|    Oct 21 Sat, 2017 5:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിവരാവകാശ നിയമം: കേരളം എട്ടാംസ്ഥാനത്ത്

Published : 12th October 2016 | Posted By: SMR

കൊച്ചി: വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായ കേരളം ഏറെ പിന്നില്‍. വിവരാവകാശ നിയമം 12ാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ വിവരാവകാശ അപേക്ഷകളുടെ കാര്യത്തില്‍ കേരളം മറ്റു പല സംസ്ഥാനങ്ങള്‍ക്കും പിന്നില്‍ എട്ടാംസ്ഥാനത്താണ്. കേന്ദ്രസര്‍ക്കാരിനു കീഴില്‍ 47.66 ലക്ഷം വിവരാവകാശ അപേക്ഷകളും സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 46.26 ലക്ഷം വിവരാവകാശ അപേക്ഷകളുമാണ് ഇക്കാലയളവില്‍ ലഭിച്ചതെങ്കില്‍ കേരളത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ സമര്‍പ്പിക്കപ്പെട്ടത് 5.66 ലക്ഷം വിവരാവകാശ അപേക്ഷകള്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
20.73 ലക്ഷം വിവരാവകാശ അപേക്ഷകളുമായി കര്‍ണാടകയാണ് മഹാരാഷ്ട്രയ്ക്കു പിന്നില്‍. ആന്ധ്രപ്രദേശില്‍ 8.67 ലക്ഷവും തമിഴ്‌നാട്ടില്‍ 8.58 ലക്ഷവും ഗുജറാത്തില്‍ 7.57 ലക്ഷവും രാജസ്ഥാനില്‍ 6.55 ലക്ഷവും വിവരാവകാശ അപേക്ഷകള്‍ ഉണ്ടായി. കേരളത്തിനു പിന്നില്‍ 4.36 ലക്ഷം അപേക്ഷകളുള്ള ഛത്തീസ്ഗഡും 3.90 ലക്ഷം അപേക്ഷകളുള്ള ഉത്തരാഖണ്ഡുമാണുള്ളത്. വിവരാവകാശ നിയമം നിലവില്‍ വന്ന 2005നു ശേഷം ഇതുവരെ രാജ്യത്താകെ സമര്‍പ്പിക്കപ്പെട്ടത് 1,75,20,543 വിവരാവകാശ അപേക്ഷകളാണെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നാലിലൊന്ന് അപേക്ഷകളും കേന്ദ്രഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു.
ഓരോ ദിവസവും 4,800 വിവരാവകാശ അപേക്ഷകള്‍ രാജ്യമെമ്പാടും സമര്‍പ്പിക്കപ്പെടുന്നുണ്ട്. വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. മേഘാലയയില്‍ 11,092 വിവരാവകാശ അപേക്ഷകളും നാഗാലാന്‍ഡില്‍ 16,009 വിവരാവകാശ അപേക്ഷകളുമാണ് 12 വര്‍ഷത്തിനിടയില്‍ സമര്‍പ്പിക്കപ്പെട്ടത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവര്‍ക്കു ലഭിച്ച വിവരാവകാശ അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ കാലാകാലങ്ങളില്‍ വിവരാവകാശ കമ്മീഷന് നല്‍കണമെന്നാണ് നിയമമെങ്കിലും പല വകുപ്പുകളും ഇതു പാലിക്കാറില്ല. അതുകൊണ്ടുതന്നെ വിവരാവകാശ അപേക്ഷകളുടെ കണക്ക് സര്‍വേയില്‍ ലഭിച്ചതിലും അധികമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന വിവരാവകാശ കമ്മീഷനുകള്‍ വാര്‍ഷിക റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ കാണിക്കുന്ന ഉദാസീനതയും കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിന് തടസ്സമായി. പല സംസ്ഥാന കമ്മീഷനുകള്‍ക്കും പ്രവര്‍ത്തനക്ഷമമായ വെബ് സൈറ്റുകള്‍ പോലുമില്ല. വിവരാവകാശ അപേക്ഷകളുടെ പെരുപ്പംമൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് അപേക്ഷകളില്‍ പതിവായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാവുകയാണു വേണ്ടതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് അഭിപ്രായപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക