|    Sep 25 Tue, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം : റിപോര്‍ട്ട് ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Published : 25th May 2017 | Posted By: fsq

 

തിരുവനന്തപുരം/കൊച്ചി: വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള സിഎജി റിപോര്‍ട്ട് അതീവ ഗൗരവമുള്ള പ്രശ്‌നമാണെന്നും ഇക്കാര്യം ഗൗരവകരമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. ചിലയിടങ്ങളില്‍ ഭൂമിയേറ്റെടുക്കല്‍ ശേഷിക്കുന്നുണ്ട്. സമയബന്ധിതമായി തന്നെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കും. ഇതുമൂലം പ്രയാസമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് പരിഗണിക്കുക എന്നുതന്നെയാണു സര്‍ക്കാര്‍ നയം. തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാതയ്ക്ക് അനുകൂലമായ പ്രതികരണമാണ് ഇപ്പോഴുള്ളതെന്നും പദ്ധതി യാഥാര്‍ഥ്യമാവുമെന്നുതന്നെയാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വിഴിഞ്ഞം കരാറില്‍ അദാനിക്കു വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്നും കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചത് ഏകപക്ഷീയമായല്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം കരാര്‍ അദാനിക്ക് നേട്ടമുണ്ടാവുന്ന വിധത്തിലാണെന്ന സിഎജി റിപോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എസ്റ്റിമേറ്റ് പോലുമാവാത്ത കുളച്ചല്‍ പദ്ധതിയുമായി വിഴിഞ്ഞം തുറമുഖത്തെ താരതമ്യം ചെയ്ത സിഎജി നടപടി ശരിയല്ല. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎജിയുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. ഏറ്റവും വേഗം പരിശോധന നടത്തി യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തണം. വിഴിഞ്ഞം പദ്ധതിയെ കുറിച്ചു സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഎജി റിപോര്‍ട്ടിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതു സംബന്ധിച്ചും സിഎജി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ കരാറിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി പൂര്‍ത്തിയായാല്‍ കൊളംബോയോടും വിദേശരാജ്യങ്ങളിലെ മറ്റു തുറമുഖങ്ങളോടുമാണു വിഴിഞ്ഞം മല്‍സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇതു മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.  അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപംനല്‍കിയ വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ കമ്മിറ്റി ഇതുവരെയും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. വിഴിഞ്ഞം കരാറില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് യുഡിഎഫിനെന്നും അദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും തങ്കച്ചന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിയില്‍ സിഎജി റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തള്ളി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കരാറുമായി ബന്ധപ്പെട്ട് സിഎജി കണ്ടെത്തിയ കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ഹസന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss