|    Apr 22 Sun, 2018 12:29 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വിവരാവകാശ കമ്മീഷണറുടെ തീരുമാനം സമയോചിതം

Published : 23rd June 2016 | Posted By: SMR

യുപിഎ ഭരണകൂടത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് വിവരാവകാശ നിയമം. ഭരണകൂടം പൗരന്‍മാരെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് എങ്ങനെയെന്നറിയാനുള്ള അവകാശം അവര്‍ക്കുണ്ടെന്നതില്‍ സംശയമില്ല. പല വിദേശരാജ്യങ്ങളിലും അക്കാരണം കൊണ്ടാണ് വിവരാവകാശ നിയമങ്ങള്‍ നടപ്പായത്.
ഇന്ത്യയിലും നിയമം നടപ്പായ ശേഷം ഭരണം കൂറേക്കൂടി സുതാര്യമാവുകയും ഒട്ടേറെ അവകാശലംഘനങ്ങള്‍ തടയപ്പെടുകയും ചെയ്തുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നിയമം നടപ്പായ അന്നുതൊട്ട് അതു തുരങ്കംവയ്ക്കാനുള്ള കുല്‍സിത നീക്കങ്ങളും നടക്കുന്നു. ദേശീയ സുരക്ഷ എന്ന മാറാപ്പിനുള്ളിലാണ് സൈന്യങ്ങള്‍ക്കിടയില്‍ നടക്കുന്ന അഴിമതികളും ധൂര്‍ത്തും ഒളിച്ചിരിക്കുന്നത്. ചാര സംഘടനകളുടെ നിഗൂഢമായ പ്രവൃത്തികളും രാഷ്ട്രീയ ലക്ഷ്യംവച്ച് അവ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നീക്കങ്ങളും കാണാമറയത്തു തന്നെ. ഉന്നത നീതിപീഠങ്ങളില്‍ ഇരിക്കുന്നവരും പലതരം ന്യായങ്ങള്‍ പറഞ്ഞു വിവരാവകാശ നിയമത്തിനു നേരെ വാതില്‍ കൊട്ടിയടച്ചിട്ടുണ്ട്. എക്‌സിക്യൂട്ടിവ് ആവട്ടെ, കുതന്ത്രങ്ങളിലൂടെയും ചട്ടങ്ങളുടെ ദുര്‍വ്യാഖ്യാനത്തിലൂടെയുമാണ് വിവരാവകാശം തടയുന്നത്.
യുഡിഎഫ് ഗവണ്‍മെന്റ്, അധികാരം ഒഴിയുന്നതിനു തൊട്ടു മുമ്പ്, ധൃതിയിലെടുത്ത ചില മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ചു വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടസ്സപ്പെടുത്താന്‍ ഉന്നതോദ്യോഗസ്ഥന്‍മാര്‍ നടത്തിയ നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എന്‍ പോള്‍ വ്യക്തമാക്കിയത് ഈ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവിന്റെ പരാതിയില്‍ തീരുമാനമെടുക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ തീരുമാനങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കാനുള്ള സൗകര്യമൊരുക്കേണ്ടത് പൊതു ഭരണവകുപ്പിന്റെ ബാധ്യതയാണന്നും അവയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നു. മന്ത്രിസഭയുടെ അജണ്ട, മിനുട്ട്‌സ് എന്നിവ വിവരാവകാശ പരിധിക്കു പുറത്താണെന്ന വിതണ്ഡവാദമാണ് കമ്മീഷണര്‍ തള്ളിക്കളഞ്ഞത്.
മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിലുള്ള പ്രയാസം കൊണ്ടോ അല്ലെങ്കില്‍ തീരുമാനങ്ങള്‍ അങ്ങനെ ജനങ്ങള്‍ അറിയേണ്ട എന്നു തീരുമാനിച്ചതുകൊണ്ടോ എന്നറിയില്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയതോടെ മന്ത്രിസഭായോഗം കഴിഞ്ഞു നടക്കുന്ന പത്രസമ്മേളനം വേണ്ടെന്നു വച്ചിരിക്കുകയാണ്. വിവരങ്ങള്‍ അറിയാനുള്ള ഒരു മാര്‍ഗം അതോടെ ഇല്ലാതായി. പിന്നെ വിവരങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമം മാത്രമേ സഹായത്തിനുണ്ടായിരുന്നുള്ളൂ. അതാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നിയമം ലംഘിച്ചുകൊണ്ട് തടഞ്ഞിരുന്നത്. മുഖ്യവിവരാവകാശ കമ്മീഷണര്‍ ആ നിലപാടുകളാണ് തിരസ്‌കരിച്ചത്. അറിയാനുള്ള അവകാശത്തിനായുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് ആ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss