|    May 28 Sun, 2017 10:39 am
FLASH NEWS

വിശുദ്ധിയുടെ വെണ്‍മയില്‍ ഇന്ന് അറഫാ സംഗമം

Published : 11th September 2016 | Posted By: SMR

സലീം  ഉളിയില്‍

മക്ക: ഹജ്ജിന്റെ ഏറ്റവും സുപ്രധാന കര്‍മമായ അറഫാ സംഗമം ഇന്ന്. അല്ലാഹുവിന്റെ അതിഥികളായി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ശുഭ്രവസ്ത്രധാരികള്‍ ഇന്ന് അറഫയെ വിശുദ്ധിയുടെ തൂവെള്ളയണിയിക്കും. ഇന്നലെ രാത്രി മിനായില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ രാത്രിയോടെത്തന്നെ അറഫയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും ആംബുലന്‍സുകളില്‍ എത്തിക്കും.
അറഫയില്‍ എത്തുന്നവര്‍ ളുഹ്‌റും അസ്‌റും ഒന്നിച്ച് ചുരുക്കി നമസ്‌കരിക്കും. തുടര്‍ന്ന് മസ്ജിദുന്നമീറയില്‍ നടക്കുന്ന ജുമുഅ ഖുത്ബ ശ്രവിക്കും. 35 വര്‍ഷമായി അറഫാ പ്രഭാഷണം നിര്‍വഹിക്കുന്ന സൗദി ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് അബ്ദുല്ല ആലു ശെയ്ഖിനു പകരം പ്രമുഖ പണ്ഡിതന്‍ ശെയ്ഖ് സ്വാലിഹ് ബിന്‍ ഹമീദാണ് ഇത്തവണ ഖുത്ബ നിര്‍വഹിക്കുക. സ്രഷ്ടാവിനും സൃഷ്ടിക്കും ഇടനിലക്കാരനില്ലാതെ മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുക്കുന്നതിനായി കാരുണ്യത്തിന്റെ മലയുടെ താഴ്‌വരയില്‍ ഹാജിമാര്‍ മനം നിറഞ്ഞ് പ്രാര്‍ഥിക്കും.
സൂര്യാസ്തമയത്തോടെ മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. അവിടെ നിന്നു വീണ്ടും മിനായിലെത്തി കല്ലേറുകര്‍മം നിര്‍വഹിക്കാന്‍ നീങ്ങും. പിന്നീട് ത്വവാഫും സഅ്‌യും നിര്‍വഹിക്കാന്‍ മക്കയിലെത്തും. വീണ്ടും മിനായിലെത്തുന്ന ഹാജിമാരുടെ മടക്കം ദുല്‍ഹജ്ജ് 12, 13 ദിവസങ്ങളിലായാണ്. മശാഇര്‍ ട്രെയിനില്‍ പോവേണ്ടതിന് ഹാജിമാര്‍ക്ക് വിവിധ സമയങ്ങളാണ് മുതവ്വിഫ് നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day