വിവരാവകാശ കമ്മീഷന് നിയമനം: ഹരജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും
Published : 11th March 2016 | Posted By: SMR
കൊച്ചി: മുഖ്യ വിവരാവകാശ കമ്മീഷണറെയും അഞ്ച് കമ്മീഷന് അംഗങ്ങളെയും നിയമിക്കാനുള്ള ശുപാര്‍ശ സുപ്രിം കോടതി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഹരജി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വ്യക്തി പൊതു ജീവിതത്തില്‍ ഔന്നത്യമുള്ളയാളായിരിക്കണമെന്നാണ് സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശം.
എന്നാല്‍, ഇത് മറികടന്നാണ് വിന്‍സന്‍ എം പോളിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ കേസില്‍ സുപ്രിംകോടതിയും മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ ഹൈക്കോടതിയും ബാര്‍ കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയും വിന്‍സന്‍ എം പോളിനെ വിമര്‍ശിച്ചിട്ടുണ്ട്. കൂടാതെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ മന്ത്രി ഉള്‍പ്പെട്ട മൂന്നംഗ സെലക്ഷന് കമ്മിറ്റിയാണ് വിവരാവകാശ കമ്മീഷനായി ശുപാര്‍ശ ചെയ്തത്.
കമ്മീഷന് അംഗമാകുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയോട് ബന്ധപ്പെടാന്‍ പാടില്ലെന്ന് സുപ്രിംകോടതിയുടെ കര്‍ക്കശ മാര്‍ഗനിര്‍ദേശം മറികടന്നാണ് യുഡിഎഫിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ ഭാരവാഹികളായ അങ്കത്തില്‍ അജയകുമാര്‍, എ ബി കുര്യാക്കോസ്, പി ആര് ദേവദാസ്, റോയിസ് ചിറയില്‍, കെ പി അബ്ദുള്‍ മജീദ് എന്നിവരെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അഡ്വ. സി ആര് ശിവകുമാര്‍ മുഖേന നല്കിയ ഹരജിയില്‍ പറയുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.