|    Mar 29 Wed, 2017 3:03 am
FLASH NEWS

വിവാദങ്ങള്‍ക്ക് നടുവില്‍ ഇന്ന് യുപി മന്ത്രിസഭാ വികസനം

Published : 26th September 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് മന്ത്രിസഭ ഇന്ന് വികസിപ്പിക്കാനിരിക്കേ ഗവര്‍ണര്‍ രാംനായിക്കിനു മുന്നില്‍ സാമൂഹികപ്രവര്‍ത്തകയുടെ പരാതി. നേരത്തേ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പട്ട മന്ത്രി ഗായത്രി പ്രജാപതിയെ വീണ്ടും മന്ത്രിസഭയിലെടുക്കാനുള്ള നീക്കം ചോദ്യംചെയ്ത് നുതന്‍ താക്കൂറാണ് ഗവര്‍ണറെ സമീപിച്ചത്. ഇതോടെ മന്ത്രിസഭാ വികസനം വിവാദച്ചുഴിയിലായി. കളങ്കിതനെ വീണ്ടും മന്ത്രിയാക്കുന്നു എന്നാണാരോപണം.
സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് മുലായം സിങ് യാദവിന്റെ കുടുംബത്തിലെ കലഹം ഒതുക്കുന്നതിന് ഉരുത്തിരിഞ്ഞുവന്ന ഒത്തുതീര്‍പ്പ് പദ്ധതിയുടെ ഭാഗമായാണ് പ്രജാപതിയെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. അഴിമതിയുടെ പേരിലാണ് അഖിലേഷ് യാദവ് അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.
അഖിലേഷ് മന്ത്രിസഭയുടെ എട്ടാമത്തെ വികസനമാണ് ഇന്ന് നടക്കാന്‍ പോവുന്നത്. മന്ത്രിസഭയില്‍ ഇപ്പോള്‍ മൂന്നു ഒഴിവുണ്ട്. ജൂലൈയില്‍ നടന്ന മന്ത്രിസഭാ വികസനത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെപോയ സിയാവുദ്ദീന്‍ റിസ്‌വിയും ഇന്ന് മന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് സൂചന. അന്ന് വിദേശത്തായിരുന്നതിനാലാണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെപോയത്.
പ്രജാപതിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് നുതന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രജാപതിക്കെതിരായ ആരോപണങ്ങളില്‍ അലഹബാദ് ഹൈക്കോടതി സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു നീക്കംചെയ്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 164ാം വകുപ്പ് പ്രകാരം ഒരു മന്ത്രിയെ നീക്കുമ്പോള്‍ അയാള്‍ക്ക് ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെടുന്നു. പ്രജാപതിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയതിനാല്‍ അദ്ദേഹത്തിന് ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ടു. അതിനാല്‍ പുറത്താക്കലിന്റെ കാരണം ഇല്ലാതാവുന്നതുവരെ പ്രജാപതിയെ വീണ്ടും മന്ത്രിയാക്കാനാവില്ല. പരാതിയില്‍ പറഞ്ഞു.
2013 ഫെബ്രുവരിയിലാണ് പ്രജാപതി ജലസേചന സഹമന്ത്രിയായത്. പിന്നീട് ഖനന സഹമന്ത്രിയായി. 2014ല്‍ കാബിനറ്റ് മന്ത്രിയുമായി.
മുലായംസിങിന്റെ അസംഗഡ് റാലി റദ്ദാക്കി
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അസംഗഡില്‍ നടത്താന്‍ നിശ്ചയിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ റാലി റദ്ദാക്കി. ഒക്ടോബര്‍ ആറിനായിരുന്നു റാലി നിശ്ചയിച്ചിരുന്നത്. സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ കലഹം തീര്‍ന്നില്ലെന്ന സൂചനയാണ് റാലി റദ്ദാക്കല്‍.
എസ്പി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവ്, കാബിനറ്റ് മന്ത്രി ബല്‍റാം യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റാലി റദ്ദാക്കാന്‍ മുലായംസിങ് യാദവാണ് തീരുമാനിച്ചത്. ബല്‍റാം യാദവാണ് നിയമസഭയില്‍ അസംഗഡിനെ പ്രതിനിധീകരിക്കുന്നത്. റാലിയുടെ ചുതലയും അദ്ദേഹത്തിനായിരുന്നു. അസംഗഡിലെ റാലിയോടെയാണ് എസ്പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങാന്‍ പോവുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒക്ടോബര്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ച വികാസ് രഥയാത്ര നേരത്തേ നീട്ടിവച്ചിരുന്നു. യാത്രയുടെ പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day