|    Dec 13 Thu, 2018 7:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിവേചനം: രാജിവച്ച ഐഎഎസ് ഓഫിസര്‍ എസ്ഡിപിഐയില്‍ ചേര്‍ന്നു

Published : 12th November 2018 | Posted By: kasim kzm

ജയ്പൂര്‍: രാജസ്ഥാന്‍ ബിജെപി സര്‍ക്കാരിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് സര്‍വീസില്‍ നിന്നു രാജി നല്‍കിയ ഉമ്രാറാവു സലോദിയ എസ്ഡിപിഐ അംഗത്വം സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് എം കെ ഫൈസിയില്‍ നിന്നാണ് അദ്ദേഹം എസ്ഡിപിഐ അംഗത്വം സ്വീകരിച്ചത്. ഐഎഎസില്‍ 1978 കാഡര്‍ ഓഫിസറായ സലോദിയക്ക് ചീഫ് സെക്രട്ടറി പദവിക്ക് അര്‍ഹതയുണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല.
ചീഫ് സെക്രട്ടറി പദവിയിലേക്ക് തന്നെ അവഗണിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് 2015ല്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് സലോദിയ കത്തെഴുതിയിരുന്നു. ചീഫ് സെക്രട്ടറിയായി നിയമിതനായിരുന്നുവെങ്കില്‍ രാജസ്ഥാനിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പ്രഥമ ചീഫ് സെക്രട്ടറിയാകുമായിരുന്നു താനെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ ജൂനിയറായ ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നതിനാല്‍ കീഴില്‍ ജോലി ചെയ്യാനില്ലെന്നും സ്വമേധയാ ഐഎഎസ് ഉപേക്ഷിക്കുകയാണെന്നും സലോദിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് താന്‍ ഇസ്‌ലാം സ്വീകരിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഭാര്യക്കു വേണ്ടി ബിജെപിയുടെ ടിക്കറ്റ് ലഭിക്കുന്നതിനു താന്‍ ശ്രമം നടത്തുന്നുവെന്ന തികച്ചും സത്യവിരുദ്ധമായ പത്രവാര്‍ത്തകള്‍ക്കുള്ള പ്രതികരണം കൂടിയാണ് തന്റെ എസ്ഡിപിഐ അംഗത്വമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് നിരവധി ഫോണ്‍കോളുകളും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഭാര്യക്കു വേണ്ടി ബിജെപി ടിക്കറ്റ് ആവശ്യപ്പെട്ടുവെത് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. അവര്‍ 2022ല്‍ മാത്രമേ പിരിയുകയുള്ളൂ. താന്‍ എസ്ഡിപിഐ അംഗത്വം സ്വീകരിക്കുന്നതോടെ എല്ലാ കിംവദന്തികള്‍ക്കും അവസാനമാകുമെന്ന് സലോദിയ പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, എസ്ഡിപിഐയില്‍ താന്‍ ഇപ്പോള്‍ അംഗമായതേയുള്ളൂവെന്നും തന്റെ ദൗത്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമായിരുന്നു സലോദിയയുടെ പ്രതികരണം.
എന്താണ് എസ്ഡിപിഐയില്‍ ചേരാനുള്ള പ്രചോദനമെന്ന ചോദ്യത്തിന് സലോദിയയുടെ മറുപടി ഇതായിരുന്നു: ഒരു കക്ഷി (ബിജെപി) ഹിന്ദുത്വയെക്കുറിച്ച്, ഗാഢമായ ഹിന്ദുത്വയെക്കുറിച്ചാണ് സംസാരിക്കുന്നത്. മറ്റേ കക്ഷി (കോണ്‍ഗ്രസ്)യാവട്ടെ മൃദുഹിന്ദുത്വയും നല്ല ഹിന്ദു-മോശം ഹിന്ദുവിനെ കുറിച്ചും. ഭരണഘടനയും കഠിനാധ്വാനത്തിലൂടെ നേടിയ സ്വാതന്ത്ര്യവും സംരക്ഷിക്കുകയെന്നതാവണം അടിസ്ഥാന അജണ്ട. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അതു തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss