|    Oct 18 Thu, 2018 9:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിശാല ഐ ഗ്രൂപ്പില്‍ വിള്ളല്‍ : കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പ് പടയൊരുക്കം

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്ന് പ്രകടമായ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. വിശാല ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പിറകില്‍ പ്രതാപം നഷ്ടപ്പെട്ടു കഴിയുന്ന കെ മുരളീധരന്‍ പഴയ ഐ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം സജീവമാക്കി. ഈ നീക്കത്തിന് ഒരുകൈ സഹായം തേടുന്നത് നേരത്തേ എതിര്‍ചേരിയില്‍ നിര്‍ത്തി വിമര്‍ശനം ചൊരിഞ്ഞ ഉമ്മന്‍ചാണ്ടിയോടും. പാര്‍ട്ടിയില്‍ തനിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തേക്കുയരുന്ന രമേശ് ചെന്നിത്തലയെ തളയ്ക്കുക ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടി കെ മുരളീധരന്റെ നീക്കത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായാണു വിവരം. ഇതോടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പടയൊരുക്കത്തിന്റെ പുതിയ കാലത്തിനും തുടക്കമായി. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കമാന്‍ഡില്‍ ഏറെ സ്വാധീനമുള്ള ആന്റണിയുണ്ടായിട്ടും തഴയപ്പെട്ടെന്ന എ ഗ്രൂപ്പിന്റെ പരിഭവവും പുതിയ നീക്കത്തിനു പിന്നിലുണ്ട്. ചെന്നിത്തലയുടെ അനുയായികളില്‍ ചിലര്‍ ഡിസിസി പ്രസിഡന്റായപ്പോള്‍ പഴയ ഐ ഗ്രൂപ്പിന്റെ ഭാഗമായവരും ഡിസിസി പ്രഖ്യാപനത്തില്‍ അവഗണിക്കപ്പെട്ടു. ഇതോടെയാണ് ഐ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ കെ മുരളീധരന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തനം തുടങ്ങിയത്. കൈവിട്ട ഗ്രൂപ്പ് കളിക്കുശേഷം കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ പുറത്തുപോവേണ്ടിവന്ന മുരളീധരന്‍ തിരിച്ചുവന്നശേഷം അടങ്ങിയൊതുങ്ങിയുള്ള പാര്‍ട്ടിപ്രവര്‍ത്തനമായിരുന്നു നടത്തിവന്നിരുന്നത്. എന്നാല്‍, പാര്‍ട്ടി പ്രതിപക്ഷത്തായപ്പോള്‍ പ്രതിപക്ഷം പോരെന്ന് പരസ്യപ്രസ്താവന നടത്തി വിശാല ഐ ഗ്രൂപ്പില്‍ വിള്ളല്‍ സൃഷ്ടിച്ച മുരളീധരന്‍, ഹൈക്കമാന്‍ഡിനോട് അടക്കം പരിഭവിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ശക്തമായ പിന്തുണയും നല്‍കി. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കേരളത്തില്‍ കോണ്‍ഗ്രസ്സിന് മുന്നോട്ടുപോവാനാവില്ലെന്നായിരുന്നു കെ മുരളീധരന്‍ രാഷ്ട്രീയകാര്യസമിതിയിലും പുറത്തും അഭിപ്രായപ്പെട്ടത്. മുരളീധരന്റെ പ്രസ്താവനയ്ക്കു പ്രതിരോധം തീര്‍ക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് പാര്‍ട്ടി വക്താവ് സ്ഥാനം നഷ്ടമാവുകയും കൊല്ലത്ത് വച്ച് മര്‍ദനമേല്‍ക്കേണ്ടിവരുകയും ചെയ്തു. പഴയ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന് സഹോദരി പത്മജയും കെ സുധാകരനും മുരളീധരനൊപ്പമുണ്ട്. നേരത്തേ നാലാം ഗ്രൂപ്പിലായിരുന്ന സുധാകരന്‍, വയലാര്‍രവി ദുര്‍ബലമായപ്പോള്‍ കടവൂര്‍ ശിവദാസന്‍ വഴി വിശാല ഐ ഗ്രൂപ്പ് കെട്ടിപ്പടുക്കാന്‍ മുന്‍നിരയിലെത്തുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും നിശിതമായി വിമര്‍ശിച്ചത് പിന്നീട് വിനയാവുകയും ചെയ്തു. കെ കരുണാകരന്റെ കാലശേഷം പലവഴിക്ക് പിരിഞ്ഞ ഐ ഗ്രൂപ്പ് നേതാക്കളെയും അണികളെയും നാലാംഗ്രൂപ്പില്‍ പെട്ടവരെയും ഉള്‍പ്പെടുത്തിയാണ് വിശാല ഐ ഗ്രൂപ്പിന് രൂപം നല്‍കിയത്. നീക്കത്തിന് നേതൃത്വം നല്‍കിയതാവട്ടെ, പി പി തങ്കച്ചനും ഇ എം അഗസ്തിയും കെ സുധാകരനും. ഗ്രൂപ്പ് നയിക്കാന്‍ കണ്ടെത്തിയത് രമേശ് ചെന്നിത്തലയെയും. തിരുത്തല്‍വാദ ഗ്രൂപ്പ് വിട്ട് വിശാല ഐ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുത്തെങ്കിലും നേതാക്കളെയും അണികളെയും ഒരുമിപ്പിച്ചു കൊണ്ടുപോവാനോ ഗ്രൂപ്പിനെ സജീവമായി നിലനിര്‍ത്താനോ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ലെന്ന വികാരമാണ് നേതാക്കള്‍ക്കുള്ളത്. ഇതേത്തുടര്‍ന്ന് വിശാല ഐ ഗ്രൂപ്പ് പ്രവര്‍ത്തനവും സജീവമായില്ല. മറുപക്ഷത്ത് എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലും കെ സി ജോസഫ്, ബെന്നി ബഹനാന്‍ തുടങ്ങിയവരുടെ ഇടപെടലിലും സജീവമായി കാഡര്‍ സ്വഭാവത്തോടെ മുന്നേറുകയും ചെയ്തു. ഇതോടെയാണ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഐ ഗ്രൂപ്പിന്റെ കരുത്തിനുമേല്‍ ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പ് അപ്രമാദിത്വം നേടിയത്. ആന്റണിയുടെ പേരിലുള്ള ഗ്രൂപ്പാണെങ്കിലും എ ഗ്രൂപ്പില്‍ ഇപ്പോള്‍ ആന്റണിയില്ല. ഗ്രൂപ്പിന്റെ പോക്കില്‍ ആന്റണിക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. പുതിയ നീക്കത്തില്‍ കെ സുധാകരന്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഐ ഗ്രൂപ്പ് ശക്തിപ്പെടുമെന്നാണ് കെ മുരളീധരന്റെ വിശ്വാസം. അതുവഴി നേരത്തേ പാര്‍ട്ടിയിലുണ്ടായ പ്രതാപം തിരിച്ചുകിട്ടുമെന്നും കരുതുന്നു. ഉമ്മന്‍ചാണ്ടിക്കാവട്ടെ, കാലങ്ങളായി കേരളത്തിലുള്ള എ-ഐ ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്തി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഗ്രൂപ്പ് പ്രതിനിധിയെ അവരോധിക്കുകയുമാവാം. സംഘടനാ തിരഞ്ഞെടുപ്പ് നടന്നാലും ഐ ഗ്രൂപ്പുമായി സമവായത്തിലെത്തി സ്ഥാനം ഉറപ്പിക്കാം. അതോടെ സ്വാഭാവികമായി പ്രതിപക്ഷനേതാവ് സ്ഥാനം ഐ ഗ്രൂപ്പുകാരനു നല്‍കേണ്ടിവരും. അതുവഴി രമേശ് ചെന്നിത്തലയെ മാറ്റിനിര്‍ത്തുകയും ചെയ്യാം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഇത്തരം നീക്കങ്ങള്‍ക്ക് സാധൂകരണം നല്‍കുകയും ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss