|    Jan 23 Mon, 2017 10:34 pm

വിവാദ കമ്പനിയുടെ വൈദ്യുതി തൂണുകള്‍ ഉപയോഗിക്കരുതെന്ന്

Published : 1st July 2016 | Posted By: SMR

കാഞ്ഞങ്ങാട്: വൈദ്യുതി തൂ ണ്‍ ഒടിഞ്ഞു വീണ് കരാര്‍ തൊഴിലാളി മരിച്ച കേസ് അട്ടിമറിക്കാന്‍ കെഎസ്ഇബിയുടെ ശ്രമം. പനത്തടി ഓട്ടമലയിലെ കെ രാജീവനാ(32)ണ് കഴിഞ്ഞ ജൂണ്‍ മൂന്നിന് ബേഡകം കാവുങ്കാലില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണ് മരണപ്പെട്ടത്. ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ച അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചത് പോസ്റ്റ് നിര്‍മിച്ച കമ്പനിക്കല്ലെന്നും സെക്ഷന്‍ ഓഫിസ് അധികൃതര്‍ക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ പോസ്റ്റ് നിര്‍മിച്ച കമ്പനിയെ സംരക്ഷിക്കാനാണ് കെഎസ്ഇബിയുടെ നീക്കം.
ഈ സംഭവത്തില്‍ വൈദ്യുതി പോസ്റ്റിന്റെ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ചുമതലയുള്ള അസി. എന്‍ജിനീയറെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സീരിയല്‍ നമ്പറോ നിര്‍മാണ തീയതിയോ രേഖപ്പെടുത്താത്ത വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കരുതെന്ന് കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നു. എന്നിട്ടും സെക്ഷന്‍ അധികൃതര്‍ ഇക്കാര്യം പരിശോധിക്കാതെ സ്ഥാപിച്ച പോസ്റ്റ് ഒടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. അതുകൊണ്ടു തന്നെ കരാറുകാരനെതിരെ നടപടിയെടുക്കാനുള്ള യാതൊരു തെളിവും അധികൃതര്‍ക്ക് മുമ്പിലില്ല. കരാറുകാരനെതിരെ പരാതി നല്‍കിയാല്‍ അത് നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മഞ്ചേശ്വരത്തെ ജ്യോതി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കഴിഞ്ഞ നവംബര്‍ മുതല്‍ കെഎസ്ഇബിക്ക് വൈദ്യുതി പോസ്റ്റ് നിര്‍മിച്ചു നല്‍കിവരുന്നത്. പോസ്റ്റിന്റെ പരിശോധന കാസര്‍കോട് സിവില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയറാണ് നടത്തിയിരുന്നത്. നൂറ് പോസ്റ്റുകളില്‍ മൂന്നെണ്ണത്തിന്റെ ഗുണനിലവാരം പരിശോധിച്ചാണ് പോസ്റ്റുകള്‍ വാങ്ങുന്നത്.
കരാറുകാരന്‍ നല്‍കിയ പോസ്റ്റുകള്‍ സിവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പരിശോധിച്ചതില്‍ ചില ന്യൂനതകള്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ച് എഗ്രിമെന്റ് അതോറിറ്റിയായ ചീഫ് എന്‍ജിനീയര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനീയര്‍ മൂന്ന് പേരടങ്ങുന്ന വിദഗ്ധ ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്ക് അയച്ചിരുന്നു. ഇവര്‍ പരിശോധനയ്ക്ക് എത്തുന്നതിന് തൊട്ട് മുമ്പാണ് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചത്. ഇതേ തുടര്‍ന്ന് വിവാദ കമ്പനി നല്‍കിയ മുഴുവന്‍ പോസ്റ്റുകളും സ്ഥാപിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റിന്റെ തുകയും കരാറുകാരന് നല്‍കിയിട്ടില്ല. ഒരു മാസം 850 ലോ ടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകളും 200 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളുമാണ് മഞ്ചേശ്വരത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും വാങ്ങുന്നത്. എന്നിട്ട് പോലും ജില്ലയില്‍ പോസ്റ്റുകള്‍ തികയാത്ത അവസ്ഥയാണുഉള്ളത്.
1500 പോസ്റ്റുകള്‍ വാങ്ങുമ്പോള്‍ ഒരു പോസ്റ്റ് പൊട്ടിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് കെഎസ്ഇബി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പോസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും പോസ്റ്റിന്റെ നിലവാരം കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ല. നേരത്തെ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നടന്ന് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റുകള്‍ ഉണ്ടാക്കിയതിന് ശേഷം ഒന്നോ രണ്ടോ പോസ്റ്റുകള്‍ പരിശോധിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ഗുണനിലവാരം കൃത്യമായി പരിശോധിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്.
കാസര്‍കോട് സര്‍ക്കിള്‍ സിവില്‍ എന്‍ജിനിയര്‍ വിഭാഗം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയ പോസ്റ്റല്ല ഒടിഞ്ഞുവീണതെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ സീരിയല്‍ നമ്പറോ നിര്‍മാണ തീയ്യതിയോ രേഖപ്പെടുത്താതെ വന്ന പോസ്റ്റ് സ്ഥാപിച്ചതിനാലാകാം അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ ബോര്‍ഡിന്റെ വിദഗ്ധ സമിതി ഇക്കാര്യത്തില്‍ സസ്‌പെന്‍ഷനിനുള്ള പരിശോധന ഉദ്യോഗസ്ഥനായ സിവില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. 2003ന് മുമ്പ് കെഎസ്ഇബി സ്വന്തം നിലയ്ക്കാണ് വൈദ്യുതി പോസ്റ്റുകള്‍ ഉണ്ടാക്കിയിരുന്നത്. പിന്നീട് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ വൈദ്യുതി പോസ്റ്റ് കരാര്‍ പ്രകാരം പുറത്ത് നിന്നും വാങ്ങുകയായിരുന്നു. ഈ രീതി അവസാനിപ്പിക്കണമെന്ന് പോസ്റ്റുകളുടെ ഗുണനിലവാര പരിശോധന നടത്തേണ്ട സംസ്ഥാനത്തെ എല്ലാ സര്‍ക്കിളിലെയും മുഴുവന്‍ ഉദ്യോഗസ്ഥരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കാസര്‍കോട്ടുണ്ടായ അപകടത്തിന്റെ പേരില്‍ സിവില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ സസ്‌പെന്റ് ചെയ്തതോടെ സംസ്ഥാന തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മരിച്ച രാജീവന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുകയായി അഞ്ചു ലക്ഷം രൂപയും കൂടാതെ വൈദ്യുതി ബോര്‍ഡും നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വിവാദ കമ്പനി ഓരോ തവണയും പലപേരുകളിലാണ് വൈദ്യുതി പോസ്റ്റിന് കരാര്‍ നല്‍കുന്നത്. സുമ, സുവര്‍ണ തുടങ്ങിയ കമ്പനികളുടെ പേരുകളിലാണ് നേരത്തെ കരാര്‍ സ്വന്തമാക്കിയിരുന്നത്. നികുതിവെട്ടിപ്പിനു വേണ്ടിയാണ് ഇങ്ങനെ പലപേരുകളിലായി കമ്പനി കരാര്‍ നേരിടുന്നതെന്നാണ് വിവരം. ഈ കാലവര്‍ഷത്തില്‍ തന്നെ നൂറിലധികം പോസ്റ്റുകളാണ് ജില്ലയില്‍ ഒടിഞ്ഞു വീണിട്ടുള്ളത്. ചെറിയ കാറ്റില്‍പോലും ഒടിഞ്ഞു വീഴുന്ന പോസ്റ്റുകള്‍ ജീവനക്കാര്‍ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക