|    Aug 20 Sun, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവിപാറ്റ് വോട്ടിങ് മെഷീനുകള്‍ ലഭിച്ചാല്‍ ഗുജറാത്തില്‍ ഉപയോഗിക്കും

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആവശ്യമുള്ളത്ര വിവിപാറ്റ് വോട്ടിങ് മെഷീനുകള്‍ ലഭിക്കുകയാണെങ്കില്‍ വരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. വോട്ടിങ് മെഷീനില്‍ വ്യാപകമായ ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവന് രേഖപ്പെടുത്തിയ വോട്ട് സൂചിപ്പിക്കുന്ന സ്ലിപ്പ് നല്‍കുന്ന വിവിപാറ്റ് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ 53,000 യൂനിറ്റ് വിവിപാറ്റ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ളത്. ഗുജറാത്തിലേക്ക് ചുരുങ്ങിയത് 70,000 യൂനിറ്റ് മെഷീനുകള്‍ വേണം. 48,000 വിവിപാറ്റ് മെഷീനുകള്‍ ബിഇഎല്‍, ഇസിഐഎല്‍ എന്നീ കമ്പനികള്‍ ഈ മാസം അവസാനത്തോടെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25,000 മെഷീനുകള്‍ സപ്തംബറിലും ലഭിക്കും. ഇതെല്ലാം സമയത്ത് ലഭിച്ചാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റില്‍ ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ വര്‍ഷം ഡിസംബറിലാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരം മെഷീനുകള്‍ സൂക്ഷിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനും ഫണ്ട് ആവശ്യമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഗുജറാത്തില്‍ വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ജൂലൈ 9നാണ് സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.വിവിപാറ്റ് ഉപയോഗിക്കാന്‍ തയ്യാറാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതില്‍ സംതൃപ്തി പ്രകടിപ്പിച്ച കോടതി ഹരജി തീര്‍പ്പാക്കുകയാണെന്നും വ്യക്തമാക്കി. എന്നാല്‍, കേസിലെ ഹരജിക്കാരിലൊരാളായ മായാവതിയുടെ അഭിഭാഷകന്‍ തീര്‍പ്പാക്കരുതെന്നും കേസ് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. നിങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതാണെന്നും കോടതിയുടെ സമയം പാഴാക്കുന്നത് ഒരു ശീലമായി മാറിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് ഇന്നേക്ക് മാറ്റി. ഹരജിക്കാരിലൊരാളായ രേഷ്മ വിത്തല്‍ഭായ് പട്ടേലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, എം നിസാം പാഷ എന്നിവര്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക