|    Aug 20 Sun, 2017 7:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിശുദ്ധിയുടെ നിറവില്‍ കഅ്ബാലയം കഴുകി

Published : 18th October 2016 | Posted By: SMR

നിഷാദ് അമീന്‍

മക്ക: എല്ലാ വര്‍ഷവും ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം മുഹറത്തില്‍ നടക്കാറുള്ള കഅ്ബാലയം കഴുകല്‍ ചടങ്ങ് ഇന്നലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൂര്‍ത്തിയാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനീധീകരിച്ച് രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി.
വര്‍ഷത്തില്‍ രണ്ടു തവണയാണ് കഅ്ബാലയത്തിന്റെ ഉള്‍വശത്തെ ഭിത്തിയും തറയും പനിനീര്‍ മിശ്രണം ചെയ്ത സംസം വെള്ളം ഉപയോഗിച്ച് പരുത്തി തുണികൊണ്ട് തുടച്ചു വൃത്തിയാക്കുന്നത്. പ്രവാചകകാലം മുതല്‍ മുഹറം 15നാണ് വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നുവരുന്നത്.
ഇത്തവണ 16ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു. സൗകര്യത്തിനനുസരിച്ച് ഇരുഹറം കാര്യാലയ വിഭാഗം മുഹറത്തിലെ ഒരു തിയ്യതി നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. മുഹറത്തിനു പുറമേ ശഅബാന്‍ ഒന്നിനാണ് കഅ്ബ കഴുകാറുള്ളത്.
രാവിലെ എട്ടരയോടെ മക്ക ഗവര്‍ണറും ഇമാമുമാരും വിശിഷ്ടാതിഥികളുമടങ്ങുന്ന സംഘം ഹറമിലെത്തി കഅ്ബാലയത്തിനകത്ത് പ്രവേശിച്ചു. അര മണിക്കൂറിനകം കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി വിശുദ്ധ കഅ്ബയെ ഏഴുപ്രാവശ്യം പ്രദക്ഷിണം (ത്വവാഫ്) ചെയ്തു. പിന്നീട് കഅ്ബക്ക് അഭിമുഖമായി നിന്ന് രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കരിച്ച് പ്രാര്‍ഥന നടത്തി.
പ്രഭാത നമസ്‌കാരത്തിനായി മക്ക ഇമാം ഹറംപള്ളിയില്‍ എത്തുന്നതിന് മുമ്പേ സുരക്ഷാ ഭടന്‍മാര്‍ കഅ്ബയുടെ നിയന്ത്രണമേറ്റെടുത്ത് സുരക്ഷാകവചം തീര്‍ത്തിരുന്നു. അതിന് പുറത്താണ് തീര്‍ത്ഥാടകര്‍ ത്വവാഫ് നിര്‍വഹിച്ചത്. കഅ്ബക്ക് ചുറ്റും നിര്‍മിച്ച താല്‍ക്കാലിക മത്വാഫിലൂടെയും വിശ്വാസികള്‍ ത്വവാഫ് നിര്‍വഹിക്കുകയും ചടങ്ങ് വീക്ഷിക്കുകയും ചെയ്തു.   രാജകുടുംബാഗങ്ങള്‍, മന്ത്രിമാര്‍, മക്കാ പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക