|    Oct 17 Wed, 2018 5:05 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വിവാദങ്ങളില്‍ പുകയുന്ന യുദ്ധവിമാനങ്ങള്‍

Published : 10th August 2018 | Posted By: kasim kzm

മോദി സര്‍ക്കാരിന്റെ റഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ മാനങ്ങള്‍ കൈവരിക്കുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനു പിന്നാലെയാണ് വിവാദ കരാറിനെതിരേ കടുത്ത ആരോപണവുമായി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന വിവാദ ബോഫോഴ്‌സ് പീരങ്കി ഇടപാടിനേക്കാള്‍ എത്രയോ ഗുരുതരമായ ക്രമക്കേടുകളാണ് റഫേല്‍ കരാറില്‍ നടന്നിരിക്കുന്നതെന്നാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആയുധവില്‍പന അഴിമതിയാണ് ഇതെന്നും റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ സര്‍ക്കാര്‍ പല തവണ തിരുത്തിയത് അതിനു തെളിവാണെന്നും അതിനാല്‍ ക്രിമിനല്‍ നടപടിദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവിചാരണ നേരിടണം എന്നുമാണ് ആവശ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എ കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് ഫ്രാന്‍സില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ഉണ്ടാകുന്നത്. അമേരിക്ക, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റഫേല്‍ വിമാനനിര്‍മാതാക്കളായ ദസോളുമായി വിലനിര്‍ണയ ചര്‍ച്ചകള്‍ നടത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്നു പറയപ്പെടുന്നു.
54,000 കോടിക്ക് 126 റഫേല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതികവിദ്യയും ഇന്ത്യക്ക് കൈമാറാനായിരുന്നു കരാര്‍. അതില്‍ തന്നെ ആദ്യം ലഭ്യമാക്കുന്ന 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ നിര്‍മിക്കാന്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍, മേക്കിങ് ഇന്ത്യയെക്കുറിച്ച് രാപകല്‍ നാക്കിട്ടടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ വലിയ അട്ടിമറി നടത്തി എന്നാണ് മനസ്സിലാവുന്നത്.
2015ല്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തിയ വേളയിലാണ് ഈ കരാര്‍ വ്യവസ്ഥകള്‍ തിരുത്തപ്പെടുന്നത്. അന്നു മോദിയോടൊപ്പം റിലയന്‍സ് മേധാവി അനില്‍ അംബാനിയും ഉണ്ടായിരുന്നു. റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷനുമായി ചേര്‍ന്ന് ദസോള്‍ റിലയന്‍സ് എയ്‌റോ സ്‌പേസ് എന്ന കമ്പനി തട്ടിക്കൂട്ടിയത് വിമാനം വാങ്ങുന്നതിലെ വന്‍ ലാഭം ലക്ഷ്യമിട്ടാണ് എന്നാണ് കരുതപ്പെടുന്നത്. അനില്‍ അംബാനി അടിച്ചെടുക്കുന്ന ലാഭത്തിന്റെ വിഹിതം എവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി പ്രതിക്കൂട്ടിലാവുന്നത് ആദ്യമായല്ല. ശവപ്പെട്ടി കുംഭകോണ വിവാദത്തില്‍ വാജ്‌പേയിയുടെ മന്ത്രിസഭ ആടിയുലഞ്ഞിരുന്നു. പുതിയ വിവാദത്തിലൂടെ ബിജെപിയുടെ രാജ്യസുരക്ഷാ പൊയ്മുഖം ഒരിക്കല്‍ കൂടി രാജ്യത്തിനു മുമ്പില്‍ നിലംപതിക്കുകയാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss