|    Sep 20 Thu, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവാദ പരാമര്‍ശം: ഹജ്ജ് യാത്രക്ക് ബാലകൃഷ്ണപ്പിള്ള നല്‍കിയ പണം തിരികെനല്‍കി

Published : 17th August 2016 | Posted By: SMR

കൊല്ലം: ഹജ്ജിനു പോവാന്‍ ബാലകൃഷ്ണപ്പിള്ള നല്‍കിയ പണം തിരികെനല്‍കി. പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ സുബൈര്‍ മുസ്‌ല്യാരാണ് പണം തിരികെ നല്‍കിയത്. അടുത്തിടെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപ്പിള്ള നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തന്റെ പേര് പരാമര്‍ശിച്ചതില്‍ മനംനൊന്താണ് സുബൈര്‍ മുസ്‌ല്യാര്‍ പണം തിരികെ നല്‍കിയത്.
15 വര്‍ഷം മുമ്പ് ഹജ്ജ് കര്‍മം അനുഷ്ഠിക്കുന്നതിനായി സാമ്പത്തികസഹായം നല്‍കാമെന്ന് ദൂതന്‍ മുഖേനയാണ് മന്ത്രിയായിരുന്ന ബാലകൃഷ്ണപ്പിള്ള സുബൈര്‍ മുസ്‌ല്യാരെ അറിയിച്ചത്. തുടര്‍ന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള അതിയായ ആഗ്രഹം മൂലം മുസ്‌ല്യാര്‍ പണം സ്വീകരിക്കുകയും ഹജ്ജിനു പോവുകയും ചെയ്തു.
ഈ സമയത്ത് സഹായം സ്വീകരിച്ച് ഹജ്ജിനു പോയത് അപഹാസ്യമായി ഒരു മലയാള പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും സഹായം സ്വീകരിച്ചതിനാല്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍, അടുത്തിടെ ബാലകൃഷ്ണപ്പിള്ള നടത്തിയ വാര്‍ത്താസമ്മേളനത്തിലും പണംനല്‍കി ഹജ്ജിനു വിട്ട കാര്യം സൂചിപ്പിച്ചത് മാനസികമായി പ്രയാസം ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് പണം തിരിച്ചുനല്‍കാ ന്‍ തീരുമാനിച്ചത്. 65,000 രൂപയുടെ ഡിഡി ഇന്നലെ ബാലകൃഷ്ണപ്പിള്ളയുടെ പേരില്‍ പോസ്റ്റല്‍ ആയി അയച്ചുകൊടുക്കുകയായിരുന്നു.
ചെയ്തുതന്ന സഹായത്തിനു നന്ദിയെന്നും പണം തിരികെ നല്‍കിയത് നന്ദികേടായി കാണരുതെന്നും ഡിഡിയോടൊപ്പമുള്ള കത്തില്‍ സുബൈര്‍ മുസ്‌ല്യാര്‍ സൂചിപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss