|    Feb 26 Sun, 2017 8:57 am
FLASH NEWS

വിവാഹപ്പന്തലിലും മുഴങ്ങുന്നത് ആസാദി

Published : 25th November 2016 | Posted By: SMR

slug-kashmirറെനി  ഐലിന്‍

സുഹൃത്തിനോടൊപ്പം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നഗരം വിട്ട് പിന്നെയും ഞാന്‍ പുറത്തേക്കു പോയി. പാടങ്ങളും ചെറിയ തോടും നിറഞ്ഞ ഒരു ഗ്രാമപ്രദേശം. പരമ്പരാഗത കശ്മീരി രീതിയിലുള്ള വിവാഹം. വലിയ ആര്‍ഭാടമോ ആഘോഷമോ ഒന്നുമില്ല. ഇപ്രാവശ്യം ഷട്ട് ഡൗണ്‍ തുടങ്ങിയപ്പോള്‍ വിവാഹങ്ങള്‍ മാറ്റിവച്ച പരസ്യങ്ങള്‍ കൊണ്ട് കശ്മീരി പത്രങ്ങളുടെ പേജുകള്‍ നിറഞ്ഞിരുന്നു. ഒരു വീട്ടിലെ രണ്ടു സഹോദരങ്ങളുടെ വിവാഹമാണ് അടുത്തടുത്ത ദിവസങ്ങളില്‍ നടന്നത്. വളരെക്കുറച്ച് ബന്ധുമിത്രാദികളും അയല്‍വാസികളും മാത്രം പങ്കെടുത്ത ചടങ്ങ്. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ കാമറ എടുത്തപ്പോഴാണ് ബാറ്ററി ചാര്‍ജില്ലെന്നു മനസിലായത്. സുഹൃത്തിന്റെ വീട്ടില്‍ മറന്നുപോയ ചാര്‍ജര്‍ എടുക്കാന്‍ പുറപ്പെടുമ്പോള്‍ സുഹൃത്ത് താരീഖ് അതു തടഞ്ഞു. കുറച്ചു മുമ്പാണ് അവിടെ ഒരു ഗ്രനേഡാക്രമണം നടന്നത്.
അല്‍പനേരം കഴിഞ്ഞ് കുറേ സ്ത്രീകള്‍ പാടാന്‍ തുടങ്ങി. അടുത്തു നിന്ന ചങ്ങാതിയോട് ഞാന്‍ ചോദിച്ചു: ‘ഈ പാട്ടിന്റെ അര്‍ഥമെന്താണ്?’ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിച്ച രക്തസാക്ഷികളുടെ സ്മരണകളായിരുന്നു പാട്ടില്‍. ‘ആസാദി വിട്ട് മറ്റൊരു കാര്യം ഞങ്ങളുടെ ചടങ്ങുകളിലോ ഹൃദയത്തിലോ ഇല്ല. ആദ്യമായും അവസാനമായും ഒരൊറ്റ കാര്യമേ ഞങ്ങള്‍ക്കുള്ളൂ. അത് ആസാദി മാത്രം’- സുഹൃത്ത് മറുപടി പറഞ്ഞു. വധുവിന്റെ വീട്ടിലേക്ക് പോകാന്‍ സമയമായി. വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നു പെട്ടെന്നൊരു ശബ്ദം. ഒരു കുട്ടിയുടെ മുദ്രാവാക്യംവിളിയാണെന്ന് സ്വരം കേട്ടപ്പോള്‍ മനസിലായി. തലപ്പാവ് ധരിച്ച വരന്റെ മുന്നില്‍ കഷ്ടിച്ച് പത്തുവയസ്സുപോലുമില്ലാത്ത ഒരു ബാലന്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി ഉച്ചത്തില്‍ വിളിക്കുന്നു: ‘ഹം ക്യാ ചാഹ്താഹേ’ (നമുക്ക് എന്താണു വേണ്ടത്) മറ്റുള്ളവരെല്ലാം ഉച്ചത്തില്‍ മറുപടി പറഞ്ഞു: ‘ആസാദി.’ പിന്നെ വരന്‍ കാറില്‍ക്കയറി പോവുന്നതു വരെ അത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടേയിരുന്നു. വലിയ പ്രക്ഷോഭം നടക്കുന്ന ഇസ്‌ലാമാബാദിലോ (ഭരണകൂടം വിളിക്കുന്നത് അനന്തനാഗ്), ശ്രീനഗറിലെ ഡൗണ്‍ ടൗണിലോ പോപ്പിയാനിലെ തെരുവീഥിയിലോ നില്‍ക്കുകയാണെന്ന് എനിക്കു തോന്നി.
പിറ്റേന്ന് അതേ വീട്ടിലെ തന്നെ ഒരു പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു. പരമ്പരാഗതമായ ചില നാടോടിഗാനങ്ങള്‍ അന്നു പാടി. അവയൊഴികെ ബാക്കിയെല്ലാം സ്വാതന്ത്ര്യഗാനങ്ങള്‍. പെണ്‍കുട്ടിയെ ആനയിച്ച് പന്തലില്‍ കൊണ്ടുവന്നപ്പോഴും പതിവുപോലെ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കി. കശ്മീരി നൃത്തംചവിട്ടുന്ന മുതിര്‍ന്നവരുടെയും ഇളമുറക്കാരുടെയും ഇടയില്‍ നിന്ന് ഒരു യുവതി നൃത്തത്തിന്റെ പാരമ്യത്തില്‍ മുദ്രാവാക്യം വിളി തുടങ്ങി. ഒരു മുന്നണി പ്രക്ഷോഭകാരിയുടെ സകല രൂപഭാവങ്ങളും ഒത്തിണങ്ങിയ അവരുടെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ചടങ്ങ് കഴിഞ്ഞപ്പോള്‍ മുദ്രാവാക്യം മുഴക്കിയ ഒരു യുവതിയെ പരിചയപ്പെട്ടു- സബിയ. ഡിഗ്രി പാസായി നില്‍ക്കുന്നു. ‘എന്റെ കുഞ്ഞുനാളില്‍ ജ്യേഷ്ഠന് വേണ്ടി അലഞ്ഞ ഉമ്മയുടെ കണ്ണീരും നിലവിളിയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് അതിക്രമങ്ങളെക്കുറിച്ചോ ആസാദിയുടെ വിലയെക്കുറിച്ചോ പ്രത്യേകിച്ച് ഒരു വിവരണം ആവശ്യമില്ല’- സബിയ പറഞ്ഞു. ഒരിക്കല്‍ അവരുടെ ഗ്രാമം പട്ടാളം റെയ്ഡ് ചെയ്തു. അന്നു പത്താം ക്ലാസ് പാസായിനിന്ന സബിയയുടെ ജ്യേഷ്ഠനെ പട്ടാളം കൊണ്ടുപോയതാണ്. പിന്നീടൊരിക്കലും ആ ബാലന്‍ തിരിച്ചുവന്നില്ല. കശ്മീരിലെ നിര്‍ബന്ധിത തിരോധാനത്തിന്റെ നീണ്ട പട്ടികയിലെ മറ്റു മനുഷ്യരോടൊപ്പം സുബൈര്‍ എന്ന 16കാരനും.
കശ്മീരിലെ ഓരോ വീട്ടുകാര്‍ക്കും ഇതുപോലെ ഒരു കഥ പറയാനുണ്ടാവും. ഒന്നുകില്‍ പട്ടാളം കൊല ചെയ്ത ബന്ധുക്കളെപ്പറ്റി; അല്ലെങ്കില്‍ മാനഭംഗമോ അതുമല്ലെങ്കില്‍ മര്‍ദനങ്ങളേറ്റ് ജീവച്ഛവമായ മനുഷ്യരെപ്പറ്റിയോ. പേരോ വീടോ മാത്രമേ മാറുന്നുള്ളൂ. എന്നാല്‍ ഭരണകൂടം നടത്തുന്ന അക്രമങ്ങളുടെ സ്വഭാവം ഏകദേശം ഒന്നുതന്നെയാണ്- ‘കാവി ദേശസ്‌നേഹത്തിന്റെ ബാലപാഠങ്ങളും മഹനീയ കഥകളും.’ കയ്പുനിറഞ്ഞ അനുഭവങ്ങളുടെയും ആഴത്തിലുള്ള മുറിവുകളുടെയും പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു ജനതയെ ദേശസ്‌നേഹത്തിന്റെ മഹനീയത പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തോട് അവര്‍ക്കു സഹതാപമേയുള്ളൂ. എല്ലാതരത്തിലും ചൂഷണം ചെയ്യപ്പെടുന്ന ഒരു നാടാണ് കശ്മീര്‍.
1990ന് സമാന രീതിയിലുള്ള നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 10 തൊട്ട് ആസാദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. നൂറിലധികം പേരുടെ ലിസ്റ്റ് ഇന്റലിജന്‍സ് ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ചുകഴിഞ്ഞു.
മൂന്നുമാസമായി സ്‌കൂളുകള്‍ ഒന്നും തുറന്നിട്ടില്ല. പക്ഷേ, പരീക്ഷ നടത്താതെ തന്നെ കുപ്‌വാര ജില്ലയിലെ ഗുന്ദ്ഛബൂത്ര ഗ്രാമത്തില്‍ എല്ലാ കുട്ടികളെയും ജയിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി നല്‍കുന്ന വാഗ്ദാനം.
പെല്ലറ്റുകളേറ്റ് അന്ധനായ ഷഫാഖത് ഷാഫി ഖാന്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥി, ‘പരീക്ഷ എഴുതാം, എന്റെ കാഴ്ച തിരിച്ചുതരൂ’ എന്ന് തിരിച്ചു ചോദിച്ചത് പ്രാദേശിക പത്രങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ ഒരു പിടികൂടി മുന്നോട്ടുപോയി, ജയിലുകള്‍ പരീക്ഷാകേന്ദ്രങ്ങളാക്കും എന്നു പ്രഖ്യാപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടില്ല എന്ന വാദം അതോടെ പൊളിഞ്ഞു.
കഴിഞ്ഞ നാലുമാസം കൊണ്ട് 100ലധികം പേര്‍ കൊല്ലപ്പെട്ടു. 13000 പേര്‍ക്ക് വിവിധ രീതിയിലുള്ള പരിക്കേറ്റു, 8000ലധികം പേര്‍ ജയിലിലായി. 300ലധികം പേരുടെ കാഴ്ച നഷ്ടപ്പെട്ടത് പെല്ലറ്റ് പ്രയോഗത്തിലൂടെ മാത്രം. പ്രക്ഷോഭത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ബാക്കിപത്രമാണിത്.
കശ്മീരി ജനതയുടെ ന്യായവും സത്യസന്ധവുമായ രാഷ്ട്രീയാഭിലാഷങ്ങളെ എത്ര തടഞ്ഞുനിര്‍ത്തിയാലും അത് ഇടയ്ക്കിടെ പൊട്ടിത്തെറിക്കുക തന്നെ ചെയ്യും. ഭരണാധികാരികള്‍ക്ക് എത്രനാള്‍ വെടിയുണ്ടയുടെ ബലത്തില്‍ മുന്നോട്ടുപോവാന്‍ കഴിയും എന്ന ചോദ്യമാണ് സമരത്തിനിറങ്ങാത്ത കശ്മീരികള്‍ വരെ ചോദിക്കുന്നത്. ഓരോ ജനാധിപത്യവിശ്വാസിയും ചോദിക്കേണ്ട  ചോദ്യം.

(അവസാനിച്ചു.)
 
തിരുത്ത്: പരമ്പരയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ഭാഗത്ത് അലി ഷാ ഗിലാനിയുടെ മകളെ അറസ്റ്റ ചെയ്തു എന്ന് തെറ്റായാണ് അടിച്ചുവന്നത്. മകളെയല്ല, മകനെയാണ് പോലിസ് അറസ്റ്റ ചെയ്തത്.
                                                            -ലേഖകന്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക