|    Apr 21 Sat, 2018 12:05 am
FLASH NEWS
Home   >  Editpage  >  Editorial  >  

വിവാദങ്ങളുടെ യഥാര്‍ഥ ലക്ഷ്യം

Published : 29th November 2015 | Posted By: SMR

slug--readers-editഫാറൂഖ് കോളജില്‍ ഇന്നും പഠനം നടക്കുന്നുണ്ട്. പഠിക്കാത്തത്, ഒന്നിച്ചിരുന്നാലേ പഠിക്കൂ എന്നു ശഠിച്ച വിദ്വാന്‍മാരാണ്. നമ്മുടെ പൂര്‍വികര്‍ വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി സവര്‍ണരോട് പോരാടുകയും സവര്‍ണ മതബോധത്തിന്റെ സാമ്പ്രദായിക താല്‍പര്യങ്ങള്‍ക്കെതിരേ ചെറുത്തുനില്‍ക്കുകയും ചെയ്തതുപോലെയുള്ള വലിയ വിപ്ലവവീര്യമുള്ള കുതിച്ചുചാട്ടമൊന്നുമല്ല കാംപസില്‍ കണ്ടത്.
കൂടെയിരിക്കാനുള്ള അവകാശം ഇത്തരം പരിഹാസ്യമായ പോരാട്ടത്തിലൂടെ ആര്‍ജിച്ചെടുക്കേണ്ട ഒന്നല്ല. നമ്മുടെ മഹത്തായ സംസ്‌കാരവും ഉന്നത മൂല്യബോധവും അതിനെ അനുകൂലിക്കില്ല. വ്യക്തിജീവിതം വിശുദ്ധി നിറഞ്ഞതും പെരുമാറ്റം ആകര്‍ഷണീയവുമായിത്തീരുമ്പോള്‍ ഇടപഴകല്‍ പ്രശ്‌നം സൃഷ്ടിക്കില്ല. അപരന്റെ സാമീപ്യത്തിനായി യുദ്ധം ചെയ്യുന്നവര്‍ അകറ്റിനിര്‍ത്തപ്പെടും. കാരണം, അടുപ്പിക്കപ്പെടാന്‍ മാത്രം യോഗ്യതയും വിശുദ്ധിയും തനിക്കില്ലെന്ന ബോധത്തില്‍ നിന്നാണ് ഇത്തരം നീക്കങ്ങളുണ്ടാവുന്നത്.
മറ്റുള്ളവരുമായി ചേര്‍ന്നിരിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നവര്‍ അതു ചെയ്യുന്നത് വെറും ‘ദേഹേച്ഛ’ മൂലമാണെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം തന്നെ ധാരാളമാണ്. അതിനു ബുദ്ധിജീവിയാകണമെന്നില്ല. ഇത്തരക്കാര്‍ ലക്ഷ്യംവയ്ക്കുന്നത് പുരോഗമന സമൂഹമല്ല, മറിച്ച്, അടിമുടി ലൈംഗികവല്‍ക്കരിക്കപ്പെട്ട സമൂഹമാണെന്ന് ഈയടുത്തു പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരും കിസ്സ് ഓഫ് ലൗവിന്റെ ഉപജ്ഞാതാക്കളും പറഞ്ഞുതരും. സമൂഹത്തെ ലൈംഗികമായ അരാജകത്വത്തിലേക്കു തള്ളിവിടാന്‍ രാപകല്‍ പണിയെടുക്കുന്നവര്‍ സ്വന്തം ഭാര്യമാരെ തന്നെ വില്‍പനയ്ക്കു വയ്ക്കുന്നു. പുതിയ കാലത്തെ പരിഷ്‌കാരി പിള്ളേര്‍ ഇതൊന്നും മനസ്സിലാക്കാതെപോവുന്നത് സമൂഹം വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വസ്തുതയാണ്.
നാം അടിസ്ഥാനപരമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഒന്ന് പുരോഗതി, പുരോഗമനം എന്നീ വാക്കുകളുടെ ശരിയായ നിര്‍വചനമാണ്. പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നതല്ല പുരോഗതി. ധാര്‍മിക മൂല്യങ്ങളെ തച്ചുതകര്‍ത്ത് ഒരു വിപണിസംസ്‌കാരം നടപ്പാക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. നാം അനുകരിക്കുന്ന പാശ്ചാത്യര്‍ ഇന്നു മോക്ഷം തേടി ലോകം മുഴുവന്‍ ചുറ്റിനടന്ന് അമ്പലങ്ങളിലും പള്ളികളിലും കയറിയിറങ്ങുന്നത് കണ്ടില്ലെന്നു നടിക്കരുത്.
പലരുടെയും ലോകത്ത് സദാചാരം എന്നൊന്നില്ല. പക്ഷേ, ഇതൊന്നും ധാര്‍മിക മൂല്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധവും ചിന്തയുമുള്ള വിദ്യാര്‍ഥികള്‍ക്കു നിരക്കുന്ന ഏര്‍പ്പാടല്ല. ഫെമിനിസ്റ്റുകളുടെ അതിരുകടന്ന വാദങ്ങള്‍ കേരളീയ സമൂഹത്തെ മലിനമാക്കുകയേയുള്ളൂ. സ്ത്രീവാദത്തിന്റെ വക്താക്കള്‍ സമൂഹം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളോട് കുറേക്കൂടി പക്വമായ നിലപാടുകള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചുകടന്നിരിക്കുകയാണ്. അവര്‍ വെളിച്ചം കിട്ടാത്തവരല്ല, മറിച്ച്, കണ്ണുകള്‍ ഇറുക്കിയടച്ച് വെളിച്ചത്തെ ഇരുട്ടാക്കുകയാണ് അവര്‍.
ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലൂടെ വലിയ വിവാദങ്ങളാക്കി മാറ്റുന്നവര്‍ കേരളീയ സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. മാത്രമല്ല, അവരില്‍ പലര്‍ക്കും സ്വന്തമായ അജണ്ടകളും ഉണ്ടാവും. ജീവിതത്തില്‍ പരമ യാഥാസ്ഥിതികരായ ചിലര്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യാജ പുരോഗമനത്തിന്റെ വക്താക്കളായി മാറുന്നത് അവഗണിക്കാവുന്നതല്ല. കേരളീയ സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ നേടിയെടുത്ത പുരോഗതിക്ക് അടിത്തറയായത് അവര്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെ നേരെ ഇപ്പോള്‍ നടക്കുന്ന അസത്യ പ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും സദുദ്ദേശ്യപരമാണ് എന്നു വിശ്വസിക്കാന്‍ കഴിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss