|    Oct 23 Mon, 2017 2:43 am
Home   >  Todays Paper  >  page 7  >  

വിഴിഞ്ഞം: പുനപ്പരിശോധനാ ഹരജി തള്ളി

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി ദേശീയ ഹരിത കോടതി തള്ളി. പാരിസ്ഥിതിക അനുമതി പുനപ്പരിശോധിക്കില്ലെന്നു വ്യക്തമാക്കിയ ഹരിത കോടതി, പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഓരോ മൂന്ന് മാസം കൂടുമ്പോള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു. പ്രദേശവാസിയായ വില്‍ഫ്രഡ് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഹരിത കോടതിയുടെ ബെഞ്ച് തള്ളിയത്. ഹരജിക്കാരനു വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നു ഹരിത കോടതി വ്യക്തമാക്കി.
2011ലെ തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞത്തെ പ്രകൃതി രമണീയ പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരേ ഉന്നയിച്ച വാദങ്ങള്‍ പരിഗണിക്കാതെയാണ് പാരിസ്ഥിതിക അനുമതി ശരിവച്ച് നേരത്തേ ഹരിത കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് വില്‍ഫ്രഡിന്റെ പ്രധാന ആരോപണം. 2011ലെ തീരമേഖല വിജ്ഞാപന ഭേദഗതിയില്‍ നിന്ന് വിഴിഞ്ഞം ഉള്‍പ്പെടെയുള്ള അതീവ പ്രകൃതി രമണീയ പ്രദേശങ്ങളെ ഒഴിവാക്കിയത് പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് 2014ല്‍ ഹരിത കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള വിധിയില്‍ വിജ്ഞാപന ഭേദഗതി പരിശോധിക്കാന്‍ അധികാരമില്ലെന്നാണ് പരാമര്‍ശിക്കുന്നത്. ഇതോടെ ഹരിത കോടതിയുടെ അധികാര പരിധി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുകയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ രാജ് പഞ്ചുവാനി വാദിച്ചു.
വിജ്ഞാപന ഭേദഗതി ഹരജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ വിജ്ഞാപനം പരിശോധിക്കാന്‍ അധികാരമില്ലെന്ന വിധിയിലെ പരാമര്‍ശം നീക്കം ചെയ്യുന്നതായും കോടതി വ്യക്തമാക്കി. പാരിസ്ഥിതിക അനുമതി നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക