|    Mar 20 Tue, 2018 11:42 am
FLASH NEWS
Home   >  Editpage  >  Editorial  >  

വിശാല സഖ്യത്തിന്റെ സാധ്യതകള്‍

Published : 21st March 2017 | Posted By: fsq

 

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം 2019ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ടായിരുന്നു എന്നതില്‍ ആര്‍ക്കുമില്ല തര്‍ക്കം. തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകളുടെ കാര്യത്തിലുമില്ല തര്‍ക്കം. നരേന്ദ്ര മോദിയും അമിത്ഷായും നയിക്കുന്ന ബിജെപിയും അവരുടെ സഖ്യകക്ഷികളും തന്നെയാണ് ഇന്നു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ സമൂഹത്തെ വിഭജിക്കുകയും വികസനത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ വശംവദരാക്കുകയും അതേസമയം കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്കു രാജ്യത്തെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യുന്ന തന്ത്രമാണ് ബിജെപി സര്‍ക്കാരും ആര്‍എസ്എസ് നേതൃത്വവും സ്വീകരിക്കുന്നത്. ഇതു വളരെ ഫലപ്രദമായ ഒരു രാഷ്ട്രീയതന്ത്രമാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ബോധ്യമായതാണ്. യുപിയില്‍ ഇതേ തന്ത്രം ഉപയോഗിച്ച് ഇത്തവണ നേടാന്‍ കഴിഞ്ഞ ഗംഭീര വിജയം അവരെ അതേ പാതയില്‍ തന്നെ ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വിജയം പോലെ വിജയിക്കുന്ന വേറൊന്നില്ലെന്ന ചൊല്ല് അന്വര്‍ഥം തന്നെ. എന്നാല്‍, അതു സ്വാഭാവികമായ പ്രതികരണങ്ങള്‍ സമൂഹത്തില്‍ ഉയര്‍ത്തിവിടുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തെ വര്‍ഗീയതയുടെ പേരില്‍ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാനാണ് ബിജെപിയുടെ നീക്കമെങ്കില്‍ അതിന്റെ ആഘാതം അനുഭവിക്കുന്ന ജനങ്ങളെ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചുനിര്‍ത്താനുള്ള സാധ്യതയും രാജ്യത്തു തെളിഞ്ഞുവരുന്നുണ്ട്. രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തില്‍ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മുന്നേറ്റമാണ് ഒരു ഭാഗത്തു സംഭവിക്കുന്നത്. മറുഭാഗത്ത് അതിന്റെ ഇരകള്‍ ഇപ്പോള്‍ അങ്ങേയറ്റം വിഭജിതമാണ്. അവര്‍ പരസ്പരം അവിശ്വാസത്തോടെയാണ് പെരുമാറുന്നത്. വ്യത്യസ്തമായ സാമുദായിക-സാമൂഹിക പശ്ചാത്തലവും പൊതുവില്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന പരസ്പര വൈരത്തിന്റെയും വര്‍ഗീയമായ മുന്‍വിധികളുടെയും കരിനിഴലും അവരുടെ യോജിപ്പിനു തടസ്സമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനപ്പുറം, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണമായ അവസ്ഥയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വ്യാപകമായി പടര്‍ന്നുപിടിക്കുന്നുണ്ട്. രാജ്യം ഒരു കടുത്ത പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന തോന്നല്‍ ഉത്തരോത്തരം ശക്തമായി വരുന്നുണ്ട്. ഈ ചിന്താധാര ഇനിയുള്ള നാളുകളില്‍ കൂടുതല്‍ ശക്തി നേടുമെന്നും തീര്‍ച്ചയാണ്. കാരണം, രാജ്യത്തെങ്ങും ഇന്നു ദുര്‍ബല വിഭാഗങ്ങളും ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതല്‍ കടുത്ത പ്രതിസന്ധിയിലേക്കു വലിച്ചെറിയപ്പെടുകയാണ്. ഇതു രാഷ്ട്രീയതലത്തില്‍ പുതിയൊരു ജനാധിപത്യ മുന്നണിക്കു കളമൊരുക്കാന്‍ സാധ്യത ഏറെയാണ്. 2004ല്‍ ബിജെപി ഭരണത്തിനെതിരേ ഐക്യ പുരോഗമന മുന്നണി (യുപിഎ) അത്തരമൊരു പരീക്ഷണമായിരുന്നു. 2014ല്‍ അതു തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ വീണ്ടും അത്തരത്തിലുള്ള ഒരു വിശാല ജനാധിപത്യ സഖ്യത്തിനു സമയമായി. അതിനുള്ള നീക്കങ്ങള്‍ വരുംനാളുകളില്‍ കൂടുതല്‍ കരുത്തു നേടും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss