|    Feb 19 Sun, 2017 10:21 pm
FLASH NEWS

വിവാദങ്ങളുടെ മണിമുഴക്കത്തില്‍ മണിയാശാന്റെ രാഷ്ട്രീയ ജീവിതം

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: ഹൈറേഞ്ചിന്റെ മണിയാശാന്‍ എന്ന എം എം മണിയുടെ രാഷ്ട്രീയ ജീവിതം എന്നും വിവാദങ്ങളുടെ മണിമുഴക്കമായിരുന്നു. തനി നാടന്‍ പദങ്ങളെ രാഷ്ട്രീയ പരിഹാസത്തിന് ആയുധമാക്കിയ മുണ്ടയ്ക്കല്‍ മാധവന്‍ മണി മന്ത്രിസഭയിലെത്തുന്നത് തികച്ചും അപ്രതീക്ഷിതം. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രകൃതമായിരുന്നു മണിയാശാന്റേത്. പോലിസ് കേസും കോടതി കയറലും ജയില്‍വാസവുമൊന്നും അദ്ദേഹത്തിന്റെ പതിവു ശൈലിയില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല.
മന്ത്രിയായശേഷവും തന്റെ സ്വതസിദ്ധശൈലി മാറ്റാനുദ്ദേശിക്കുന്നില്ലെന്നു മണി പ്രഖ്യാപിച്ചുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പേര് നിര്‍ദേശിക്കുന്നതുവരെ മന്ത്രിയാവുമെന്ന ഒരു പ്രതീക്ഷയും മണിക്കുണ്ടായിരുന്നില്ല. ഒരുകാലത്ത് വിഎസിന്റെ അടുത്ത അനുയായിയായിരുന്ന മണി, വിഎസ് മൂന്നാര്‍ ഒഴിപ്പിക്കാനെത്തിയതോടെയാണു പിണറായി പക്ഷത്തേക്കു ചാഞ്ഞത്.
മണിയാശാന്റെ സഹോദരന്‍ ലംബോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ കൈയേറ്റ ഭൂമിയില്‍ വിഎസിന്റെ എക്‌സ്‌കവേറ്റര്‍ കയറിയതോടെയാണ് മണി കളംമാറിയതെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയ ടി പി വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ചെറുത്തുനില്‍പ്പിന് പിണറായിക്കൊപ്പം മണിയുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വണ്‍, ടു, ത്രീ, ഫോര്‍’പ്രസംഗത്തിലൂടെയാണ് എം എം മണി സജീവ ചര്‍ച്ചാവിഷയമായത്.
ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യംചെയ്‌തെന്ന മണക്കാട് പ്രസംഗത്തിലെ വെളിപ്പെടുത്തലാണ് മണിയെ കേസില്‍ കുടുക്കിയത്. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു’എന്നായിരുന്നു മണിയുടെ പ്രസംഗം. ഇതിന്റെ പേരില്‍ ജയില്‍വാസം നേരിടേണ്ടിവന്നു. പിന്നീട് മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി.
എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിനെ 1,109 വോട്ടിന് തോല്‍പ്പിച്ച് മണിയാശാന്‍ നിയമസഭയിലെത്തുകയായിരുന്നു. ഇതിനുശേഷവും എം എം മണി നടത്തിയ പ്രസംഗം വിവാദത്തിനിടയാക്കി. സിപിഐ മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞുള്ളതായിരുന്നു വിമര്‍ശനം. റവന്യൂവും കൃഷിയും നോക്കുന്നത് മണ്ടന്‍മാരാണെന്നായിരുന്നു മണിയുടെ വിമര്‍ശനം. കാന്തല്ലൂര്‍ തോട്ടങ്ങളിലെ മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുമായി ഉടലെടുത്ത തര്‍ക്കത്തിനിടെയായിരുന്നു മണിയുടെ പ്രസംഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക