|    Oct 19 Fri, 2018 7:53 am
FLASH NEWS

വിവാദങ്ങളും അഴിമതിയാരോപണങ്ങളും : നാണംകെട്ട് പൊന്നാനി നഗരസഭ

Published : 13th September 2017 | Posted By: fsq

 

പൊന്നാനി: വിവിധ വികസനപദ്ധതികളിലൂടെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും കൈയ്യടിനേടി മുന്നോട്ടുപോയിരുന്ന പൊന്നാനി നഗരസഭ ഇപ്പോള്‍ നാണക്കേടിന്റെ പടുകുഴിയില്‍. വിവാദങ്ങളും അഴിമതിയാരോപണങ്ങളുമാണ് നഗരസഭയെ നാണം കെടുത്തുന്നത്.സ്വകാര്യവ്യക്തിയുടെ  ഒരേക്കര്‍ ഭൂമി മണ്ണിട്ട് നികത്താന്‍ ക്രമവിരുദ്ധമായി  നഗരസഭ സെക്രട്ടറി അനുമതി നല്‍കിയത് ഭരണസമിതിയെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തേക്കാള്‍ ഭരണകക്ഷിയില്‍പ്പെട്ട സിപിഐയാണ് സെക്രട്ടറിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന് ലഭിച്ച മികച്ച അവസരമായിരുന്നു സെക്രട്ടറിയുടെ ഈ വിവാദ ഉത്തരവ്. മണ്ണിട്ട ഭൂമിയില്‍ സിപിഐ കൊടിനാട്ടിയതോടെ ഭരണകക്ഷിയില്‍പ്പെട്ട സിപിഎം മറുപടി നല്‍കാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ പ്രതിപക്ഷവും സമരം ശക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് സിപിഐയുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം.സെക്രട്ടറിയുടെ വിവാദ ഉത്തരവ് തെറ്റ് ബോധ്യമായപ്പോള്‍ സെക്രട്ടറിതന്നെ  പിന്‍വലിച്ചുവെങ്കിലും നഗരസഭക്ക് ഇതുണ്ടാക്കിയ നാണക്കേട് ചെറുതല്ല. സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണസമിതിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചെയര്‍മാനോട് പാര്‍ട്ടി ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചതായാണ് വിവരം.ഈ വിവാദത്തിന് പുറമെയാണ് നഗരസഭ മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഫൈബര്‍ വള്ളങ്ങളുടെയും വലകളുടെയും വിതരണത്തില്‍. വ്യാപകമായ ക്രമക്കേട് ഉയര്‍ന്നത്. വിതരണം ചെയ്ത ഫൈബര്‍ വള്ളങ്ങള്‍ കടലിലോ പുഴയിലോ ഇറക്കിയാല്‍ വെള്ളത്തില്‍ താഴ്ന്നുപോകുന്നുവെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. വിതരണം ചെയ്ത 99 ശതമാനം വള്ളങ്ങളുടെയും സ്ഥിതി ഇതാണ്. മുപ്പതിനായിരം രൂപയാണ് ഓരോ വള്ളങ്ങള്‍ക്കും നഗരസഭ ചെലവഴിക്കുന്നത്. വലകള്‍ വാങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ബില്ലുകള്‍ നല്‍കിയാല്‍ പണം നല്‍കുമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. എന്നാല്‍ മിക്ക മല്‍സ്യത്തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ ബില്ലുകള്‍ നല്‍കിയിട്ടും പണം കിട്ടിയിട്ടില്ല. അശാസ്ത്രീയമായി നിര്‍മിച്ച ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പ്രതിപക്ഷവും മല്‍സ്യത്തൊഴിലാളികളും. 2016 – 17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മെയ് മാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ വിതരണം ചെയ്യുന്നത്.ഇതില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം രാഷ്ട്രിയ പ്രേരിതമാണെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.നഗരസഭയുടെ വികസനങ്ങളെ ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പാണ് ഭരണസമിതിയെ പിടിച്ചുകുലുക്കിയത്. കാലങ്ങളായുള്ള ഭരണം പൊന്നാനിക്ക് ഒരു വികസനവും നല്‍കുന്നില്ലെന്നാണ് സെക്രട്ടറി ആരോപിച്ചത്. പ്രതിപക്ഷം ഇത് ഏറ്റുപിടിച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. നിലവിലെ ഭരണസമിതിയെ വരെ കുറ്റപ്പെടുത്തിയ സെക്രട്ടറി ചട്ടലംഘനം നടത്തിയെന്നാണ് ഭരണകക്ഷിയില്‍പ്പെട്ട സിപിഐ പ്രസ്താവിച്ചത്.നിരന്തരം വിവാദങ്ങളിലും ആരോപണങ്ങളിലും കുടുങ്ങിയ പൊന്നാനി നഗരസഭ ഭരണസമിതി നാണക്കേടുണ്ടാക്കിയെന്നാണ് പൊതുജനം പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss