|    Sep 19 Wed, 2018 10:01 pm
FLASH NEWS

വിശുദ്ധ റമദാന്റെ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

Published : 26th May 2017 | Posted By: fsq

 

പത്തനംതിട്ട: വിശുദ്ധ റമദാന്റെ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. ഇനിയുള്ള ഒരു മാസക്കാലം ജീവിതചര്യകള്‍ക്ക് അടുക്കും ചിട്ടയും വരുത്താനുള്ള ഒരുക്കത്തിലാണ് ഇസ്്‌ലാം മത വിശ്വാസികള്‍. പ്രഭാതം മുതല്‍ പ്രദോഷംവരെ  അന്നപാനീയങ്ങള്‍ വെടിഞ്ഞും രാത്രികള്‍ പ്രാര്‍ഥനാനിരതമായും വിശ്വാസികള്‍ സ്വന്തം ശരീരത്തെയും മനസ്സിനെയും വിശുദ്ധമാക്കും. പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലും മസ്ജിദുകളും മുസ്്‌ലിം ഭവനങ്ങളും. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന മാസമാണ് റമദാന്‍.  റമദാനിലെ രാത്രികാല നമസ്‌കാരത്തിന് (തറാവീഹ്) ഖുര്‍ആന്‍ മനപ്പാഠമായവരെയാണ് അധികവും നിയമിക്കുന്നത്. ഇതിനായി ഇക്കുറി ഖുര്‍ആന്‍ മനപ്പാഠമാക്കിയ ജില്ലയില്‍ നിന്നുതന്നെയുള്ളവര്‍ ധാരാളമുണ്ട്. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മനിയന്ത്രണവും പ്രധാനമാണ്. ഭവനങ്ങളിലും പള്ളികളിലും പ്രാര്‍ഥിക്കാനും നോമ്പ് തുറക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് നാടെങ്ങും. മസ്ജിദുകള്‍ അകവും മിനാരവും ചുമരുകളുമെല്ലാം കഴുകിവൃത്തിയാക്കിയും പെയിന്റ് അടിച്ചും പുതുമോടി വരുത്തിയിട്ടുണ്ട്്. നോമ്പ് തുറക്ക് സൗകര്യമൊരുക്കാന്‍ പള്ളിയുടെ പരിസരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് നോമ്പ് തുറക്കുന്ന വിശ്വാസികള്‍ക്കുള്ള ഭക്ഷണം ഒരുക്കിവയ്ക്കുന്നത്. പ്രാര്‍ഥനയോടൊപ്പം ഇസ്്‌ലാമിക വിജ്ഞാന ക്ലാസുകളും റമദാനില്‍ പള്ളികള്‍ സജീവമാക്കും. നോമ്പ് കാലം പ്രമാണിച്ച് വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് സ്ത്രീകള്‍. വിശ്വാസികളുടെ മനസ്സുപോലെ ചുറ്റുപാടും ശുദ്ധിയായിരിക്കണമെന്ന സങ്കല്‍പ്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വീടുകളും പള്ളികളും ആത്മീയമാറ്റത്തിന് ഒരുങ്ങുമ്പോള്‍ റമദാന്‍ വിപണി വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുക.നോമ്പ് തുറക്ക് ആവശ്യമായ പഴങ്ങള്‍ എത്തിച്ച് പഴവിപണിയും സജീവമായി തുടങ്ങി. നോമ്പ് തുറക്ക് മധുരം കൂട്ടാന്‍ ഈത്തപ്പഴങ്ങളും കാരക്കകളും വിപണിയിലെത്തി. അറേബ്യന്‍-ചൈനീസ് ഭക്ഷണങ്ങള്‍ക്കൊപ്പം മലബാറിന്റെ തനതു ഭക്ഷണരുചികളും റമദാന്‍ വിഭവങ്ങളിലുണ്ടാവും. പല ഹോട്ടലുകളും കുടുംബസമേതം നോമ്പ് തുറക്കാനും ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും വരെ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. അവസാന ആഴ്ചകളില്‍ സമൂഹനോമ്പുതുറകളുടെ പ്രവാഹമായിരിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിശുദ്ധ റമദാന്റെ പൂര്‍ത്തീകരണമായി പെരുന്നാള്‍ ആഘോഷവും വന്നണയുന്നതുവരെ രാവും പകലും വിപണികളും സജീവമാവും. റമദാനില്‍ ദാനധര്‍മങ്ങള്‍ക്ക് മറ്റുകാലങ്ങളേക്കാള്‍ പുണ്യം വര്‍ധിക്കും. അതുകൊണ്ടുതന്നെ ജില്ലയിലെങ്ങും റമദാന്‍ കിറ്റുകളും ഇഫ്ത്താര്‍          വിരുന്നുകളും സംഘടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും പ്രവാസികളും ഒരുക്കം തുടങ്ങിയിട്ടുണ്ട്. റമദാന്‍ പിറ തെളിഞ്ഞാല്‍ വ്രതശുദ്ധിയോടൊപ്പം വിശ്വാസികളുടെ മനസ്സിലും ഭവനങ്ങളിലും പ്രാര്‍ഥനയുടെ ധ്വനി കേള്‍ക്കാം. തദ്ദേശീയര്‍ക്കൊപ്പം യാത്രക്കാരെയും നോമ്പ് തുറപ്പിക്കാനുള്ള സൗകര്യങ്ങളും പള്ളികളിലുണ്ട്. പള്ളികളില്‍ ഇക്കുറി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുള്ള ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവ നോമ്പുതുറകളില്‍ ഉപയോഗിക്കില്ല.                          ഭക്ഷണത്തിനുള്ള              പാക്കറ്റുകളും പ്രകൃതിസൗഹൃദമാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss