|    Jul 22 Sun, 2018 4:35 pm
FLASH NEWS

വിവാദ നിയമനം റദ്ദാക്കി; വിജിലന്‍സ് കേസെടുത്തു

Published : 29th October 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ യോഗ്യതയില്ലാത്ത യുവാവിന് ലാബ് ടെക്‌നീഷ്യന്‍ നിയമനം നല്‍കിയ സംഭവം വിവാദമായതോടെ നിയമനം റദ്ദാക്കി. സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തു. ഫയലുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം 29നാണ് ജനറല്‍ ആശുപത്രിയിലേക്ക് രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കാനായി അഭിമുഖം നടത്തിയത്. ആറ് പേരായിരുന്നു അഭിമുഖത്തിന് എത്തിയത്. എന്നാല്‍ ഭരണമുന്നണിയുടെ പ്രബല പാര്‍ട്ടിയുടെ ശുപാര്‍ശ പ്രകാരം പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ ബന്ധുവായ അരുണ്‍ രാജിനെയും കോഴിക്കോട് സ്വദേശിയായ വൈശാഖിനേയും നിയമിക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ മൂന്നിന് ഇവിടെ ചുമതലയേല്‍ക്കുകയും ചെയ്തു. നേരത്തെ ഇതേ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അണങ്കൂര്‍ സ്വദേശിയായ യുവാവിനെ ഒഴിവാക്കിയാണ് നിയമനം നടത്തിയത്. ഇക്കാര്യം തേജസ് ഇന്നലെ പ്രസിദ്ധീകരിച്ചതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തി. ആശുപത്രി സൂപ്രണ്ട്, ലേ സെക്രട്ടറി, ആര്‍എംഒ, എന്‍ജിഒ യൂനിയന്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് കഴിഞ്ഞ മാസം 29ന് അഭിമുഖം നടത്തിയത്. അഭിമുഖ സമയത്ത് പയ്യന്നൂര്‍ സ്വദേശിയായ അരുണ്‍ രാജ് ഹാജരാക്കിയത് വിഎച്ച്എസ്ഇ സര്‍ട്ടിഫിക്കറ്റായിരുന്നു. കൂടാതെ പരിയാരം മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതായുള്ള ഒരു കത്തും നല്‍കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ജോലിയില്‍ പ്രവേശിച്ച് ലാബ് ടെക്‌നീഷ്യന്‍ ജോലി ചെയ്തുവരവെ കണക്കുകള്‍ യഥാസമയം അവതരിപ്പിക്കാതെ വന്നപ്പോള്‍ മറ്റു ജീവനക്കാര്‍ ഇടപെടുകയായിരുന്നു. സംഭവം പുറത്തറിയിക്കരുതെന്ന് യൂനിയന്‍ സെക്രട്ടറി മറ്റു ജീവനക്കാരെ താക്കീത് ചെയ്തു. ഇതിനിടയില്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ആവശ്യപ്പെട്ടു. ഇത് ഹാജരാക്കാന്‍ യുവാവ് തയ്യാറായില്ല. ഇതോടെ സംഭവം പുറത്താവുകയായിരുന്നു. ഇന്നലെ രാവിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചപ്പോള്‍ തെറ്റുപറ്റിയെന്നും നിയമനം റദ്ദ് ചെയ്യുമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രി ലേ സെക്രട്ടറിയെ ഉപരോധിച്ചു. വിവാദ നിയമനത്തിന് കൂട്ടുനിന്ന ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദ നിയമനത്തിന് ഒത്താശ ചെയ്ത ആശുപത്രിയിലെ എന്‍ജിഒ യൂനിയന്‍ യൂനിറ്റ് സെക്രട്ടറിയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ അടുത്ത കാലത്ത് നടന്ന എല്ലാ നിയമനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാമെന്നും അനധികൃതമായി ജോലി സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അവരെ പിരിച്ചുവിടുമെന്നും ലേ സെക്രട്ടറി ഉറപ്പ് നല്‍കിയതോടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ വിജിലന്‍സ് ഡിവൈഎസ്പി മിന്നല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിജിലന്‍സ് സംഘം ആശുപത്രിയിലെ ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുത്തു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് ഡിവൈഎസ്പി രഘുരാമന്‍ അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനല്‍ സെക്രട്ടറി ടി ഡി കബീര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റഊഫ് ബായിക്കര, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ബി എം സി ബഷീര്‍, ഇഖ്ബാല്‍ ചൂരി, ശംസുദ്ദീന്‍ കിന്നിംഗാര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss