|    Sep 22 Fri, 2017 8:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവരാവകാശ നിയമം: പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് എതിരേ ഹൈക്കോടതിയില്‍

Published : 26th August 2016 | Posted By: SMR

കൊച്ചി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. സര്‍ക്കാരിന്റേത് ഇരുമ്പു മറയ്ക്കുള്ളിലിരുന്ന് ഭരണം നടത്താനുള്ള ഗൂഢ ലക്ഷ്യമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ കക്ഷി ചേരാനാണ് രമേശ് ചെന്നിത്തല അപേക്ഷ നല്‍കിയത്.
വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ വിവരാവകാശ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. ജനാധിപത്യ സംവിധാനത്തില്‍ എല്ലാ പൊതു അധികാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവരാവകാശ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. അറിയാനുള്ള അവകാശം പൗരന്റെ സ്റ്റാറ്റിയൂട്ടറി അവകാശമല്ല,  ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീകാവകാശമാണ്. ഈ അവകാശം നിഷേധിക്കാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വികലവും നാണക്കേടുണ്ടാക്കുന്നതുമാണ്.
വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച കോടതി വിധികള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് കമ്മീഷണറുടെ ഉത്തരവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കോടതിയെ സമീപിക്കുമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍, പൊതുജനത്തിന് വിവരം നിഷേധിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്താവും ഹരജി നല്‍കുകയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന വാദങ്ങളാണ് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
മന്ത്രിസഭ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഉത്തരവായാല്‍ പുറത്ത് വിടാമെന്നും വിവരങ്ങള്‍ക്കായി വിവരാവകാശ നിയമ പ്രകാരം അതതു വകുപ്പുകളെ സമീപിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മുഖേന വിവരങ്ങള്‍ നല്‍കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ടെന്നുമുള്ള വാദങ്ങള്‍ വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഇതിന്റെ പേരില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊതുജനത്തിന് വിവരം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഇളവ് നേടാനോ സാധ്യമല്ലെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക