|    Nov 14 Wed, 2018 12:20 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വിവാഹം എങ്ങനെ ലളിതമാക്കാം?

Published : 6th August 2016 | Posted By: SMR

slug-madhyamargamസിഎച്ച് മുഹമ്മദ് കോയ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞു. കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരിക്കെ 1983 സപ്തംബര്‍ 20ന് ഹൈദരാബാദില്‍ വച്ചാണ് സിഎച്ച് അന്ത്യശ്വാസം വലിച്ചത്.
കോഴിക്കോട് നഗരം സിഎച്ചിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കാം ബാഫഖിതങ്ങള്‍ മുന്‍കൈയെടുത്ത് നടക്കാവില്‍ പത്ത് സെന്റ് ഭൂമി വാങ്ങി ഒരു വീട് അദ്ദേഹത്തിനു നിര്‍മിച്ചു കൊടുത്തത്. നടക്കാവ് ജുമാമസ്ജിദ് പള്ളിക്ക് സമീപമുള്ള ആ വീടിന് ക്രസന്റ് ഹൗസ് എന്നാണു പേര്. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ അവിടെ കൂടും. ഏവരോടും സിഎച്ചിന് ഒരേ സമീപനവും. ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാം. ഏതു കാര്യത്തെക്കുറിച്ചുള്ള അപേക്ഷയും അദ്ദേഹത്തിന് നേരിട്ടു കൊടുക്കാം.
അക്കാലത്ത് പരമു ക്രസന്റ് ഹൗസിലെ നിത്യസന്ദര്‍ശകനായിരുന്നു. പത്രമാസികകള്‍ വായിക്കാനും രാഷ്ട്രീയ കാര്യങ്ങള്‍ അറിയാനും സിഎച്ചിന്റെ തമാശകള്‍ കേട്ട് ചിരിക്കാനും ആയിരുന്നു പതിവായി പോയിരുന്നത്. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരിക്കെ ഒരു മധ്യവയസ്‌കന്‍ മകനെ പത്താം ക്ലാസ് പരീക്ഷ പാസാക്കികൊടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുന്നതു പരമു നേരിട്ടു കണ്ടതാണ്. അപേക്ഷ കൈപ്പറ്റി വിദ്യാഭ്യാസ മന്ത്രി അതില്‍ കുറിപ്പ് എഴുതി. പരിഗണിക്കണം. ആ ഫയല്‍ ഉദ്യോഗതലത്തില്‍ നന്നായി ചിരിക്കാനുള്ള വകയായിട്ടുണ്ടാവും. ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍.
സിഎച്ച് 56ാം വയസ്സില്‍ മരിക്കുമ്പോള്‍ ക്രസന്റ് ഹൗസ് ജപ്തിയിലായിരുന്നു. ഒരു ബാങ്കില്‍ നിന്ന് വായ്പ വാങ്ങിയത് അടയ്ക്കാന്‍ കഴിയാതെയുള്ള ജപ്തി നോട്ടീസ്. സിഎച്ചിന്റെ കിടപ്പുമുറിയിലെ ലാന്‍ഡ് ഫോണ്‍ വാടക അടയ്ക്കാതെ കട്ട് ചെയ്തിരിക്കുകയായിരുന്നു. പുതിയ തലമുറയ്ക്ക് പോയിട്ട് മുസ്‌ലിംലീഗിലെ ഇന്നത്തെ നേതാക്കള്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസമുള്ള സത്യമാണിത്. ഭാര്യയും മൂന്നു മക്കളും അമൂല്യ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 2000ത്തിലധികം പുസ്തകങ്ങളും കെട്ടുകണക്കിനു മാസികകളും പത്രങ്ങളും- ഇതായിരുന്നു കോയക്കയുടെ സമ്പാദ്യം.
ഉപമുഖ്യമന്ത്രിയായിരുന്ന സിഎച്ച് മരിച്ച ഉടനെ മുഖ്യമന്ത്രി കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന കേരള മന്ത്രിസഭായോഗം താഴെ പറയുന്ന തീരുമാനമെടുത്തു. ഉപമുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തെ സഹായിക്കുന്നതിന് ഭാര്യ ആമിനത്താത്തയ്ക്ക് പ്രതിമാസം 500 രൂപയും മകന്‍ എം കെ മുനീറിന്റെ പഠനത്തിനായി പ്രതിമാസം 200 രൂപയും നല്‍കാന്‍ തീരുമാനിക്കുന്നു.” മകന്‍ മുനീര്‍ ഇന്നു പൊതുരംഗത്ത് തിളങ്ങിനില്‍ക്കുന്നു. മുനീര്‍ വളരെ വേഗത്തില്‍ എംഎല്‍എയും മന്ത്രിയുമായി. ചാനല്‍ ചെയര്‍മാനായി. പുസ്തകക്കച്ചവടക്കാരനായി. എല്ലാവരുടെയും ഇഷ്ടക്കാരനായി.
യുഡിഎഫ് ഭരണത്തിലെ എല്‍ഡിഎഫ് മന്ത്രി എന്നായിരുന്നു അദ്ദേഹത്തെ ചിലര്‍ വിശേഷിപ്പിച്ചിരുന്നത്. എന്തൊക്കെ പറഞ്ഞാലും വിലപിടിപ്പുള്ള വിഗ്ഗ് വച്ചു നടന്നാലും മിന്നിത്തിളങ്ങുന്ന ഷര്‍ട്ട് ധരിച്ചാലും സിഎച്ചിന്റെ മകനായതിനാല്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തോട് എക്കാലത്തും ബഹുമാനം കാണിക്കുന്നു. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ അക്ഷരംപ്രതി അദ്ദേഹം പാലിക്കുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന നിര്‍വാഹക സമിതി എടുത്ത ഒരു തീരുമാനം മുനീര്‍ സാഹിബ് നടപ്പാക്കിയത് കേട്ടാല്‍ ആരും കോരിത്തരിച്ചു പോവും. തങ്ങളുടെയും മക്കളുടെയും കുടുംബാംഗങ്ങളുടെയും വിവാഹങ്ങള്‍ തികച്ചും ലളിതവും മാതൃകാപരവുമായിരിക്കണമെന്നാണ് ലീഗിന്റെ തീരുമാനം. വിവാഹത്തിന്റെ പേരിലുള്ള ധൂര്‍ത്തിനെതിരേ നിരവധി മുസ്‌ലിം സംഘടനകള്‍ രംഗത്തു വരാന്‍ തുടങ്ങിയപ്പോഴാണ് ലീഗ് നേതൃത്വം ഇങ്ങനെ ഒരു തീരുമാനമെടുത്തത്. തീരുമാനത്തിന്റെ മഷി ഉണങ്ങുന്നതിനു മുമ്പായിരുന്നു മുനീര്‍ സാഹിബിന്റെ മകന്റെ വിവാഹം. തികച്ചും ലളിതമായാണ് കോഴിക്കോട് സ്വപ്‌നനഗരിയില്‍ വിവാഹം നടന്നത്. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയ ലാളിത്യത്തിന്റെ പര്യായമായ പടുകൂറ്റന്‍ പന്തല്‍. നൂറുകണക്കിനു തൊഴിലാളികള്‍ ലളിതമായി ജോലി ചെയ്ത് ഒന്നൊന്നര മാസം കൊണ്ടാണ് ഈ പന്തലിന്റെ പണി പൂര്‍ത്തിയാക്കിയത്. ലളിതമായ, വര്‍ണാഭമായ അലങ്കാരങ്ങള്‍ പന്തലിനെ നയനാനന്ദകരമാക്കി. അതിനുള്ളിലും പുറത്തും സംവിധാനം ചെയ്ത ദീപങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. പന്തലിലെ പരവതാനിയും കസേരകളും മറ്റു സംവിധാനങ്ങളും വന്നവരെ അദ്ഭുതപരതന്ത്രരാക്കി. പന്തലിന് അരക്കോടി രൂപയെങ്കിലും ചെലവു വരുമെന്ന് ചില ദോഷൈകദൃക്കുകള്‍ ലളിതമായി സംസാരിക്കുന്നതു കേട്ടു. പന്തലിലേക്ക് ജനപ്രവാഹമായിരുന്നു. സ്വീകരിക്കാനും ഭക്ഷണം വിളമ്പാനും യൂനിഫോമിട്ട സ്‌നേഹസമ്പന്നര്‍, വയറു നിറയ്ക്കാന്‍ ഇഷ്ടംപോലെ വിഭവങ്ങള്‍. ഇങ്ങനെയൊരു ജനക്കൂട്ടത്തെ ക്ഷണിക്കാന്‍ കഴിഞ്ഞ ജനപ്രതിനിധിയെ ഏവരും ലളിതമായിത്തന്നെ പ്രശംസിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കല്യാണവിരുന്നു നടന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ട തലപ്പൊക്കമുള്ള 3000ത്തിലധികം പേരാണ് ഭക്ഷണം കഴിച്ചത്. ഇതാണ് യഥാര്‍ഥ കല്യാണം എന്നു ചിലര്‍ അഭിപ്രായപ്പെടുന്നതും കേട്ടു. ഏതോ കുബേരകല്യാണച്ചടങ്ങാണിതെന്നു ചില നിഷ്‌കളങ്കര്‍ തെറ്റിദ്ധരിക്കുകും ചെയ്തു. ഏതായാലും സമൂഹത്തിന് മാതൃകയാക്കാവുന്ന ലളിതമായ വിവാഹം. ഇനി ആ മാതൃക തുടരാം…

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss