|    Aug 23 Wed, 2017 8:09 am
FLASH NEWS

വിവാഹവസ്ത്രം തയ്ച്ചുകിട്ടാന്‍ വൈകി ; ഒടുവില്‍ വരനും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു കേസ്‌

Published : 10th August 2017 | Posted By: fsq

 

പൊന്നാനി: വിവാഹ വസ്ത്രം തയ്ച്ചു നല്‍കാന്‍ വൈകിയതിനു തയ്യല്‍ കടയില്‍ അതിക്രമം കാണിക്കുകയും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്ത വരനും സഹോദരനും ബന്ധുവും പുലിവാലു പിടിച്ചു. തയ്യല്‍ കടയിലെ വയനാട് സ്വദേശിയായ ജീവനക്കാരിയുടെ പരാതിയിലാണ് വരന്റെ സഹോദരനും ബന്ധുവിനുമെതിരേ പീഡന ശ്രമത്തിനു പെരുമ്പടപ്പ്  പോലിസ് കേസെടുത്തത്. കഴിഞ്ഞയാഴ്ചയിലാണ് പെരുമ്പടപ്പ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പാറയില്‍ കേസിനാസ്പദമായ സംഭവം. ടൈലറിങ്ങ് ഷോപ്പില്‍ വിവാഹവസ്ത്രം തയ്ക്കാന്‍ നല്‍കിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം കിട്ടാത്തതിനാലാണ് അരിശം മൂത്തത്. തുടര്‍ന്നു മറ്റു വസ്ത്രങ്ങള്‍ സംഘടിപ്പിച്ച് വിവാഹകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധവും പെരുമ്പടപ്പ് പാറയിലെ തയ്യല്‍ കടയിലെത്തി വാക്കേറ്റം നടത്തുകയും മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോവുകയുമായിരുന്നു. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ തയ്യല്‍ കടയില്‍ നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങള്‍ തിരിച്ചു നല്‍കില്ലെന്നും ഇവര്‍ വാശിപിടിച്ചു. ഇതോടെ സംഭവത്തിനു മറ്റൊരു ഭാവം രൂപപ്പെടുകയായിരുന്നു. തങ്ങളുടെ തയ്യല്‍ കടയില്‍ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പുതുമണവാളനെതിരേ പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കിയതോടെ സംഭവം കൈവിട്ടു. പരാതിക്കാര്‍ സ്‌റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കം തുടങ്ങിയതോടെ പെരുമ്പടപ്പ് എസ്‌ഐ ഇരുവരോടും കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയി. എന്നാല്‍, പ്രശ്‌നം തീര്‍പ്പാക്കാന്‍ രണ്ടു ലക്ഷം രൂപ തയ്യല്‍ കടക്കാര്‍ക്കു ഇങ്ങോട്ടു നല്‍കണമെന്നായതോടെ കാര്യങ്ങള്‍ പിന്നെയും കൈവിട്ടു.അങ്ങനെ സംഭവത്തിലെ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസായി. തയ്യല്‍കടയിലെ ജീവനക്കാരി പരാതി പിന്‍വലിക്കാന്‍ തയാറാവാതിരുന്നതോടെയാണ് ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പ് ചേര്‍ത്തു വരന്റെ സഹോദരനും ബന്ധുവിനുമെതിരേ പെരുമ്പടപ്പ് പോലിസിനു കേസെടുക്കേണ്ടി വന്നത്. സംഭവം കേസായതോടെ രണ്ടു തവണ പോലിസ് ഇവരെ അന്വേഷിച്ചെത്തെങ്കിലും ഇവര്‍ ഒളിവിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക