|    Mar 23 Thu, 2017 1:54 pm
FLASH NEWS

വിശ്രമമില്ലാതെ കഠിനജോലി; വോളന്റിയര്‍മാര്‍ റിയോ വിടുന്നു

Published : 18th August 2016 | Posted By: mi.ptk

റിയോ ഡി ജനെയ്‌റോ: വിശ്രമമില്ലാതെ കഠിനജോലി ചെയ്യേണ്ടിവരുന്നതില്‍ പ്രതിഷേധിച്ച് റിയോ ഒളിംപിക്‌സിനായുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ റിയോ വിടുന്നതായി റിപോര്‍ട്ട്. ഒളിംപിക്‌സ് അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ആയിരത്തിലധികം വോളന്റിയര്‍മാര്‍ ഒളിംപിക്‌സ് തീരുംമുമ്പേ രംഗം വിട്ടതായി ഇന്‍ഡിപെന്‍ഡന്റ് പത്രം റിപോര്‍ട്ട് ചെയ്തു.ബ്രസീലുകാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഫലമില്ലാതെ ജോലിചെയ്യാന്‍ തയ്യാറായി റിയോയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ കഴിവുള്ള ഇത്തരം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം വലിയ അനുഗ്രഹവുമായിരുന്നു. വേദികളിലെ ടിക്കറ്റ് പരിശോധന, മല്‍സര വേദിയിലേക്കുള്ള വഴി കാണിക്കല്‍, ഭക്ഷണശാലകളിലെ തിരക്കു നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇവരുടെ സേവനമായിരുന്നു അധികൃതര്‍ ഒരുക്കിയിരുന്നത്. ജോലിക്കാവശ്യമുള്ള ഉപകരണങ്ങളും യൂനിഫോമുകളും സൗജന്യ ഭക്ഷണവുമായിരുന്നു അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നത്.എന്നാല്‍, ഒളിംപിക്‌സ് തുടങ്ങി ഒരാഴ്ച കഴിയും മുമ്പേ നിരവധി ആക്ഷേപങ്ങളാണ് വോളന്റിയര്‍മാര്‍ അധികൃതര്‍ക്കെതിരേ ഉന്നയിച്ചത്. ഒമ്പതു മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളില്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നുവെന്നായിരുന്നു പ്രധാന പരാതി. എന്നാല്‍, ഇതു പരിഹരിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി വോളന്റിയര്‍മാര്‍ ആരോപിക്കുന്നു. “”മല്‍സരങ്ങള്‍ മുടക്കംകൂടാതെ നടക്കുന്നതിനായി കഴിഞ്ഞയാഴ്ച മുഴുവന്‍ സമയവും ജോലി ചെയ്തവര്‍ വരെ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍, ശരിയായ ഭക്ഷണംപോലും ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ക്കത് ഉപേക്ഷിക്കേണ്ടിവന്നു.’’ ലഗോവ സ്‌റ്റേഡിയത്തില്‍ ജോലി ചെയ്തുവന്നിരുന്ന മൊറയ്‌റയുടെ വാക്കുകളാണിത്. പലപ്പോഴും ചെറിയ സ്‌നാക്‌സുകള്‍ മാത്രമാണ് അധികൃതര്‍ നല്‍കിയതെന്നും ഹോട്ടലുകളില്‍ നിന്ന് പണം മുടക്കിയാണ് ഭക്ഷണം കഴിച്ചതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജോലികഴിഞ്ഞ് ക്ഷീണിച്ചെത്തുന്നവര്‍ക്ക് മതിയായ താമസസൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ക്കാവും വിധം വോളന്റിയര്‍മാരെ പരിഗണിക്കുന്നുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഒളിംപിക്‌സ് സംഘാടക സമിതി അറിയിച്ചു.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക