡോ. ബി ആര്‍ അംബേദ്കര്‍, മഹാത്മ ഫൂലേ തുടങ്ങിയവരെപ്പോലെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വിശ്വകര്‍മ സമുദായത്തില്‍ ഇല്ലാതെ പോയത് കടുത്ത നഷ്ടമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്, സാമൂഹികനീതിക്കും സമത്വത്തിനും രാഷ്ട്രീയാധികാരത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ മേല്‍പ്പറഞ്ഞ മഹാന്‍മാരുടെ ആശയങ്ങള്‍ അംഗീകരിച്ചും അവര്‍ണപക്ഷ നിലപാടുകള്‍ സ്വീകരിച്ചും വിശ്വകര്‍മജര്‍ മുന്നോട്ടുപോവണം.ജനാധിപത്യത്തില്‍ വോട്ടാണ് ആയുധം. രാഷ്ട്രീയാധികാരമാണ് അടിമത്തം അവസാനിപ്പിക്കാനുള്ള മാര്‍ഗം. രാഷ്ട്രീയാധികാരമില്ലാത്ത സമൂഹം അടിമകള്‍ക്കു സമാനമാണെന്ന അംബേദ്കറുടെ നിരീക്ഷണം വിശ്വകര്‍മ സമുദായത്തെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. എട്ടു ശതമാനം വരുന്ന വിശ്വകര്‍മജര്‍ കേരളത്തില്‍ ഒറ്റയ്ക്കു നിന്ന് മല്‍സരിച്ചാല്‍ രാഷ്ട്രീയാധികാരം നേടിയെടുക്കാന്‍ കഴിയില്ല. എട്ടു ശതമാനത്തെ 50 ശതമാനമാക്കി മാറ്റാന്‍ കഴിയുന്ന രാഷ്ട്രീയബോധം വികസിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയാധികാരം നേടിയെടുക്കുന്നതിനു വേണ്ടി ദലിത്-പിന്നാക്ക-മതന്യൂനപക്ഷ ഐക്യം എന്ന ലക്ഷ്യത്തിലേക്കെത്താനുള്ള പ്രവര്‍ത്തനങ്ങളും അന്വേഷണവും വിശ്വകര്‍മ സമുദായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss