|    Jul 21 Sat, 2018 9:17 pm
FLASH NEWS

വിശപ്പ് രഹിത കേരളം ലക്ഷ്യം: കോടിയേരി

Published : 27th October 2017 | Posted By: fsq

 

കോഴിക്കോട്: വിശപ്പ് രഹിത കേരളമാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സിപിഎം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് ജനജാഗ്രതാ യാത്രക്ക് മുതലക്കുളം മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോ ഴും പട്ടിണികിടക്കുന്ന ആളുകള്‍ സംസ്ഥാനത്തുണ്ട്. എത്ര പ്രയാസപ്പെട്ടാലും ആരോടും കൈനീട്ടുകയോ ഭക്ഷണം യാചിക്കുകയോ ചെയ്യാത്ത എത്ര യോ മനുഷ്യരുണ്ട്. അത്തരക്കാരെ തേടിപ്പിടിച്ച് ഭക്ഷണം എത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ഈ പദ്ധതി ആദ്യം തുടങ്ങുക. പിന്നീട് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. പിണറായി സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചു വെന്നതിന്റെ തെളിവാണ് ജനജാഗ്രത യാത്ര കടന്നു പോന്ന വഴികളിലെ ജനസഹസ്രങ്ങള്‍.  തിരുവിതാംങ്കൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ 63 ശാന്തിക്കാരെ നിയമിച്ചതില്‍ 36 പേര്‍ അബ്രാഹ്മണരാണ്. ഇതില്‍ ആറു പേര്‍ പട്ടിതജാതിക്കാരാണ്.  അബ്രാഹ്ണണരെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിച്ച മറ്റേത് സംസ്ഥാനമാണ് രാജ്യത്തുള്ളത്. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമുള്ള നിശബ്ദ സാമൂഹിക വിപഌവമാണിത്. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ 40,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. 52000 വീടുകള്‍ക്ക് സര്‍ക്കാര്‍ സഹായം പാസാക്കി. വിദ്യാഭ്യാസ ലോണെടുത്ത് കടക്കെണിയിലായവരെ രക്ഷിക്കാന്‍ 900 കോടി നീക്കിവച്ചു. എല്‍ഡിഎഫിന്റെ ജനക്ഷേമ നയങ്ങളില്‍ വിളറി പൂണ്ട് ഇവിടെ കലാപം സൃഷ്ടിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ച് വിടാനാണ് ആര്‍എസ്എസ് നേതൃത്വത്തിന് ആഗ്രഹം. അത്തരം പൂതികളൊന്നും ഇവിടെ എളുപ്പം ചിലവാകില്ല. മാര്‍ക്‌സിസ്റ്റ് ഭീകരരുടെയും ജിഹാദികളുടെയും നാടാണ് കേരളമെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. കേരളം ജീഹാദികളുടെ നാടാണെന്നതിന് തെളിവെവിടെ? എതാനും ചെറുപ്പക്കാര്‍ തീവ്രആശയങ്ങളില്‍ ആകൃഷ്ടരായതിനെ പര്‍വ്വതീകരിച്ച് ഒരു സമുദായത്തെ വേട്ടയാടരുത്. മിശ്രവിവാഹം കഴിക്കുന്നത് ലൗജിഹാദോ ഘര്‍വാപ്പസി യോ അല്ല. 1970ന് ശേഷം 950 പേരാണ് കേരളത്തില്‍ രാഷ്ട്രീയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 600 പേരും കമ്മ്യൂണിസ്റ്റ്കാരാണ്. ഇതില്‍ തന്നെ 120 ലേറെ സിപിഎമ്മുകാരെ കൊന്ന ആര്‍എസ്എസ് ആണ് ഇവിടെ ചുവപ്പു ഭീകരതയാണെന്ന് കുപ്രചരണം നടത്തുന്നത്. സ്വീകരണത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ , സത്യന്‍ മൊകേരി, സ്‌കറിയ തോമസ്, രാജന്‍ മാസ്റ്റര്‍ പങ്കെടുത്തു. ജനജാഗ്രത യാത്രക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ കെ അജിത്, ഇപി ആര്‍ വേശാല, പി വിശ്വന്‍ സംസാരിച്ചു. മാവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പിടിഎ റഹീം എം എല്‍എ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss