|    Aug 19 Sun, 2018 9:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹേതരബന്ധം: പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് തെറ്റ്‌

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്ന് സുപ്രിംകോടതി. വിവാഹേതരബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പിന്റെ സാധുത ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍, എഫ് എ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിക്കുന്നത്.
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ഐപിസി 497 ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണോയെന്നതാണ് കോടതി പ്രധാനമായും പരിഗണിക്കുന്നത്.
വിവാഹേതര ലൈംഗികബന്ധത്തില്‍ സ്ത്രീ ഏര്‍പ്പെട്ടാല്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്നത് എന്തിനാണെന്ന് സുപ്രിംകോടതി ആരാഞ്ഞു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീ പുരുഷന്റെ സ്ഥാവരജംഗമ സ്വത്താണോയെന്നായിരുന്നു ഹരജി പരിഗണിക്കവെ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ചോദ്യം. ഭര്‍ത്താവിന്റെ സമ്മതത്തോടെയേ സ്ത്രീ വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തതില്‍ അദ്ഭുതമുണ്ടെന്നു കോടതി പറഞ്ഞു. എന്നാല്‍, 497ാം വകുപ്പ് റദ്ദാക്കിയാല്‍ അത് വിവാഹസമ്പ്രദായങ്ങളെ തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ വാദിച്ചു. ഹരജിയില്‍ ഇന്നും വാദം തുടരും. തൃശൂര്‍ സ്വദേശി ജോസഫ് ഷൈന്‍ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഹരജിക്കാരനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ് ഹാജരായി.
വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ കുറ്റകൃത്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമുള്ളപ്പോള്‍ പുരുഷന്‍ ശിക്ഷിക്കപ്പെടുകയും സ്ത്രീക്ക് ശിക്ഷ ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഊഹിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിയമം വിവാഹത്തിന്റെ പരിശുദ്ധി സൂക്ഷിക്കുന്നതല്ലേെയന്നു കോടതി ചോദിച്ചു. വിവാഹിതനായ പുരുഷന്‍ അവിവാഹിതയായ സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ നിയമത്തിന്റെ കീഴില്‍ ശിക്ഷ വരുന്നില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. നിയമം സ്ത്രീയെ പുരുഷന്റെ സ്ഥാവരജംഗമ സ്വത്തായി കാണുന്നതിനാല്‍ എടുത്തുകളയണമെന്ന് ഒരു സന്നദ്ധസംഘടനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറയും ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss