|    Jan 25 Wed, 2017 3:08 am
FLASH NEWS

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ അരിശം; മലയാളി യുവതിയെ കുത്തിക്കൊന്നു; ആത്മഹത്യക്കു ശ്രമിച്ച പ്രതി അറസ്റ്റില്‍

Published : 16th September 2016 | Posted By: SMR

metupalayam-murder

കോയമ്പത്തൂര്‍: തിരുവോണദിനത്തില്‍ കോയമ്പത്തൂരിനടുത്ത അണ്ണൂരില്‍ മലയാളിയുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ പാലക്കാട്ടെത്തി ആത്മഹത്യക്കു ശ്രമിച്ചു. പാലക്കാട് പുതുപ്പരിയാരം സ്വദേശി സോമസുന്ദരന്‍-ശാരദ ദമ്പതികളുടെ ഏകമകള്‍ ധന്യ(23) കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് പുത്തൂര്‍ സ്വദേശിയായ ഷക്കീര്‍(27) തമിഴ്‌നാട് പോലിസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു നാടിനെ നടുക്കിയ സംഭവം.
സോമസുന്ദരന്റെ കുടുംബം 33 വര്‍ഷമായി അണ്ണൂരിലെ തെന്നംപാളയത്താണ് താമസം. സോമസുന്ദരത്തിന്റെ കൈക്കേറ്റ മുറിവു പരിശോധനയ്ക്ക് ഭാര്യക്കൊപ്പം ആശുപത്രിയില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. മകളുടെ സുരക്ഷയോര്‍ത്ത് വീട് പുറമെനിന്നു പൂട്ടിയിരുന്നു. ഈ സമയം വീട്ടുപരിസരത്തുണ്ടായിരുന്ന പ്രതി വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ധന്യയെ കുത്തിവീഴ്ത്തുകയായിരുന്നു. വൈകീട്ട് ആറുമണിയോടെ സോമസുന്ദരനും ഭാര്യയും വന്നപ്പോഴാണ് മകള്‍ മരിച്ചുകിടക്കുന്നതു കണ്ടത്.
കൊലയ്ക്കുശേഷം പാലക്കാട്ടേക്ക് സ്ഥലം വിട്ട പ്രതി ഷക്കീര്‍, പോലിസ് തന്നെ പിന്തുടരുന്നണ്ടെന്നറിഞ്ഞ് വിഷം കഴിച്ചു. ചാണകത്തിന് പകരമായി ഉപയോഗിക്കുന്ന ചാണിപ്പൊടിയാണ് പ്രതി കഴിച്ചത്. ഗുരുതരവസ്ഥയിലായ ഇയാള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തേടി. ഇതിനിടെ ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പോലിസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. പാലക്കാട് സ്വദേശിയായ ഷക്കീര്‍ തിരുപ്പൂരിലാണ് ജോലിയെടുക്കുന്നത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് യുവതിയെ കൊല്ലാന്‍ കാരണമെന്ന് പോലിസ് കരുതുന്നു. രണ്ടു ദിവസമായി പ്രതി ധന്യയുടെ വീടിന്റെ പരിസരത്ത് കറങ്ങിനടക്കുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ബിഎസ്‌സി പഠനത്തിനുശേഷം ബംഗളൂരുവിലെ ഐടി കമ്പിനിയില്‍ ജോലിനോക്കുകയാണ് ധന്യ. കഴിഞ്ഞ ആഴ്ച അണ്ണൂരില്‍ തന്നെയുളള ഒരു സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകന്‍ ദിനേശുമായി ധന്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വരുന്ന ജനുവരിയിലാണ് വിവാഹം. കൊലപാതകം നടത്തിയ ഷക്കീര്‍ പല തവണ ധന്യയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 299 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക