|    Dec 12 Wed, 2018 3:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം : 27 കോടിയുടെ മണ്ണെണ്ണ പാക്കേജ്

Published : 9th November 2017 | Posted By: fsq

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് മല്‍സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടിയാണ് ഇതിനുളള ചെലവ്. തുറമുഖനിര്‍മാണം നടക്കുന്നതിനാല്‍ മല്‍സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആര്‍ഡിഓയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്. കൂടാതെ വിഴിഞ്ഞം സൗത്ത്, നോര്‍ത്ത്, അടിമലത്തുറ എന്നീ മല്‍സ്യഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2353 ബോട്ടുകള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാല്‍ കൂടുതല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ടതായും വരും. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ കെ ദിനേശനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോ ര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി ലെഫ്റ്റനന്റ് കേണല്‍ (റിട്ട) പി കെ സതീഷ്‌കുമാറിനെ നിയമിക്കും. സാംസ്‌കാരിക ഡയറക്‌ടേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. കണ്ണൂര്‍ ചെറുപ്പുഴ സബ്ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ട്രഷറര്‍ എന്നീ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരം വാമനപുരത്തും ആരംഭിച്ച ഐടിഐകളില്‍ അനുവദിച്ച രണ്ട് ട്രേഡുകളില്‍ ഓരോ യൂനിറ്റ് കൂടി അനുവദിക്കും. കരമന-കളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികള്‍ക്ക് പള്ളിച്ചല്‍ വില്ലേജില്‍ 3 സെന്റ് വീതം ഭൂമി അനുവദിക്കാനും തീരുമാനിച്ചു. മൂക്കുന്നിമല സര്‍ക്കാര്‍ എയ്ഡഡ് റബര്‍ പ്ലാന്റേഷന്‍ സൊസൈറ്റി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയുടെ തീര്‍പ്പിനു വിധേയമായാണ് ഭൂമി നല്‍കുക. കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി.  അതേസമയം, കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസ്സുകള്‍ കുട്ടിയിടിച്ച് മരണപ്പെട്ട പാപ്പിനിശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി പി സുബൈദ(48), മുഫീദ്(18), ചെറുകുന്നിലെ സുജിത് പട്ടേരി(35), പയ്യന്നൂര്‍ പെരുമ്പയിലെ കരീം(44) എന്നിവരുടെ അവകാശികള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് 50,000 രൂപ വീതവും മറ്റുളള 11 പേര്‍ക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റ് 2012 ആഗസ്ത് നാലിനാണ് സത്‌നാം സിങ്ങ് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss