|    Oct 21 Sun, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവാഹമോചിതയുടെ അവകാശ നിഷേധം ; അന്വേഷണ സമിതിയെ നിയോഗിച്ചു

Published : 29th September 2017 | Posted By: fsq

 

മലപ്പുറം: സമസ്ത സെക്രട്ടറിയുടെ മകന്റെ ഭാര്യക്ക് ശരീഅത്ത് നിയമപ്രകാരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുവെന്ന പരാതിയുടെയും കോടതി നടപടികളുടെയും ഭാഗമായി ഉയര്‍ന്ന ആരോപണങ്ങളില്‍ നിജസ്ഥിതി അന്വേഷിക്കാന്‍ സമസ്ത മുശാവറ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമസ്ത വിദ്യാഭ്യാസ ബോ ര്‍ഡ് ജന. സെക്രട്ടറിയും സമസ്ത സെക്രട്ടറിമാരിലൊരാളുമായ എം ടി അബ്ദുല്ല മുസ്്‌ല്യാരുടെ മകന്‍ അബ്ദുല്‍ ഷുക്കൂര്‍ മുസ്‌ല്യാര്‍ക്കെതിരേ മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ അവര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായിരുന്നു. 2007ലാണ് അബ്ദുല്‍ ഷുക്കൂര്‍ മുസ്‌ല്യാര്‍ അബ്ദുല്‍ മജീദ് ഫൈസിയുടെ മകള്‍ നുസൈബയെ വിവാഹമോചനം ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സമസ്ത സെക്രട്ടറിയുടെ മരുമകള്‍ കോടതിയെ സമീപിച്ചത് വലിയ വിവാദവും വാര്‍ത്തയുമായിരുന്നു. തനിക്കൊപ്പം കഴിയുന്ന രണ്ട് മക്കള്‍ക്ക് ചെലവിനും ജീവനാംശം ലഭിക്കാനുമാണ് നുസൈബ മഞ്ചേരി കോടതിയെ സമീപിച്ചിരുന്നത്. ഫിത്‌റ് സകാത്തായി അഞ്ച് കിലോ അരി വര്‍ഷം തോറും അയല്‍വീട്ടില്‍ ഏല്‍പ്പിക്കാറുണ്ടെന്നാണു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അബ്ദുല്ല മുസ്‌ല്യാരും മകനും പറഞ്ഞത്. നുസൈബയുടെ ആഭരണങ്ങള്‍ ഉപയോഗിച്ചു വാങ്ങിയ വസ്തുവിലേക്ക് രേഖാമൂലമുള്ള വഴി അബ്ദുല്ല മുസ്‌ല്യാര്‍ തടസ്സപ്പെടുത്തിയതായി നുസൈബ മലപ്പുറം ആര്‍ഡിഒക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ പുഴക്കാട്ടിരി വില്ലേജ് ഓഫിസര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ അബ്ദുല്ല മുസ്‌ല്യാരുടെയും നുസൈബയുടെയും വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി അഞ്ചിലേറെ തവണ മധ്യസ്ഥശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയെല്ലാം പരാജയപ്പെടുകയായിരുന്നു. അതേ ത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2002ല്‍ ആണ് നുസൈബയെ അബ്ദുല്‍ഷുക്കൂര്‍ മുസ്്‌ല്യാര്‍ക്ക് പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ നിക്കാഹ് ചെയ്തു കൊടുത്തത്. 10 വര്‍ഷം മുമ്പ് വിവാഹമോചിതയായ നുസൈബയ്ക്ക് ഭര്‍തൃകുടുംബം ചെലവിനു നല്‍കുകയോ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. കോടതിക്കു പുറത്ത് വിഷയം പറഞ്ഞുതീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം അബ്ദുല്ല മുസ്‌ല്യാരുടെ നിസ്സഹകരണം കാരണം പരാജയപ്പെടുകയായിരുന്നു. സംഘടനയ്ക്കും നേതൃത്വത്തിനും ഈ കേസും വാര്‍ത്തകളും വലിയ പൊല്ലാപ്പാണ് സൃഷ്ടിച്ചിരുന്നത്. അതേത്തുടര്‍ന്നാണ് ഒടുവില്‍ സംഘടന ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ നേതൃത്വത്തിലു ള്ള അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഇവരോട് വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാനും ഇനിയും ഒത്തുതീര്‍പ്പിനു സാധ്യതയുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിഗണിക്കാനുമാണ് മുശാവറ ആവശ്യപ്പെട്ടിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss