|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Editpage  >  Editorial  >  

വിവേചനപരമായ ഡാറ്റാ ശേഖരണം

Published : 2nd December 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത്‌- കെ പി അബൂബക്കര്‍, മുത്തനൂര്‍

ഞെട്ടിക്കുന്നതും ഭീതിദമായതും അതിശയിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ വേണ്ടുവോളം കിട്ടുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജി ജനിച്ച സംസ്ഥാനമാണ് ഗുജറാത്ത് എന്ന് ഏത് പ്രൈമറി വിദ്യാര്‍ഥിക്കും അറിയാം. ഗുജറാത്ത് ഇന്ത്യ മുഴുക്കെ അറിയപ്പെടാന്‍ ഇടയായതും ഒരുപക്ഷേ ഗാന്ധിജി അവിടെ ജനിച്ചതുകൊണ്ടാവാം.
എന്നാല്‍, ഇന്ന് ഗുജറാത്ത് പ്രശസ്തിയുടെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നത് ഗാന്ധിജി മൂലമല്ല. അതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശപ്പെട്ടതാണ്. അദ്ദേഹം അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഗുജറാത്ത് ഭരിച്ചിരുന്നു. ജോലിക്കയറ്റം കിട്ടി ഈ ഗുജറാത്തുകാരന്‍ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കുകയാണ്. അന്ന് മോദി അഞ്ചുവര്‍ഷം ഗുജറാത്ത് ഭരിച്ചതിനാല്‍ മുസ്‌ലിം ന്യൂനപക്ഷം അനുഭവിച്ച യാതനകളും വേദനകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഗുജറാത്തിലെ മുസ്‌ലിംകള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നത് പകല്‍പോലത്തെ സത്യമാണ്. അതിനു മതിയായ തെളിവാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്ന വിവേചനപരമായ ഡാറ്റാ ശേഖരണം.
അതായത് ഗുജറാത്ത് സര്‍ക്കാരിനു കീഴിലുള്ള സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ 10, 12 ക്ലാസുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ മുസ്‌ലിംകള്‍ മാത്രം മതം പ്രത്യേകം രേഖപ്പെടുത്തണമെന്നു നിഷ്‌കര്‍ഷിച്ചിരിക്കുന്നു. സമുദായത്തിന്റെ മൊത്തം സുരക്ഷിതത്വം ഏറ്റെടുത്ത പാര്‍ട്ടിപത്രത്തിലൊഴികെ മറ്റെല്ലാ പത്രങ്ങളിലും ഈ വാര്‍ത്ത വരുകയുണ്ടായി. ഈ ഡാറ്റാ ശേഖരണം പ്രത്യേക സ്‌കോളര്‍ഷിപ്പ് ലഭിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ കിട്ടാനുമാണെന്ന് ആ പാര്‍ട്ടിപത്രമോ അതിന്റെ എംപിമാരോ നാളെ പറയുമോ എന്തോ?
അതിരിക്കട്ടെ, പ്രശ്‌നം ഗുരുതരമാണ്. രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ തകര്‍ത്തെറിയുന്നതിന്റെ വാര്‍ത്തകള്‍ ദിനേന വന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മതങ്ങളോടും ഭരിക്കുന്ന സര്‍ക്കാര്‍ തുല്യസമീപനം സ്വീകരിക്കുമെന്നതാണ് മതേതരത്വത്തിന്റെ കാതല്‍. പൊതുസമൂഹത്തില്‍ മതങ്ങള്‍ക്ക് ഇടമുണ്ടെന്നും അതുകൊണ്ടുതന്നെ അവ ഒളിപ്പിച്ചുവയ്‌ക്കേണ്ടതില്ലെന്നും പ്രഖ്യാപിക്കുന്നു എന്നതാണ് ഇന്ത്യന്‍ മതേതര സങ്കല്‍പത്തിന്റെ പ്രത്യേകത. മതങ്ങളുടെ അസ്തിത്വത്തെ അംഗീകരിക്കുമ്പോള്‍ തന്നെ രാജ്യം ഏതെങ്കിലും മതത്തോട് ഇഷ്ടമോ അനിഷ്ടമോ വിവേചനമോ പുലര്‍ത്തരുതെന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. തന്നെയുമല്ല മതസ്വാതന്ത്ര്യം മൗലികാവകാശമായി നമ്മുടെ ഭരണഘടന കാണുന്നു.
ഇങ്ങനെയുള്ള രാജ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്. മതേതര മൂല്യങ്ങള്‍ തകര്‍ത്തെറിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നായ വിവേചനപരമായ ഡാറ്റാ ശേഖരണം നടക്കുന്നത് അവിടെയാണ്. ഗുജറാത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം അതീവ ഗൗരവത്തോടെയാണ് ഈ കാര്യം റിപോര്‍ട്ട് ചെയ്തത്. പരീക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഫോറത്തില്‍ ന്യൂനപക്ഷവിഭാഗമാണോയെന്ന് രേഖപ്പെടുത്തേണ്ടിടത്താണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രം മതം രേഖപ്പെടുത്തേണ്ടത്. ന്യൂനപക്ഷ വിഭാഗമോ എന്ന ചോദ്യത്തിന് അതേ എന്ന് ഉത്തരം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമേ രണ്ട് ഓപ്ഷനുകള്‍ മാത്രമാണു നല്‍കിയിട്ടുള്ളത്- മുസ്‌ലിം എന്നും മറ്റുള്ളവര്‍ എന്നും. ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ ഒക്കെ ഗുജറാത്തില്‍ ന്യൂനപക്ഷ പട്ടികയിലാണ്. അവരൊന്നും ‘അതേ’ക്കു ശേഷം മറ്റൊന്നും എഴുതേണ്ടതില്ല!
മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു മാത്രം എന്താണു പ്രശ്‌നം? എന്തിനാണ് പ്രത്യേകം ഈ കണക്കെടുക്കുന്നത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് പിഎഫ്‌ഐയോ എസ്ഡിപിഐയോ ഒന്നുമല്ല, ഗുജറാത്തിലെ സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ്. ചുരുക്കത്തില്‍ ഇതിനു പിന്നിലെ ഹിഡന്‍ അജണ്ട ഒഴിവാക്കണം. അല്ലെങ്കില്‍ ഈ പരിഷ്‌കാരം ഒഴിവാക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss