|    Nov 20 Tue, 2018 6:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിവിപാറ്റ്: ഗുണമേന്മ സംബന്ധിച്ച് സംശയം

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിവിപാറ്റ് യന്ത്രങ്ങള്‍ക്ക് കേടുവരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രശ്‌നസാധ്യത മുന്നില്‍ കണ്ട് 10 ശതമാനം വിവിപാറ്റ് യന്ത്രങ്ങള്‍ അധികം കരുതിവയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള ഒരു നോട്ടീസ് ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടായ സംഭവങ്ങള്‍ വളരെയധികം റിപോര്‍ട്ടുചെയ്യപ്പെട്ടിരുന്നു.
മികച്ച പരിശീലനത്തിലൂടെയും പദ്ധതികളിലൂടെയും വിവി പാറ്റ് തകരാറിലാവുന്ന സംഭവങ്ങള്‍ ഒന്നുമുതല്‍ രണ്ടു ശതമാനം വരെ മാത്രമേ കുറയ്ക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും നോട്ടീസില്‍ പറയുന്നു. വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാവുന്നതിന്റെ നിരക്ക് എട്ടുമുതല്‍ ഒമ്പത് ശതമാനം വരെയായി മാറിയിരിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കായി ആകെ 17.4 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 30നു മുമ്പ് യന്ത്രങ്ങള്‍ ലഭ്യമാക്കണമെന്നാണ് കമ്മീഷന്‍ ഇവ നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.
മെയ് 28ന് കൈരാന, ബണ്ഡാര-ഗോണ്ഡിയ ഉപ തിരഞ്ഞെടുപ്പുകളില്‍ നിരവധിയിടങ്ങളില്‍ വിവി പാറ്റ് തകരാറുകള്‍ റിപോര്‍ട്ടു ചെയ്തിരുന്നു. വിവിപാറ്റ് യന്ത്രങ്ങളുടെ തകരാറുമൂലം മഹാരാഷ്ട്രയിലെ ബന്ധാര-ഗോണ്ഡിയയില്‍ 35 ബൂത്തുകളിലാണ് പോളിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. കൈരാനയിലെ 79 ബൂത്തുകളിലും ബണ്ഡാര-ഗോണ്ഡിയയില്‍ 49 ബൂത്തുകളിലും വിവിപാറ്റ് തകരാറുമൂലം റീപോളിങ് നടത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ശരാശരി 11 ശതമാനത്തിന് മുകളില്‍ വിവിപാറ്റുകളും തകരാറിലായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെര്‍ഫോമന്‍സ് റിവ്യൂവില്‍ വ്യക്തമാക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss