|    Oct 21 Sat, 2017 10:43 am
Home   >  Editpage  >  Editorial  >  

വിവരാവകാശത്തെ എന്തിന് പേടിക്കുന്നു?

Published : 16th July 2016 | Posted By: SMR

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഒരു വസ്തുത പറഞ്ഞുറപ്പിക്കുന്നു- ഇടതായാലും വലതായാലും പൊതുജനത്തെ ഭയപ്പെടുന്നു. ഭരണസംബന്ധമായ വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള വൈമുഖ്യം ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം സഹജമാണ്. ഇത് ആപല്‍ക്കരമായ ഒരു പ്രവണതയുടെ പ്രത്യക്ഷമായ തെളിവാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനത്തെ മൂന്നുമാസക്കാലത്തെ മന്ത്രിസഭായോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അപേക്ഷയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. അതൊന്നും ജനങ്ങളറിയേണ്ടതില്ലെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ വെട്ടിത്തുറന്നു പറയുന്നത്.
പക്ഷേ, ഈ തീരുമാനത്തില്‍ കൗതുകകരമായ ഒരു വസ്തുത അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ പല തീരുമാനങ്ങളെയും ചൊല്ലി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പോലും അവയെ വിമര്‍ശിച്ചു. ഈ തീരുമാനങ്ങളുടെ പേരില്‍ ഇടതുപക്ഷം ഒരുപാട് ഒച്ചപ്പാടുകളുണ്ടാക്കി. അതിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തില്‍ ഇടതുപക്ഷം നിലപാട് മാറ്റിയിരിക്കുന്നു. 10 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പാലിക്കാതിരിക്കുക മാത്രമല്ല, അതിനെതിരേ നിയമനടപടിക്കൊരുങ്ങുക കൂടിയാണ് സര്‍ക്കാര്‍. അണ്ടിയോടടുക്കുമ്പോള്‍ എല്ലാ മാമ്പഴങ്ങളും പുളിക്കുമെന്നുറപ്പ്.
യുഡിഎഫ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെയെന്നു വെളിപ്പെടുത്തിയാല്‍ പ്രത്യക്ഷത്തില്‍ ഇടതുസര്‍ക്കാരിന് യാതൊരു ദോഷവും വരാനില്ല. എന്നല്ല, എന്തെങ്കിലും ഗുണമുണ്ടാവാനാണുതാനും സാധ്യത. എന്നിട്ടും സര്‍ക്കാര്‍ അതിനു തയ്യാറാവാത്തത് അങ്ങനെയൊരു കീഴ്‌വഴക്കത്തിനു തയ്യാറായാല്‍ തങ്ങളുടെ തീരുമാനങ്ങളും വെളിപ്പെടുത്തേണ്ടിവരും എന്നതിനാലാണ്. തെളിച്ചുപറഞ്ഞാല്‍ ജനങ്ങളില്‍നിന്ന് തങ്ങള്‍ക്കും പലതും ഒളിച്ചുവയ്ക്കാനുണ്ടാവുമെന്ന് ഇടതുസര്‍ക്കാരും വിചാരിക്കുന്നു. അവരും ജനങ്ങളെ ഭയപ്പെടുന്നു. വിവരാവകാശം എന്നതുകൊണ്ട് എന്താണോ നിയമത്തിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചത് അതിനെ പിണറായി വിജയനും കൂട്ടരും ഇതുവഴി തകിടംമറിക്കുകയാണ്. ജനങ്ങളാണ് പരമപ്രധാനം എന്നൊക്കെ പറയുന്നതിന് എന്തര്‍ഥം എന്ന് ആലോചിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക