|    Mar 24 Fri, 2017 1:49 pm
FLASH NEWS

വിശേഷണം ചേരുക സിപിഎമ്മിനെന്ന് എസ്ഡിപിഐ

Published : 19th July 2016 | Posted By: sdq

കോഴിക്കോട്: എസ്ഡിപിഐ കൊലയ്ക്കു പരിശീലനം നല്‍കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കു തന്നെയാണ് കൂടുതല്‍ ചേരുകയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. സ്വന്തം പാര്‍ട്ടിക്കാരെ ശീലിപ്പിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രി വിളിച്ചു പറയുന്നത്.
കഴിഞ്ഞയാഴ്ച കണ്ണൂരില്‍ നടന്ന കൊലപാതകം ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലമുള്ള മുഖ്യമന്ത്രി എസ്ഡിപിഐയില്‍ തീവ്രവാദവും ഭീകരവാദവും ആരോപിക്കുന്നതു വിചിത്രമാണ്. വേളത്ത് ലീഗ് പ്രവര്‍ത്തകനെ വധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്നും ആ കൊലപാതകത്തെ പാര്‍ട്ടി ഒരു തരത്തിലും ന്യായീകരിക്കില്ലെന്നും കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. വേളം പുത്തലത്തു നടന്ന കൊലപാതകം വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും പാര്‍ട്ടിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും നേരത്തെ വ്യക്തമാക്കിയതാണ്. ലീഗുമായി ഒരു സംഘര്‍ഷവും പ്രസ്തുത മേഖലയിലുണ്ടായിരുന്നില്ല. ഇക്കാര്യം മുസ്‌ലിംലീഗ് നേതൃത്വം സമ്മതിച്ചതാണ്. എന്നാല്‍, പിന്നീട് രാഷ്ട്രീയ മുതലെടുപ്പു മാത്രം ലക്ഷ്യംവച്ച് കൊലപാതകം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സംഭവത്തിനു ശേഷം രംഗം വഷളാവാതിരിക്കാന്‍ എസ്ഡിപിഐ മാതൃകാപരമായ നിലപാടാണു സ്വീകരിച്ചത്. കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരേ എസ്ഡിപിഐ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
ആരോപിക്കുന്ന ഗൂഢാലോചനയും ദുരൂഹതയും അകറ്റുന്നതിന് ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ എസ്ഡിപിഐ തയ്യാറാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ മേല്‍ ആരോപിക്കപ്പെടുന്നതു പോലെയുള്ള കൊലപാതകങ്ങള്‍ നടത്താനോ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാവാനോ സാധിക്കില്ലെന്ന് ജനങ്ങള്‍ക്കു ബോധ്യമുള്ളതാണ്.
ഐഎസിലേക്ക് ആളെചേര്‍ക്കുന്ന പാര്‍ട്ടിയാണെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ ചിരിച്ചുകൊണ്ടു തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിനു പകരം നാട്ടില്‍ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരാനാണ് ഭരണ- പ്രതിപക്ഷങ്ങള്‍ തയ്യാറാവേണ്ടത്. നസറുദ്ദീന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി നജീബ് അത്തോളി പങ്കെടുത്തു.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക