|    Aug 22 Tue, 2017 5:17 am
FLASH NEWS

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സംഘം കൊണ്ടോട്ടിയില്‍ പിടിയില്‍

Published : 8th October 2016 | Posted By: Abbasali tf

കൊണ്ടോട്ടി: സംസ്ഥാനത്ത് പലയിടങ്ങളിലായി വിവിധ കേസുകളില്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘം പിടിയില്‍. വാഹനതട്ടിപ്പ്, ക്വട്ടേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ പ്രതികളായവരെയാണ് കൊണ്ടോട്ടി പോലിസ് വ്യാഴാഴ്ച്ച രാത്രി പിടികൂടിയത്. കോട്ടയം പാലാ കലയത്തങ്ങല്‍ വീട്ടില്‍ ധനേഷ്(33), ചങ്ങനാശേരി കണിമംഗലം വീട്ടില്‍ വിഷ്ണു(30), കോട്ടയം നാട്ടകം പുതുപറമ്പില്‍ വീട്ടില്‍ സലീം(43), പെരുന്ന ഒളശ്ശപുരയിടം നിബിന്‍(29), കഞ്ഞിക്കുഴി തടത്തില്‍ വീട്ടില്‍ മജു(32) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു തവണ വ്യവസ്ഥയില്‍ വാഹനം വാങ്ങി പണയത്തിന് നല്‍കുന്നതാണ് ഇവരുടെ രീതിയെന്ന് പോലിസ് പറഞ്ഞു. വായ്പ തുക തിരിച്ചടയ്ക്കാതെ വാഹനങ്ങള്‍ മറ്റ് വ്യക്തികള്‍ക്ക് പണയത്തിന് നല്‍കി അവരില്‍ നിന്നു പണം ഈടാക്കും. ഇവരെയും പിന്നീട് ഭീഷണിപ്പെടുത്തി വാഹനം കൈവശപ്പെടുത്തും. തുടര്‍ന്ന് വീണ്ടും പണയപ്പെടുത്തുകയോ പൊളിച്ചുവില്‍പ്പന നടത്തുകയോ ചെയ്യുമെന്നും പോലിസ് അറിയിച്ചു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതിനായി കൊണ്ടോട്ടിയില്‍ എത്തിയപ്പോഴാണ് ഇവര്‍ പോലിസിന്റെ പിടയിലാവുന്നത്. അറസ്റ്റിലായ സലീമിന് കോട്ടയം വെസ്റ്റ്, വാകത്താനം, എറണാകുളം സെന്‍ട്രല്‍, വൈക്കം എന്നീ സ്റ്റേഷനുകളിലും ധനേഷിന് എതിരെ കുറ്റിപ്പുറം, പാലാ, കരിങ്കുന്നം, തൃക്കൊടിത്താനം, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലും നിബിന് കറുകച്ചാല്‍ സ്റ്റേഷനിലും കേസുകളുണ്ട്. കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ, എസ്‌ഐ കെ എ സാബു, പ്രത്യേക അന്വേഷണ സംഘത്തിലെ അബ്ദുല്‍ അസീസ്, സത്യനാഥന്‍, ശശി കുണ്ടറക്കാട്, സിവില്‍ പോലിസ് ഓഫിസറായ ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക