|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വിവരാവകാശ നിയമത്തിന്റെ ഭാവി

Published : 6th August 2018 | Posted By: kasim kzm

പി കെ ജാസ്മിന്‍

അറിയാനുള്ള അവകാശത്തെ നിയന്ത്രിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് കാലദേശഭേദമെന്യേ ഭരണകൂടങ്ങളുടെ സ്വഭാവമാണ്. ഫാഷിസ്റ്റ് ഭരണകൂടങ്ങളാവട്ടെ വിവരത്തിന്റെ മേല്‍ വലിയ നിയന്ത്രണം ചെലുത്തുന്നു. ജര്‍മനിയിലെ നാത്‌സി ഭരണകൂടത്തിന്റെ തകര്‍ച്ചയോടെ അറിയാനുള്ള അവകാശം ലോകസമൂഹം അംഗീകരിച്ചു. ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായപ്പോള്‍ പൊതുസഭ ഇതു മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളുടെ സുതാര്യത നിലനിര്‍ത്താനും ജനങ്ങളും ഭരണസിരാകേന്ദ്രങ്ങളും തമ്മിലുള്ള അന്തരം അവസാനിപ്പിക്കാനും വേണ്ടിയാണ് രാജ്യത്ത് വിവരാവകാശ നിയമം നിലവില്‍ വന്നത്. 1975ല്‍ സുപ്രസിദ്ധമായ രാജ്‌നാരായണന്‍ കേസിന്റെ വിചാരണാവേളയിലാണ് ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ പൊതു അധികാരികളും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുപ്രിംകോടതി സൂചിപ്പിച്ചത്. ഭരണതലത്തില്‍ രഹസ്യം എന്നത് വളരെ കുറച്ചു മാത്രമുള്ളതാണെന്നും എല്ലാ പൊതുപ്രവൃത്തികളും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി വിധിച്ചു. അതുവരെ ആരും ചിന്തിക്കാത്ത അറിയാനുള്ള അവകാശത്തിലേക്ക് വെളിച്ചം വീശുകയായിരുന്നു ആ വിധിയിലൂടെ സുപ്രിംകോടതി.
പാര്‍ലമെന്റിനും നിയമസഭയ്ക്കും നിഷേധിക്കാന്‍ പറ്റാത്ത ഒരു വിവരവും രാജ്യത്തെ ഒരു പൗരനും നിഷേധിക്കാന്‍ പാടില്ലെന്നാണ് വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. 2005 ഒക്ടോബറില്‍ വിവരാവകാശ നിയമം നിലവില്‍ വന്ന അന്നുതൊട്ട് അധികാരിവര്‍ഗം നിയമം ദുര്‍ബലമാക്കാനുള്ള ശ്രമവും ആരംഭിച്ചു. പല വകുപ്പുകളെയും വിവരാവകാശനിയമത്തിനു പുറത്താക്കി. രാജ്യരക്ഷയുടെ പേരില്‍ എന്ത്, എങ്ങനെ ചെലവഴിച്ചൂവെന്ന് അന്വേഷിക്കുന്നതു വിലക്കി.
അടുത്തിടെ പുറത്തുവന്ന സര്‍ക്കാരിന്റെ തന്നെ പഠന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഈ നിയമത്തിന്റെ സാധുത പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ്. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ് വരുന്ന അപേക്ഷകളില്‍ ഗണ്യമായ കുറവാണു വന്നിരിക്കുന്നത്. വിവരങ്ങളുടെ മേല്‍ അധികാരികള്‍ കെട്ടിപ്പൊക്കുന്ന തടസ്സങ്ങളും അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസവുമൊക്കെ ഇതിനു കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിവരാവകാശ നിയമം നിലവില്‍ വന്നശേഷം ആദ്യമായാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഇത്രത്തോളം കുറവു സംഭവിക്കുന്നതെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പുറത്തുവിട്ട പഠന റിപോര്‍ട്ടില്‍ പറയുന്നു. 1950 പൊതുവകുപ്പുകളിലായി 2016-17, 2017-18 വര്‍ഷങ്ങളില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആറു ശതമാനം കുറവാണ്.
ഈ പ്രവണത ആശങ്കയുളവാക്കുന്നതാണെന്നും സര്‍ക്കാരില്‍ നിന്നു വിവരങ്ങളെടുക്കുകയെന്നത് വലിയ കടമ്പയായാണ് ജനങ്ങള്‍ കാണുന്നതെന്നും മുന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പറയുന്നു. പ്രധാന തടസ്സം അതത് സ്ഥലത്തെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരാണ് അപേക്ഷകരുടെ പക്ഷം. അവര്‍ ഒന്നുകില്‍ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ അതല്ലെങ്കില്‍ അപൂര്‍ണമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നു. ആദ്യമൊക്കെ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ തങ്ങളുടെ മേല്‍ നടപടിയെടുക്കുമെന്ന ഭയം ഓഫിസര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരത്തിലുള്ള നടപടികള്‍ക്ക് കാലതാമസമെടുക്കുമെന്ന് ഇവര്‍ക്കറിയാം. മിക്ക മേലുദ്യോഗസ്ഥര്‍ക്കും വിവരം നല്‍കാതിരിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം. കൃത്യമായി വിവരങ്ങള്‍ നല്‍കുന്നതില്‍ മറ്റൊരു പ്രധാന തടസ്സം എല്ലാ സ്ഥാപനങ്ങളിലും ആവശ്യമായ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്ല എന്നതാണ്. വിവരാവകാശ വകുപ്പില്‍ നടക്കുന്ന നിയമനങ്ങള്‍ അധികവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കയാണ്. വിരമിച്ച ഉദ്യോഗസ്ഥരെയാണ് മിക്കപ്പോഴും പ്രധാന തസ്തികകളില്‍ നിയമിക്കുന്നത്. കൃത്യവിലോപം കാണിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്‍ നാലുശതമാനം പേര്‍ക്കെതിരേ മാത്രമാണ് ഇതുവരെ നടപടിയെടുത്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളം ഒരു ഉദാഹരണമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മാത്രമുള്ള ഏകാംഗ കമ്മീഷന് കുന്നുകൂടിയ പതിനായിരക്കണക്കിന് കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ല. വിവരാവകാശ കമ്മീഷന്‍ നിശ്ചലമായതോടെ സംസ്ഥാന വ്യാപകമായി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ വിവരം നല്‍കുന്നതില്‍ വിമുഖത കാട്ടുകയാണ്.
കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് സര്‍വേ പ്രകാരം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലെ മൂന്നില്‍ ഒരുഭാഗം ഒഴിവുകള്‍ ബോധപൂര്‍വം നികത്താതെ നിര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല, സംസ്ഥാനതലങ്ങളില്‍ 25 ശതമാനത്തോളം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. 2014ല്‍ ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകൃതമായതു മുതല്‍ ആന്ധ്രയില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസറില്ല. ഗുജറാത്തില്‍ ഈ ജനുവരി മുതലും നാഗാലാന്‍ഡില്‍ കഴിഞ്ഞ സപ്തംബര്‍ മുതലും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്ല. ഹരിയാനയിലും കര്‍ണാടക, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും വലിയതോതിലുള്ള ഒഴിവുകളാണുള്ളത്.
വിവരാവകാശ നിയമം ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഈ നിയമത്തിന് അന്ന് ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ പിന്തുണ ലഭിച്ചു. പിന്നീടങ്ങോട്ട് വിവരാവകാശം സാധാരണ പൗരന്റെ കൈയിലെ ശക്തമായ ജനാധിപത്യ ആയുധമായി മാറുന്നതാണു കണ്ടത്. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ പുത്തനധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഈ നിയമം കാരണമായി.
ഇപ്പോള്‍ കേരളത്തിലും ഇന്ത്യയിലൊട്ടാകെ തന്നെയും വിവരാവകാശ നിയമത്തിനെതിരായ നിലപാടുകളാണ് സര്‍ക്കാരുകള്‍ കൊണ്ടുവരുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കേണ്ടതില്ലെന്ന ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട്്. ഇതു തികച്ചും യാഥാസ്ഥിതികവും നിരാശാജനകവുമാണെന്നതാണു സത്യം. കാരണം, ഇതേ നിലപാട് മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൈക്കൊണ്ടപ്പോള്‍ എതിര്‍ത്ത ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ, ഈ വിഷയത്തില്‍ എല്ലാ മുഖ്യധാരാ പാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ് എന്നത് അധികാരിവര്‍ഗത്തിന്റെ സ്വഭാവസവിശേഷതയാണു കാണിക്കുന്നത്. തങ്ങളുടെ തീരുമാനങ്ങളും പ്രവൃത്തികളും ജനങ്ങളിലെത്തുന്നത് ഇവര്‍ ഭയപ്പെടുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഒരുപക്ഷേ, ചോദ്യംചെയ്യപ്പെട്ടേക്കാം, തീരുമാനങ്ങള്‍ക്കെതിരേ ജനവികാരം ഉണ്ടായേക്കാം, എന്നാല്‍ ചോദ്യങ്ങള്‍ ഭയപ്പെട്ട് ജനങ്ങള്‍ക്കു മുന്നില്‍ ഒളിച്ചുകളിക്കുന്നത് ജനാധിപത്യ സംവിധാനത്തിനു തന്നെ കോട്ടമാണു വരുത്തുക. കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ്. ഭേദഗതികള്‍ വിവരാവകാശ നിയമത്തിന്റെ സ്വാധീനം കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിപക്ഷ നേതാക്കള്‍ ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
നിയമത്തിലൂടെ പൗരന്‍മാര്‍ക്കു ലഭിച്ച അധികാരം അട്ടിമറിക്കാനാണ് സര്‍ക്കാരുകള്‍ നോക്കുന്നതെന്ന് ആര്‍ടിഐ നിയമം തയ്യാറാക്കിയ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗവും മുന്‍ ദേശീയ ഉപദേശകസമിതി അംഗവുമായ അരുണാ റോയി ആരോപിക്കുന്നു. സുപ്രിംകോടതി ജഡ്ജിമാരോട് തുല്യം നിന്നിരുന്ന കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ പദവി താഴ്ത്താനുള്ള ഏറ്റവും പുതിയ നീക്കം ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷമാണ് അപേക്ഷകന് അപേക്ഷ പിന്‍വലിക്കാനും അപേക്ഷകന്‍ മരണപ്പെട്ടാല്‍ അപേക്ഷ തള്ളിക്കളയാനുമുള്ള ഭേദഗതി വിവരാവകാശ നിയമത്തില്‍ വരുത്തിയത്. അതിനെ തുടര്‍ന്ന് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആര്‍ടിഐ പ്രവര്‍ത്തകര്‍ സ്ഥിരമായി ആക്രമിക്കപ്പെടുകയാണ്. ഈ വര്‍ഷം മാര്‍ച്ച് വരെ 67 ആര്‍ടിഐ പ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. ആര്‍ടിഐ പ്രവര്‍ത്തകരുടെ നേരെ 385 ആക്രമണങ്ങള്‍ നടന്നതായാണ് റിപോര്‍ട്ട്. വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇങ്ങനെയും മാര്‍ഗങ്ങളുണ്ടെന്ന് ഭരണകൂടം മാഫിയകള്‍ക്ക്് അറിവുനല്‍കുകയാണോ? ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss