|    May 24 Wed, 2017 9:17 pm
FLASH NEWS

വിവാദ നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായവകുപ്പിലേത് അടക്കം വിവാദമായ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നിയമനങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനു നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മാനേജിങ് ഡയറക്ടര്‍/ ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ദേശീയതലത്തില്‍ അടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചായിരിക്കും ഇനി മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നടത്തുക. ക്രമവിരുദ്ധമായ നിയമനം തടയുന്നതിനു ചീഫ് സെക്രട്ടറി
എസ് എം വിജയാനന്ദ് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍ വ്യവസായവകുപ്പിലെ വിവാദ നിയമനങ്ങളെ സംബന്ധിച്ച് വിശദീകരിക്കാന്‍ മന്ത്രി ഇ പി ജയരാജന്‍ മുതിര്‍ന്നെങ്കിലും മുഖ്യമന്ത്രി വിലക്കി. അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചതായും ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ജയരാജനെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം പുറത്തുവന്ന മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും യാതൊരു പ്രതികരണത്തിനും മുതിര്‍ന്നില്ല. രാജിസന്നദ്ധത സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, ബിജെപിയും ആര്‍എസ്എസും ആയുധം താഴെ വയ്ക്കണമെന്നായിരുന്നു ജയരാജന്റെ മറുപടി.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ പുനസ്സംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2016 ജൂലൈ 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കമ്മീഷന്‍ പുനസ്സംഘടിപ്പിക്കുകയും കാലാവധി മൂന്നു വര്‍ഷത്തേക്ക് നിജപ്പെടുത്തുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day