|    Feb 24 Fri, 2017 3:03 am

വിഴിഞ്ഞം; സിഎജി റിപോര്‍ട്ടിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപോര്‍ട്ടിന്‍മേല്‍ നിയമസഭയില്‍ തര്‍ക്കം. സിഎജിയുടേത് കരട് റിപോര്‍ട്ട് മാത്രമാണെന്നും അതിന്‍മേല്‍ സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് സ്പീക്കറും മുഖ്യമന്ത്രിയും തള്ളി. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്ന സിഎജിയുടെ കണ്ടെത്തലിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണവും നല്‍കി.
കരാറിനെക്കുറിച്ച് ഗൗരവമേറിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. കരാര്‍ ഒപ്പിട്ടത്തോടെ അത് നടപ്പാക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം കരാറിലെ കുറവുകള്‍ കുറവുകളായിത്തന്നെ കിടക്കും. വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിട്ടപ്പോള്‍ ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ നടപ്പാക്കുകയല്ലാതെ മറ്റു വഴിയില്ല. ആശങ്കകള്‍ ഇപ്പോഴും അതിനുള്ളില്‍ നിലനില്‍ക്കുകയാണ്. കേരളത്തിന്റെ മൊത്തം താല്‍പര്യം പരിഗണിക്കുമ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കണം.
സിഎജിയുടെ കരട് റിപോര്‍ട്ട് പുറത്താവുന്നത് ആദ്യ സംഭവമല്ല. അതിന് ഇരയായ ആളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇളവുകളോടെ ധനകാര്യബില്ലിന് അംഗീകാരം
തിരുവനന്തപുരം: ഇളവുകളോടെ 2016ലെ കേരള ധനകാര്യബില്ലിന് അംഗീകാരം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തിന്റെ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് മുദ്രവിലയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചതായി ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
അഞ്ചേക്കര്‍ വരെ പരമാവധി 1000 രൂപ നല്‍കിയാല്‍ മതി. എന്നാല്‍, അഞ്ചേക്കറിന് മുകളില്‍ ഒരുശതമാനം ഫീസ് നല്‍കേണ്ടിവരും. ഇത് പൂര്‍ണമായും പഴയ സ്ഥിതിയിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. സബ്ജക്റ്റ് കമ്മിറ്റിയില്‍ അംഗീകരിച്ച ഇളവുകള്‍ മാത്രമേ നല്‍കൂവെന്ന് ധനമന്ത്രി പറഞ്ഞു.
10 വര്‍ഷം പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഹരിത നികുതിയില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. കൈത്തറി വസ്തുക്കളില്‍നിന്നുള്ള അധിക നികുതി വരുമാനം കൈത്തറി നെയ്ത്തുകാര്‍ക്ക് സബ്‌സിഡിയായി നല്‍കും. കര്‍ണാടകത്തില്‍ ഉപയോഗിക്കുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് വീണ്ടും നികുതി ഈടാക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഏകകണ്ഠമായി ആവശ്യപ്പെടുകയാണെങ്കില്‍ സഭയുടെ അടുത്ത സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിയമവിരുദ്ധ ഭാഗ്യക്കുറി വില്‍പന നടത്തിയതിനെ തുടര്‍ന്ന് മഞ്ജു ലോട്ടറി ഏജന്‍സിയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പഴവങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ജു ലോട്ടറി ഏജന്‍സിക്കെതിരേ നിയമവിരുദ്ധ ഭാഗ്യക്കുറി വില്‍പന നടത്തിയതിന് ഫോര്‍ട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പി മുരളീധരന്റെ പേരിലുള്ള 3387 നമ്പര്‍ മഞ്ജു ലോട്ടറി ഏജന്‍സിയെ അന്വേഷണവിധേയമായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക