|    Sep 22 Sat, 2018 8:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം പാക്കേജ് നടപ്പാക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Published : 14th June 2017 | Posted By: fsq

 

തിരുവനന്തപുരം: പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമാവുമ്പോള്‍ നിലവിലുള്ള മല്‍സ്യബന്ധന തുറമുഖത്തിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാവില്ല എന്നുറപ്പുവരുത്തും. മല്‍സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ കുറേക്കൂടി ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പാക്കേജ് നടപ്പാക്കുന്നതുസംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ഫിഷറീസ് ഹാര്‍ബറിന് സ്വതന്ത്രമായ പ്രവേശന കവാടം വേണമെന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയെ അറിയിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. പുനരധിവാസത്തിനായുള്ള സ്ഥലമെടുപ്പു നടപടികള്‍ ലഘൂകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തും. പാക്കേജ് പരാതികളില്ലാതെ നടപ്പാക്കാ ന്‍ 17അംഗ വകുപ്പുതല പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂനിറ്റിനെ നിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ കടല്‍ത്തീരത്തിന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ ഒന്നും രണ്ടും നിരകളില്‍ താമസിക്കുന്നവര്‍ക്കു മുന്‍ഗണന നല്‍ കും. മൂവായിരത്തില്‍പരം വീടുകള്‍ ഈ ഗണത്തില്‍ കാണും. കടല്‍ക്ഷോഭബാധിതരുടെ പുനരധിവാസ കേന്ദ്രങ്ങളില്‍ സൗകര്യങ്ങളൊരുക്കണമെന്നും അടിയന്തരമായി താല്‍ക്കാലിക ശൗചാലയങ്ങള്‍ സ്ഥാപിക്കണമെന്നും അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന് മന്ത്രി നിര്‍ദേശം നല്‍കി.   പദ്ധതിപ്രദേശത്ത് പുനരധിവാസത്തോടൊപ്പം തൊഴില്‍ദാന പദ്ധതികള്‍ നടപ്പാക്കുന്നതിനായി  സാഫിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സര്‍വേ നടത്തിയിട്ടുണ്ട്. തൊഴില്‍ദാന പദ്ധതി പുനരധിവാസത്തിനൊപ്പം നടപ്പാക്കും. അപകടത്തില്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഡിസംബര്‍ ഒന്നുമുതല്‍ 10 ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനു തൊഴിലാളി യൂനിയനും ജനപ്രതിനിധികളും മല്‍സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ എംപി, വി എസ് ശിവകുമാര്‍ എംഎല്‍എ, എം വിന്‍സന്റ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss