|    May 23 Tue, 2017 12:21 pm
FLASH NEWS

വിവിധയിടങ്ങളില്‍ അക്രമം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 14th October 2016 | Posted By: Abbasali tf

വടകര/കുറ്റിയാടി: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താല്‍  കിഴക്കന്‍ മലയോരമേഖലയില്‍ പൂര്‍ണ്ണം. വടകര,  കുറ്റിയാടി, മരുതോങ്കര, കാവിലുമ്പാറ, കായക്കൊടി, കുന്നുമ്മല്‍ നരിപ്പറ്റ, വേളം എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹങ്ങള്‍ ഒഴികെ മറ്റൊന്നും റോഡിലിറങ്ങിയില്ല. ഹര്‍ത്താല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു. മിക്കയിടങ്ങളിലും ഹാജര്‍ നില പൊതുവെ കുറവായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപം എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന കാര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് അക്രമിച്ചു. അക്രമത്തില്‍ കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു. കതിരൂര്‍ ഷാഫിനാസ് ഹൗസില്‍ മൂസയുടെ ഭാര്യ മൈമൂന(50)ക്കാണ് പരുക്കേറ്റത്. ഇവരെ മാഹി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ തടഞ്ഞു നിര്‍ത്തി കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ സൈഡ് ഗ്ലാസിന് നേരെ കല്ലേറ് നടത്തിയപ്പോഴാണ് മൈമൂനയ്ക്ക് പരുക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചോമ്പാല പോലിസിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തിലൊരാളെ പോലിസ് അറസ്റ്റ് ചെയ്തു. അഴിയൂര്‍ താഴെ പറമ്പില്‍ ടി പി വിനീഷ്(27)നെയാണ് ചോമ്പാല എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. റോഡ് തടസ്സപ്പെടുത്തി പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, വാഹനം തകര്‍ത്ത് യാത്രക്കാരെ അക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. വടകര വില്യാപ്പള്ളി റൂട്ടിലെ വൈക്കിലിശ്ശേരി നടേമ്മല്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ വടകര പോലിസ് അറസ്റ്റ് ചെയ്തു. മയ്യന്നൂര്‍ താഴെതയ്യില്‍ സുബിന്‍(19), മയ്യന്നൂര്‍ നീലാഞ്ചനത്തില്‍ ശ്യാംലാല്‍(19) എന്നിവരെയാണ് അറ്‌സ്റ്റ് ചെയ്തത്.വടകരയിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഹാജര്‍ നില വളരെ കുറവായിരുന്നു. എന്നാല്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖല, വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day