|    Jan 18 Wed, 2017 9:47 am
FLASH NEWS

വിവാദങ്ങളൊഴിയാതെ കസ്തൂരിരംഗനും പരിസ്ഥിതിലോല പ്രദേശ നിര്‍ണയവും; ഇഎസ്എ പരിധിയില്‍ നിന്ന് ഒരു വില്ലേജ് ഒഴിവാക്കിയെന്ന് തെളിയിച്ചാല്‍ രാജി: എംപി

Published : 6th May 2016 | Posted By: SMR

കട്ടപ്പന: തിരഞ്ഞെടുപ്പു ചൂട് പിടിച്ചതോടെ കസ്തൂരിരംഗനും പരിസ്ഥിതിലോല പ്രദേശ നിര്‍ണയവും വീണ്ടും കൂടുതല്‍ ചര്‍ച്ചയാകുന്നു.ഇഎസ്എ നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റിയില്ലെന്ന മട്ടിലാണ് യുഡിഎഫ് പ്രചാരണം. രാഷ്ട്രീയനേട്ടത്തിനായി കുപ്രചാരണമാണ് ഇടതുമുന്നണി നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നു.
ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതില്‍ ഇടുക്കിയിലെ 48 വില്ലേജുകളില്‍ ഏതെങ്കിലും ഒരു വില്ലേജ് ഇ.എസ്.എ. വിമുക്ത വില്ലേജായി പ്രഖ്യാപിച്ചതായി നിയമപരമായി സാധൂകരിക്കുന്ന രേഖകള്‍ യു.ഡി.എഫ്. നേതൃത്വം ഹാജരാക്കിയാല്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി രംഗത്തുവന്നു.കാലങ്ങളായി ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകരോട് നടത്തി പോരുന്ന കള്ളപ്രചരണങ്ങളുടെ ആവര്‍ത്തനമാണ് യു.ഡി.എഫ് നേതൃത്വം നടത്തുന്നതെന്നാണ് എം പിയുടെ വിമര്‍ശനം.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ 119 വില്ലേജുകളും ഇ.എസ്.എ. വില്ലേജുകളായി തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും തോട്ടങ്ങളെയും ടൗണ്‍ഷിപ്പുകളെയും ഒഴിവാക്കണമെന്നാണ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. ആയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തി വിശദമായ ഭൂപടവും റിപ്പോര്‍ട്ടും തയ്യാറാക്കി കാര്‍ഷിക തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം സംസ്ഥാനത്തോടാവശ്യപ്പെട്ടു.
28.07.2015ല്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോട്ടയം ജില്ലയിലെ നാല് വില്ലേജുകളും പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി വില്ലേജിന്റെ ചെറിയൊരു ഭാഗവും മാത്രമാണ് ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കിയത്. 119 വില്ലേജുകളിലും ഉള്‍പ്പെടുന്ന ചതുപ്പും തോടും പുഴയും റോഡും പുല്‍മേടുകളും എല്ലാം ഉള്‍പ്പെടുത്തി ഇ.എസ്.എയും നോണ്‍ ഇ.എസ്.എയും വേര്‍തിരിക്കാതെ തീര്‍ത്തും അശാസ്ത്രീയവും പിഴവുകള്‍ നിറഞ്ഞതുമായ റിപ്പോര്‍ട്ടാണ് സംസ്ഥാനം നല്‍കിയത്.
2015 ആഗസ്റ്റ് 12 ന് കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയ കത്തില്‍ വില്ലേജുകള്‍ ഇ.എസ്.എ.യുടെ അടിസ്ഥാന യൂനിറ്റാണെന്നും ഒരു വില്ലേജിനുള്ളില്‍ തന്നെ ഇ.എസ്.എയും നോണ്‍ ഇ.എസ്.എയും ഇടകലര്‍ത്തിയത് സ്വീകാര്യമല്ലെന്നും അംഗീകരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.ഇ.എസ്.എയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടാണ് സംസ്ഥാനത്തിന്റേതെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഇ.എസ്.എ. വില്ലേജുകളുടെ എണ്ണം 123ല്‍ ല്‍ നിന്ന് 119 ആക്കിക്കൊണ്ടുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ശുപാര്‍ശയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി 03.09.2015 ല്‍ സംസ്ഥാന ഗവണ്‍മെന്റ് വീണ്ടും നല്‍കിയ ഭൂപടവും വിശദീകരണവും പ്രകാരം 119 വില്ലേജുകളും ഇ.എസ്.എ. വില്ലേജുകളായി തന്നെ നിലനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. 04.09.2015 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുനപ്രസിദ്ധീകരിച്ച കരട് വിഞ്ജാപനത്തില്‍ പറയുന്ന ഇ.എസ്.എ വില്ലേജുകളും 2014 മാര്‍ച്ച് 10 ലെ വിഞ്ജാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള ഇ.എസ്.എ വില്ലേജുകളും ഒന്നുതന്നെയാണ്.
26.04.2015ല്‍ പാര്‍ലമെന്റിലെ ചോദ്യത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേരളത്തിലെ ഇ.എസ്.എ വില്ലേജുകള്‍ 2014 മാര്‍ച്ച് 10 ലെ കരട് വിഞ്ജാപനത്തിന്റെ അടിസ്ഥാനത്തില്‍ അതേപടി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.ജനങ്ങളെ വഞ്ചിച്ച ഗൂഢതന്ത്രം മറച്ചുപിടിക്കുന്നതിനാണ് യു.ഡി.എഫ്. നേതൃത്വം ശ്രമിക്കുന്നതെന്നും ജോയ്‌സ് ജോര്‍ജ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക