|    Jan 17 Tue, 2017 2:34 pm
FLASH NEWS

വിവാദങ്ങളില്‍ കുരുങ്ങി വീണ്ടും ഐസ്‌ക്രീം കേസ്

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഐസ്‌ക്രീം കേസ് ഒരിക്കല്‍കൂടി വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഐസ്‌ക്രീം കേസില്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് റിപോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞദിവസം കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതോടെയാണ് കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
1997ല്‍ നുരഞ്ഞുപൊങ്ങിയ കേസ് അന്ന് ഒരു മന്ത്രിയുടെ രാജി—ക്കാണ് നിമിത്തമായതെങ്കില്‍ ഇപ്പോഴത് ഒരു എസ്‌ഐയുടെ സസ്‌പെന്‍ഷനിലേക്കാണ് നയിച്ചത്. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ കെ എ റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെടുത്ത കേസ് അവസാനിപ്പിക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലെ വാദം കേള്‍ക്കല്‍ റിപോര്‍ട്ട് ചെയ്യാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്. കേസ് സപ്തംബര്‍ 24ലേക്ക് മാറ്റിയെങ്കിലും വാര്‍ത്ത ശേഖരിക്കാനെത്തിയ ഏഷ്യാനെറ്റ് സംഘത്തോട് ക്രിമിനല്‍ കേസ് പ്രതികളോടെന്നപോലെ പെരുമാറിയ ടൗണ്‍ എസ്‌ഐ വിമോദിന്റെ നടപടികളാണ് കേസിന് വീണ്ടും വാര്‍ത്താപ്രാധാന്യം നല്‍കിയത്.
മന്ത്രിയായിരിക്കെ ഉയര്‍ന്ന ആരോപണത്തിനിടെ  കുഞ്ഞാലികുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ ഏഷ്യാനെറ്റ് ലേഖിക ദീപയെ കൈയേറ്റം ചെയ്‌തെന്ന പരാതിയും അന്ന് വിവാദമായിരുന്നു.
ഹരജി കീഴ്‌ക്കോടതിയില്‍ തന്നെ തീര്‍പ്പാക്കണമെന്ന സുപ്രിം കോടതിയുടെ  ഉത്തരവിനെതുടര്‍ന്നാണ് വി എസിന്റെ ഹരജി വാദം കേള്‍ക്കാന്‍ മാറ്റിവച്ചത്. 2012 ജൂലൈയില്‍ വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കുന്നത്, കേസ് സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. സുപ്രിം കോടതിയുടെ പുതിയ ഉത്തരവിന്റെ പകര്‍പ്പ് വിഎസിന്റെ അഭിഭാഷകന്‍ അഡ്വ. എന്‍ ഭാസ്‌കരന്‍ നായര്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷാബിര്‍ ഇബ്രാഹീം വാദം കേള്‍ക്കാനായി മാറ്റിയത്.
പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ശ്രീജ ഹാജരായി. വിഎസിന്റെ വാദം ശക്തമായി എതിര്‍ക്കുന്ന പ്രോസിക്യൂഷന്‍ അദ്ദേഹം സംഭവത്തില്‍ കക്ഷിയല്ലാത്തതിനാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശമില്ലെന്ന വാദമാണ് ഉയര്‍ത്തുന്നത്. റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് തന്റെ ഭരണകാലത്തായതിനാല്‍ തനിക്ക് കക്ഷി ചേരാമെന്നാണ് വിഎസിന്റെ വാദം. 2011 ജനുവരി 28ന് റഊഫ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് 30ന് ടൗണ്‍ പോലിസ് സ്വമേധയാ എടുത്ത കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് പോലിസ് കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക