|    Feb 24 Fri, 2017 9:53 am
FLASH NEWS

വിവാഹമാമാങ്കത്തെ ബിജെപി തള്ളിപ്പറയണം

Published : 16th November 2016 | Posted By: SMR

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യം സാമ്പത്തികദുരിതത്തിലകപ്പെട്ടിട്ടുള്ള സാഹചര്യം പൊതുജീവിതത്തെ എങ്ങനെയാണു ബാധിക്കുക? ആഡംബരവും ധൂര്‍ത്തുമൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുമെന്ന് നാം വിചാരിച്ചേക്കാം. എങ്കില്‍ തെറ്റി. ഖനിരാജാവും മുന്‍ കര്‍ണാടക ബിജെപി മന്ത്രിയുമായ ജി ജനാര്‍ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹാഘോഷങ്ങള്‍ ബംഗളൂരുവില്‍ പൊടിപൊടിക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ നാം ഞെട്ടിപ്പോവും. ഹംപിയിലെ പുരന്ദര ക്ഷേത്രത്തിന്റെ മാതൃക ബംഗളൂരുവില്‍ പുനര്‍നിര്‍മിച്ചുകൊണ്ടാണ് വിവാഹം നടത്തുന്നത്.
ജനാര്‍ദന റെഡ്ഡിയുടെ ബെല്ലാരിയിലെ വീടിന്റെയും വരന്‍ രാജീവിന്റെ ഹൈദരാബാദിലുള്ള വീടിന്റെയും മാതൃകകളും നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്രം പൂജയ്ക്കും വധൂവരന്മാരുടെ വീടുകള്‍ കുന്ദെ ബില്ലെ പോലെയുള്ള പരമ്പരാഗത വിനോദങ്ങള്‍ക്കുമാണ് ഉപയോഗിക്കുക. കുടുംബാംഗങ്ങളെ അലങ്കരിച്ച 40 കാളവണ്ടികളിലായാണ് വിവാഹച്ചടങ്ങ് നടക്കുന്ന അങ്കണത്തിലേക്കു കൊണ്ടുപോവുക. ഇന്നു നടക്കുന്ന ബിആര്‍ വിവാഹം (ബ്രാഹ്മണി-രാജീവ്) ബംഗളൂരുവില്‍ ഉല്‍സവമേളമായിരിക്കുകയാണ്.
50,000ലധികം അതിഥികള്‍ പങ്കെടുക്കുന്ന ഈ വിവാഹത്തിന് സുരക്ഷയൊരുക്കുന്നത് 3,000 പേരടങ്ങുന്ന സെക്യൂരിറ്റിക്കാരാണ്. പങ്കെടുക്കുന്നത് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍. ഗാനമേള നടത്തുന്നത് സോനു നിഗം. സിനിമാതാരങ്ങളുടെ പട വിവാഹത്തിനെത്തുമെന്ന് തീര്‍ച്ച. ഈ വിവാഹമാമാങ്കം വഴി എത്ര കോടി രൂപയാണ് തുലച്ചുകളയുന്നത് എന്നത് രാജ്യാഭിമാനത്താല്‍ നിമിഷം തോറും വിജൃംഭിതരാവുന്ന നമ്മുടെ നേതാക്കന്മാരാരെങ്കിലും ആലോചിക്കാറുണ്ടോ?
രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ച ത്യാഗത്തിന്റെ കഥകള്‍ പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ആശീര്‍വാദത്തോടു കൂടി കൊഴുത്തു തടിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജനാര്‍ദന റെഡ്ഡി. ജനാര്‍ദന റെഡ്ഡിയുടെ ധൂര്‍ത്തിനെതിരായി ചെറുവിരലനക്കുമോ രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തിട്ടുള്ള ബിജെപിക്കാര്‍? ചില്ലറ നോട്ടുകള്‍ക്കു വേണ്ടി ക്യൂ നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് മാത്രം മതിയോ സാമ്പത്തിക അച്ചടക്കം.
സാമ്പത്തിക അച്ചടക്കത്തെപ്പറ്റി നരേന്ദ്രമോദിയും ബിജെപിയും പറയുന്ന വാക്കുകള്‍ക്ക് വല്ല അര്‍ഥവുമുണ്ടെങ്കില്‍ പാര്‍ട്ടി ഈ വിവാഹമാമാങ്കത്തെ തള്ളിപ്പറയണം. വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് സ്വന്തം മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും നിര്‍ദേശം കൊടുക്കണം. നാട് നന്നാക്കാന്‍ ആദ്യം സ്വന്തം വീട്ടില്‍നിന്നു തുടങ്ങട്ടെ. അതിനു ധൈര്യമുണ്ടോ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 160 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക